Advertisment

ഡബ്ലിനില്‍ നടക്കുന്നത് ഭീകരമായ അഭയാര്‍ത്ഥി അധിനിവേശം : നിശബ്ദമായി സര്‍ക്കാര്‍

New Update
555555555

ഡബ്ലിന്‍ :ഡബ്ലിനില്‍ ഇതേ വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്.ഫിനഗേല്‍ -ഫിനാഫാള്‍ -ഗ്രീന്‍ പാര്‍ട്ടി സര്‍ക്കാര്‍ നിശബ്ദമായി അനുവദിച്ചുകൊടുത്ത അനധികൃത കുടിയേറ്റത്തിലൂടെ അയര്‍ലണ്ടില്‍ എത്തിയത് ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ്. തലസ്ഥാന നഗരിയില്‍ തന്നെ വന്നു ക്യാമ്പടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കും പോകാതെ ഡബ്ലിന്‍ നഗരത്തെ ലക്ഷ്യമാക്കിയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും എത്തുന്നത്.

Advertisment

നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേയ്‌ക്കെല്ലാം ഇക്കൂട്ടര്‍ കൈയ്യേറ്റം നടത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ തലസ്ഥാനം കാണുന്നത്.പ്രധാനപ്പെട്ട പാര്‍ക്കുകളിലും,ക്രൈസ്തവ ദേവാലയങ്ങളുടെ പരിസരങ്ങളിലുമെല്ലാം അഭയാര്‍ത്ഥികള്‍ യാതൊരു അനുമതിയുമില്ലാതെ കൈയ്യേറുന്ന കാഴ്ച ആരെയും ഞെട്ടിക്കുന്നതാണ്.

ടെന്റുകളും മറ്റും നീക്കി മൗണ്ട് സ്ട്രീറ്റ് വെടിപ്പാക്കിയ സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നതിനിടെ അഭയവും ആലംബവുമില്ലാതെ അലയുന്ന പുരുഷ അഭയാര്‍ത്ഥികളുടെ ദുരിതവും വാര്‍ത്തയായി.

1676 പുരുഷ അഭയാര്‍ത്ഥികളാണ് തലചായ്ക്കാനിടമില്ലാതെ തലസ്ഥാന നഗരത്തില്‍ കഴിയുന്നതെന്ന് ഇന്റഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കുന്നു.ഇവര്‍ക്കൊന്നും ടെന്റിനുള്ള സൗകര്യം പോലുമൊരുക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസ് (ഐപിഎഎസ്) ഓഫീസിലേയ്ക്ക് അഭയാര്‍ത്ഥികളുടെ വരവ് തുടരുകയാണ്. അവരെയെല്ലാം ഹോംലെസ് സര്‍വീസുകളുടെ ഫോണ്‍ നമ്പരും മറ്റും നല്‍കി തിരിച്ചയക്കുകയാണ്. ഇവര്‍ക്ക് ടെന്റും ബെഡും ഭക്ഷണവുമൊക്കെയാണ് അവിടെ കിട്ടുക. താമസിക്കാനോ ടെന്റ് കെട്ടാനോ സൗകര്യം ലഭിക്കില്ല. എമര്‍ജെന്‍സി ബെഡ് സൗകര്യം പോലുമില്ലാതെ അഭയം തേടിയെത്തിയവര്‍ വലയുന്ന കാഴ്ചയും തലസ്ഥാന നഗരം നല്‍കുന്നുണ്ട്.

മൗണ്ട് സ്ട്രീറ്റ് ഒഴിപ്പിച്ചപ്പോള്‍ ഡബ്ലിന്റെ മറ്റ് ഭാഗങ്ങളില്‍ അഭയാര്‍ത്ഥികള്‍ ടെന്റ് കെട്ടിയിരുന്നു. ഡബ്ലിനിലെ ബോള്‍സ്ബ്രിഡ്ജ് ചര്‍ച്ച് പാര്‍ക്ക്,സെന്റ് മേരീസ് റോഡിലെ സെന്റ് മേരീസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ അനുമതിയോടെയും അല്ലാതെയും ടെന്റില്‍ കഴിഞ്ഞവരുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

