ജലലഭ്യത കുറയുന്നതായുള്ള ആശങ്കയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ നാല് കൗണ്ടികളില്‍ കൂടി വാട്ടർ കോൺസെർവഷൻ ഓർഡർ നല്‍കി ജലസേചന വകുപ്പ്. പൊതുവില്‍ ‘ഹോസ് പൈപ്പ് നിരോധനം’ എന്നറിയപ്പെടുന്ന ഈ നടപടി സെപ്റ്റംബര്‍ 16 വരെ ഏഴര ആഴ്ച നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോര്‍ക്ക് സിറ്റി ഇതില്‍ പെടില്ല.
മുള്ളിങ്കർ (കോ വെസ്റ്റ്മെത്), മിൽഫോഡ് (കോ ഡോനെങ്ങൾ), കേൾസ് - ഓൾഡ്കാസ്‌ലെ (കോ മീത്) എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഈ ഓര്‍ഡര്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ ഓഗസ്റ്റ് 4 വരെയാണ് നിരോധനം.
വീട്ടിലെയോ, ഓഫീസുകളിലോ തോട്ടങ്ങള്‍ നനയ്ക്കുക മുതലായ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് വിലക്കുന്നതിനെയാണ് ഹോസ് പൈപ്പ് ബാന്‍ എന്ന് പറയുന്നത്. വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറച്ചുകൊണ്ട് ജലലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മേല്‍ പറഞ്ഞ കൗണ്ടികളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും, അത് പരിഹരിക്കാന്‍ ഏവരും സഹകരിക്കണമെന്നും ജലവകുപ്പ് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ 12 മാസങ്ങള്‍ പതിവിലുമധികം വരണ്ടതായിരുന്നു എന്നും, ഇടക്കാലത്തുണ്ടായ മഴ ആശ്വാസകരമാണെങ്കിലും അത് ജലസേചനത്തിനായി എത്തിക്കാന്‍ സമയമെടുക്കുമെന്നും ജലവകുപ്പ് പറഞ്ഞു. നിലവില്‍ 50 ജലസേചന കേന്ദ്രങ്ങള്‍ ‘വരള്‍ച്ച’ എന്ന സ്റ്റാറ്റസിലാണെന്നും അവര്‍ വ്യക്തമാക്കി. ദിവസേന ഒരു മണിക്കൂര്‍ ഹോസ് ഉപയോഗിച്ച് തോട്ടം നനയ്ക്കുമ്പോള്‍, ഒരു കുടുംബത്തിന് ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജലമാണ് നഷ്ടപ്പെടുന്നത്.
വാഹനങ്ങള്‍ കഴുകുക, ചെടി നനയ്ക്കുക, കുളിയുടെ സമയം കുറയ്ക്കുക, ബ്രഷ് ചെയ്യുമ്പോള്‍ പൈപ്പ് തുറന്നിടാതിരിക്കുക, വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഴുനായി ലോഡ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക എന്നീ നിര്‍ദ്ദേശങ്ങളും ജലവകുപ്പ് നല്‍കുന്നുണ്ട്.