ടെല്‍ അവീവ് : ഹമാസ് ഭീകരരെ ഉന്‍മൂലനം ചെയ്താലും ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ഗാസാ മുനമ്പിന്റെ നിയന്ത്രണവും സുരക്ഷാ ചുമതലയും ഇസ്രയേല്‍ ഏറ്റെടുക്കുമെന്നും അദേഹം വ്യക്തമാക്കി.
ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 240 പേരെയും വിട്ടയക്കാതെ ഇസ്രയേല്‍ പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല.ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേല്‍ ആക്രമണത്തിന്റെ അടുത്ത ഘട്ടം, എന്‍ക്ലേവിന് താഴെയുള്ള ഹമാസ് പോരാളികളുടെ വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കാനുള്ള ശ്രമങ്ങളാണ് ഗാസയിലെ ഇസ്രായേലിന്റെ കരസേന ലക്ഷ്യമിടുന്നത്.ഗാസയുടെ അടിയില്‍ നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഹമാസ് നിര്‍മ്മിച്ച തുരങ്ക ശൃംഖല തകര്‍ക്കാന്‍ ഇസ്രയേലിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്‌സ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ 1,400 പേരെ കൊല്ലുകയും 240 ഓളം ബന്ദികളെടുക്കുകയും ചെയ്തതിനുശേഷം, ഇസ്രായേല്‍ ഗാസയെ ആകാശത്ത് നിന്ന് ആക്രമിക്കുകയും കരസേനയെ ഉപയോഗിച്ച് തീരപ്രദേശത്തെ രണ്ടായി വിഭജിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റാഫ, ദെയ്ര് അല്‍ ബലാ പ്രദേശങ്ങളിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യാപക ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍ മേഖലയിലും ഭവന സമുച്ചയങ്ങള്‍ ബോംബിട്ടു തകര്‍ത്തു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തെതുടര്‍ന്ന് ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 10,328 പലസ്തീന്‍കാരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഗാസ സിറ്റിയെ ഇസ്രയേല്‍ സൈന്യം വളഞ്ഞെന്നും വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു.
ഗാസയിലെ ജനങ്ങള്‍ക്കു സഹായം ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കും ഇറാഖും സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഡാനിയല്‍ ഹഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുള്ളില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ‘സിവിലിയന്മാരെ കൊന്നൊടുക്കുകയല്ലാതെ ഏതെങ്കിലും സൈനിക നേട്ടം ഈ നിമിഷം വരെ കരയില്‍ രേഖപ്പെടുത്താന്‍ (ഇസ്രായേലിനെ) തങ്ങള്‍ വെല്ലുവിളിക്കുന്നതായി ‘ ഹമാസിന്റെ നേതൃനിരയിലുള്ള ഗാസി ഹമദ് അല്‍ ജസീറ ടെലിവിഷനോട് പറഞ്ഞു.ഗാസ തകര്‍ക്കാനാവാത്തതാണ്, അമേരിക്കക്കാരുടെയും സയണിസ്റ്റുകളുടെയും തൊണ്ടയില്‍ മുള്ളായി തുടരും,” ഹമദ് പറഞ്ഞു.