അതിനിടെ മൗണ്ട് സ്ട്രീറ്റിലെ ടെന്റുകള്‍ പൊളിച്ചുനീക്കിയപ്പോള്‍ ‘കിടപ്പാടം’ നഷ്ടമായ 284 പേര്‍ക്ക് താമസസൗകര്യം ഒരുക്കിയതായി ഇന്റഗ്രേഷന്‍ വകുപ്പ് അറിയിച്ചു.പിന്നീടെത്തിയ 127 പേരില്‍ 121പേര്‍ക്കും താമസ സൗകര്യം ലഭിച്ചില്ല.അഭയാര്‍ത്ഥികള്‍ക്കുള്ള പ്രതിദിന അലവന്‍സ് 38.80 യൂറോയില്‍ നിന്ന് 113.80 യൂറോയാക്കി വര്‍ദ്ധിപ്പിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടാരങ്ങള്‍ പ്രശ്ന പരിഹാരമല്ലെന്ന് പ്രധാനമന്ത്രി

സെന്റ് മേരീസിലെ കൂടാരങ്ങള്‍ താല്‍ക്കാലിക സംഗതിയാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഡബ്ലിനിലെ കൂടാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.

ഡബ്ലിനില്‍ താമസസൗകര്യം നല്‍കുന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്.എല്ലാവര്‍ക്ക് അത് നല്‍കാന്‍ കഴിയുന്നില്ല.കുടിയേറ്റവും അഭയാര്‍ത്ഥികളുടെ താമസവും രണ്ടും രണ്ടാണ്.പബ്ലിക് റോഡുകളിലും നടപ്പാതകളിലുമുയരുന്ന താല്‍ക്കാലിക ക്യാമ്പുകള്‍ നിയമവിരുദ്ധമല്ലെങ്കില്‍പ്പോലും ഒരിക്കലും പ്രശ്നപരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ വിമര്‍ശനം

അതിനിടെ ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് സര്‍ക്കാരിന്റെ അലംഭാവത്തെ വിമര്‍ശിച്ചു. അഭയം തേടിയവര്‍ക്ക് താമസസൗകര്യമില്ലാതെ വരുന്നത് ഭയാനകമാണെന്നും സര്‍ക്കാരിന്റെ പരാജയമാണെന്നും ബാസിക് പറഞ്ഞു.

അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാരിന് യാതോരു വിധ പദ്ധതികളുമില്ലെന്ന് മൂവ്‌മെന്റ് ഓഫ് അസൈലം സീക്കേഴ്‌സ് ഇന്‍ അയര്‍ലണ്ടിന്റെ (എം എസ് എ ഐ) സഹസ്ഥാപകനായ ലക്കി ഖാംബുലെ പറഞ്ഞു.

ഇവിടെ അഭയം തേടിയെത്തിയവര്‍ കൂടാരങ്ങളിലും പാലത്തിനടിയിലുമൊക്കെയാണ് കഴിയുന്നത്.മൗണ്ട് സ്ട്രീറ്റില്‍ നിന്ന് ടെന്റുകള്‍ നീക്കിയവര്‍ അവിടെയെത്തുന്നവര്‍ക്ക് തങ്ങാനിടം നല്‍കേണ്ടതല്ലേയെന്നും ഇദ്ദേഹം ചോദിച്ചു.ഒഴിഞ്ഞു കിടക്കുന്ന നിരവധി കെട്ടിടങ്ങള്‍ ഡബ്ലിന്‍ നഗരത്തിലുണ്ട്. അവിടെ താമസം ശരിയാക്കാം. എന്നാല്‍ സര്‍ക്കാരിന് അങ്ങനെയുള്ള പദ്ധതികളൊന്നുമില്ല.

താമസ സൗകര്യം ലഭിക്കാത്ത നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ഉണ്ടെന്ന് മെന്‍ഡിസിറ്റി ഹോംലെസ് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ സാന്റോറോ പറഞ്ഞു.

illegal immigrants
Advertisment