/sathyam/media/media_files/c11aoIcylrhMMEZM4gND.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്നതിനായി ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ അര വയറില്‍ കഴിയുന്ന മാതാപിതാക്കള്‍, അതിനായി ഭക്ഷണമേ വേണ്ടെന്നു വെയ്ക്കുന്നവര്‍, നല്ല വസ്ത്രവും ചികില്‍സയും എന്തിന് വീട്ടിലേക്കാവശ്യമായ മറ്റ് സാധനങ്ങള്‍ വാങ്ങിക്കാനാവാതെ കഷ്ടപ്പെടുന്ന ആയിരങ്ങള്‍ ഇവരൊക്കെയാണ് നമുക്ക് ചുറ്റും.
വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയുമൊക്കെ പേരില്‍ ഊറ്റം കൊള്ളുന്നതിന്റെ മറുവശത്ത് ഇങ്ങനെയും ചില ചിത്രങ്ങളുണ്ട് അയര്‍ലണ്ടില്‍.ഒരു ഭാഗത്തെ പണപ്പൊളപ്പിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് അയര്‍ലണ്ടിന്റെ ഈ ദൈന്യതാ ചിത്രങ്ങള്‍.
അരവയറില്‍ കഴിയുന്നത് 41% മാതാപിതാക്കള്‍
തുര്‍ക്കി വഴിയും,അനധികൃതമായും രാജ്യത്തെത്തുന്ന അനധികൃത അഭയാര്‍ത്ഥികളെ പോറ്റാന്‍ പാടുപെടുന്ന ഫിനഗേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നാട്ടില്‍ ജീവിക്കുന്ന രാജ്യത്തെ 41% മാതാപിതാക്കളും കുട്ടികള്‍ക്ക് വേണ്ടി അരവയര്‍ ഭക്ഷണത്തില്‍ ജീവിക്കുന്നവരാണെന്ന് കോയിന്‍ റിസേര്‍ച്ച് സര്‍വ്വേ പറയുന്നു.ഈ കുടുംബങ്ങളിലെ അരക്ഷിതമായ ജീവിതമാണ് സര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെയുള്ള മാതാപിതാക്കളുടെ എണ്ണത്തില്‍ ഒറ്റവര്‍ഷത്തിനുള്ളില്‍ 12% വര്‍ധനവുണ്ടായി.രാജ്യത്തെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഭക്ഷ്യസുരക്ഷ അവതാളത്തിലാണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.
ഭക്ഷണം വെട്ടിക്കുറച്ചും വേണ്ടെന്നു വെച്ചും കടം വാങ്ങിയും ഫുഡ് ബാങ്കുകളെ ആശ്രയിച്ചുമൊക്കെയാണ് ഇവര്‍ കുട്ടികളെ പരിപാലിക്കുന്നത്. അതിനായി വീടിന്റെയും ചികില്‍സയും വസ്ത്രവും അടക്കമുള്ള സ്വന്തം ആവശ്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യുന്നു. വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതും നീട്ടിവെക്കുന്നു. ഇങ്ങനെയുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം ആകുലതയാകുമ്പോള്‍
വര്‍ധിച്ച ജീവിതച്ചെലവുകള്‍ കണ്ടെത്താനുള്ള സമ്മര്‍ദ്ദത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല കുടുംബത്തിനാകെയും മികച്ച ഭക്ഷണം നല്‍കാനാകുമോയെന്ന് ആശങ്കപ്പെടുന്നവരാണ് 45% മാതാപിതാക്കളുമെന്ന് ആനുവല്‍ ബര്‍ണാര്‍ഡോസ്, എ എല്‍ ഡി ഐ അയര്‍ലണ്ട് ഫുഡ് ഇന്‍സെക്യൂരിറ്റി റിസേര്‍ച്ച് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം കുടംബങ്ങള്‍42% ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇവര്‍ 45%മായി.
രാജ്യത്തെ 50% മാതാപിതാക്കളും കടുത്ത സമ്മര്‍ദത്തിലാണെന്ന് സര്‍വ്വേ പറയുന്നു. നാലിലൊന്ന് (26%)പേര്‍ക്ക് ഇക്കാര്യത്തില്‍ വലിയ കുറ്റബോധവുമുണ്ട്. എന്നിട്ടും സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ സഹായം തേടാന്‍ 17% ആളുകള്‍ക്കും ഭയമാണെന്നും സര്‍വ്വേ പറയുന്നു. കുടുംബങ്ങളില്‍ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പ് വരുത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ബര്‍ണാര്‍ഡോസ് പറഞ്ഞു.
കടം വാങ്ങുന്നവരേറെ
രാജ്യത്തെ 24% ആളുകളും കുഞ്ഞുങ്ങളെ പോറ്റാന്‍ പണം കടം വാങ്ങുന്നവരാണെന്ന് സര്‍വ്വേ പറയുന്നു. 2022 ജനുവരിയില്‍ 11%ആയിരുന്നു ഇങ്ങനെയുള്ള മാതാപിതാക്കളെങ്കില്‍ ഒക്ടോബറായപ്പോഴേയ്ക്കും അത് 16% ആയി ഉയര്‍ന്നു. ഭക്ഷണം നല്‍കാന്‍ പണമില്ലാതെ 21% കുടുംബങ്ങള്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചു.
സമയത്ത് കിട്ടാത്ത സഹായം
കുടുംബങ്ങള്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സഹായം തേടാറുണ്ട്.എന്നാല്‍ അത് യഥാസമയം കിട്ടാറില്ല. പേയ്‌മെന്റുകളുടെ പ്രോസസ്സിംഗിന് വളരെയധികം സമയമെടുക്കുന്നുവെന്നും ഇവര്‍ പറയുന്നു.
ധനമന്ത്രി പറയുന്നത്
അയര്‍ലണ്ടില്‍ ഒരു കുടുംബവും ഇത്തരത്തില്‍ കഷ്ടപ്പെടേണ്ട സ്ഥിതിയുണ്ടാകില്ലെന്നും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും ഫിനാന്‍സ് മന്ത്രി മീഹോള്‍ മക് ഗ്രാത്ത് പറയുന്നു. ഈ ഘട്ടത്തിലും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍മാരില്‍ നിന്ന് സഹായം തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. ഇത് അതിശയിപ്പിക്കുന്നു. കുട്ടികളുടെയും കുടുംബത്തിന്റെയും പ്രതിവാര ആവശ്യങ്ങള്‍ക്കു കൂടുതല്‍ സഹായം വേണമെങ്കില്‍ അതും നല്‍കാം- മന്ത്രി പറഞ്ഞു.
സര്‍വ്വേ നടത്തിയവരുടെ മനസ്സ്
ഈ കണ്ടെത്തലുകള്‍ ഹൃദയഭേദകമാണെന്ന് ബര്‍ണാര്‍ഡോസ് സി ഇ ഒ സൂസന്‍ കോണോലി പറഞ്ഞു.”പണമുണ്ടെന്നു പറയുമ്പോഴും എല്ലാ ദിവസവും മാന്യവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിന് സാധിക്കാത്ത സ്ഥിതിയുണ്ട്. മാതാപിതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളും അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആരെയും തകര്‍ക്കുന്നതാണ്. പ്രശ്നം പരിഹരിക്കുന്നതിന് ഹോട്ട് സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം സെക്കന്ററി സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്കായി ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കണം”.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us