ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ 7.6% വര്‍ദ്ധനവുണ്ടായി

New Update
H

ഡബ്ലിന്‍: ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിന്റെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില 7.3%മായി വര്‍ദ്ധിച്ചെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍.കഴിഞ്ഞ സെപ്തംബറിലെ 7.5% വര്‍ധനവിനേക്കാള്‍ നേരിയ കുറവുണ്ടായി.

Advertisment

കഴിഞ്ഞ വര്‍ഷം ഒക്ടോബറുമായി ഒത്തു നോക്കുമ്പോള്‍ ഡബ്ലിനിലെ ഭവനങ്ങളുടെ വില 5.4% കൂടി. ഡബ്ലിന് പുറത്തെ ഭവന വിലകളില്‍ 8.9% വര്‍ദ്ധനവുമുണ്ടായി.ഒക്ടോബറില്‍ ഒരു വീടിന്റെ ശരാശരി വില 3,81,000 യൂറോയായെന്ന് സി എസ് ഒ റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസ ഭവന വിലയില്‍ 0.6% വര്‍ദ്ധനവാണുണ്ടായത്.

സെപ്തംബറിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.6%ല്‍ നിന്ന് 7.5%മായും സെപ്റ്റംബറിലെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.9% ല്‍ നിന്ന് 0.8%മായും പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനുള്ളില്‍ ഡബ്ലിനിലെ ഭവന വിലകള്‍ 5.2%വും അപ്പാര്‍ട്ട്മെന്റുകളുടെ വില 6.1%വും വര്‍ദ്ധിച്ചതായി സി എസ് ഒ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഡബ്ലിന്‍ സിറ്റിയിലാണ് ഡബ്ലിനിലെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവുണ്ടായത് (6.1%).തൊട്ടുപിന്നില്‍ ഫിംഗലിലാണ് (4.3%).ഡബ്ലിന് പുറത്ത്, വീടുകളുടെ വിലയില്‍ 8.8%, അപ്പാര്‍ട്ട്മെന്റ് വില 10.5% എന്നിങ്ങനെ വര്‍ദ്ധിച്ചു.ഡബ്ലിന് പുറത്ത് മിഡ്‌ലാന്‍ഡ്‌സിലാ(ലാസ്, ലോങ്‌ഫോര്‍ഡ്, ഓഫലി, വെസ്റ്റ്മീത്ത്)ണ് ഭവന വില ഏറ്റവും ഉയര്‍ന്നത്. (15.1%). പടിഞ്ഞാറന്‍ (ഗോള്‍വേ, മേയോ, റോസ്‌കോമണ്‍) ഭാഗത്ത് 6% വര്‍ദ്ധനവുമുണ്ടായി.

ഡണ്‍ ലേരി-റാത്ത്ഡൗണില്‍ വീടുകളുടെ ഏറ്റവും ഉയര്‍ന്ന ശരാശരി വില 6,75,000 യൂറോയാണ്. ഏറ്റവും കുറഞ്ഞ വില ഡോണഗേലിലാണ്, 1,90,000 യൂറോ.ഡബ്ലിനിലെ ഫിംഗല്‍ ഓള്‍ഡ്ടൗണ്‍ (എ45) ആണ് ഏറ്റവും ചെലവേറിയ എര്‍കോഡ് ഏരിയയെന്ന് സി എസ് ഒ പറയുന്നു.ഇവിടെ ഭവനവില 8,75,000 യൂറോയാണ്. അതേസമയം, എഫ് 45 (റോസ്‌കോമണിലെ കാസില്‍റിയ)ലാണ് ഏറ്റവും കുറഞ്ഞ വില- 1,50,000 യൂറോ രേഖപ്പെടുത്തിയത്.

4,830 ഹോം പര്‍ച്ചേയ്സുകള്‍ ഒക്ടോബറില്‍ റവന്യൂ കമ്മീഷണര്‍മാര്‍ക്ക് ഫയല്‍ ചെയ്തതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയം 4,881 പര്‍ച്ചേയ്സുകളായിരുന്നു ഫയല്‍ ചെയ്തത്. ഒരു ശതമാനം കുറവാണുണ്ടായത്.2025 ഒക്ടോബറില്‍ ഫയല്‍ ചെയ്ത ഇടപാടുകളുടെ ആകെ മൂല്യം 2.1 ബില്യണ്‍ യൂറോയായിരുന്നു. ഇതില്‍ 1.6 ബില്യണ്‍ യൂറോ മൂല്യമുള്ള നിലവിലെ 3,745 വീടുകളും 520.1 മില്യണ്‍ യൂറോ മൂല്യമുള്ള 1,085 പുതിയ വീടുകളുമാണെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.

Advertisment