വീടുകളുടെ വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു ; കഴിഞ്ഞ വര്‍ഷം ഭവന വില 4.4% കൂടി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
77777777777

ഡബ്ലിന്‍ : വീടുകള്‍ വാങ്ങാനാഗ്രഹിക്കുന്നവരെ നിരാശയിലാക്കി അയര്‍ലണ്ടില്‍ വീടുകളുടെ വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഭവനവിലയില്‍ 4.4% വര്‍ധനവാണുണ്ടായത്. ഡബ്ലിനിലായിരുന്നു നേരത്തേ വീടുകള്‍ക്ക് പൊള്ളുന്ന വില ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രാന്ത പ്രദേശത്തിലേയ്ക്കും വിലവര്‍ധനവിന്റെ തീയലകള്‍ എത്തിയെന്നതാണ് ഫസ്റ്റ് ടൈം വാങ്ങലുകാരെയടക്കം ബുദ്ധിമുട്ടിലാക്കുന്നത്.

Advertisment

ഡബ്ലിനില്‍ ഭവനവില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 2.7 ശതമാനം ഉയര്‍ന്നപ്പോള്‍ തലസ്ഥാനത്തിന് പുറത്ത് അത് 5.7 ശതമാനമാണ് കൂടിയത്. ഡബ്ലിനിന് പുറത്തുള്ള പ്രദേശങ്ങളില്‍, വീടുകളുടെ വില ഇനിയും ഉയരുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നത്.രാജ്യത്തെ ഭവന വില നാലുമാസം തുടര്‍ച്ചയായി ഉയരുകയാണെന്ന് ഡിസംബറിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡെക്‌സ് കാണിക്കുന്നു.

മോര്‍ട്ട്ഗേജുകളുടെ ഉയര്‍ന്ന പലിശ നിരക്കുകളും വര്‍ധിച്ച ജീവിതച്ചെലവ് സമ്മര്‍ദ്ദങ്ങളുമൊക്കെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പ്രോപ്പര്‍ട്ടി വില ഉയരുന്നത്. ഭവനവിലയില്‍ പ്രതിമാസം 1.5 ശതമാനം വര്‍ധനവാണുണ്ടായത്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വര്‍ധനവാണിത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി 10 തവണ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇത് വില വര്‍ധനവിന്റെ തോത് കുറക്കാനിടയാക്കുമെന്ന് കരുതിയിരുന്നെങ്കിലും കാര്യമായി ഗുണം ചെയ്തില്ല. അതേ സമയം പലിശ ഉയര്‍ന്നത് മോര്‍ട്ട് ഗേജിനെ കൂടുതല്‍ ചെലവേറിയതുമാക്കി. എന്നിട്ടും വില കുതിക്കുന്നത് തുടരുന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്.

അയര്‍ലണ്ടിന്റെ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് ലോട്ടസ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിലെ ഇയാന്‍ ലോലര്‍ പറഞ്ഞു. ഭവന വില തുടര്‍ച്ചയായി ഉയരുന്നത് നിരാശയും ആശങ്കയും ഉണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ ഓഫ് ഐറിഷ് മോര്‍ട്ട്ഗേജ് അഡൈ്വസേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ട്രെവര്‍ ഗ്രാന്റ് പറഞ്ഞു. വീടുകളുടെ ദൗര്‍ലഭ്യവും ആവശ്യക്കാരേറുന്നതും ഈ വര്‍ഷവും വീടുകളുടെ വില വര്‍ധിപ്പിക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

housing-price-ireland
Advertisment