/sathyam/media/media_files/2026/01/11/f-2026-01-11-04-57-11.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന വിപണിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ മന്ദഗതിയിലായിട്ടും വീടുകളുടെ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. മൈഹോം വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് വീടുകള്‍ ശരാശരി ചോദിക്കുന്ന വിലയേക്കാള്‍ (ആസ്‌കിംഗ് പ്രൈസ് ) 7.4 ശതമാനം അധികം തുകയ്ക്കാണ് വിറ്റഴിയുന്നത്. വിപണിയില്‍ വീടുകളുടെ ദൗര്‍ലഭ്യം തുടരുന്നതാണ് ഈ അമിത വില വര്‍ധനവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
ഇത് യഥാര്‍ത്ഥ വില്‍പ്പനകളിലും വ്യക്തമായി കാണാം. ഉദാഹരണത്തിന് ഡബ്ലിന്‍ 15-ല്‍ 4,20,000 യൂറോ ആസ്‌കിംഗ് വിലയിട്ട ഒരു മൂന്ന് ബെഡ്‌റൂം സെമി-ഡി വീട് 18 പേര്‍ കണ്ടതിനു ശേഷം നടന്ന ബിഡ്ഡിംഗില്‍ ഒടുവില്‍ 4,55,000 യൂറോയ്ക്ക് വിറ്റുപോയി. ഡബ്ലിന്‍ സിറ്റിയിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റ് 3,10,000 യൂറോയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചത് നിക്ഷേപകരും ആദ്യമായി വീട് വാങ്ങുന്നവരും മത്സരിച്ച് ബിഡ് ചെയ്തതോടെ 3,35,000 യൂറോവരെ ഉയര്‍ന്നു. പുതിയ നിര്‍മാണ പദ്ധതികളിലും 10-15 ശതമാനം വരെ ആസ്‌കിംഗ് വിലയ്ക്ക് മുകളില്‍ ബിഡുകള്‍ ഉയരുന്നതാണ് സ്ഥിതി.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ദേശീയ തലത്തില്‍ ആസ്‌കിംഗ് വില വര്‍ധനവ് 5.4 ശതമാനമായിരുന്നുവെങ്കിലും, വിപണിയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2025 മധ്യത്തില്‍ രേഖപ്പെടുത്തിയ 8.6 ശതമാനത്തേക്കാള്‍ താഴെയാണിപ്പോഴത്തെ വീടുകളുടെ നിരക്ക്. എന്നിരുന്നാലും, വീടുകളുടെ ആവശ്യകത ഇപ്പോഴും ശക്തമായി തുടരുന്നതായി ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് കോണല്‍ മാക് കോയില്‍ വ്യക്തമാക്കി.
ഡബ്ലിനില്‍ ഒരു വീടിന്റെ ശരാശരി ചോദിക്കുന്ന വില 4,75,000 യൂറോയാണെന്നും ദേശീയതലത്തില്‍ ഇത് 3,80,000 യൂറോയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ ശരാശരി മോര്‍ട്ട്‌ഗേജ് അംഗീകാരം ലഭിക്കുന്ന തുക 3,36,800 യൂറോയായിരുന്നു. ബാങ്കുകള്‍ കൂടുതല്‍ വായ്പ അനുവദിക്കുന്നതും ആളുകള്‍ക്ക് ഉയര്‍ന്ന തുകകള്‍ ബിഡ് ചെയ്യാന്‍ കഴിവ് നല്‍കുന്നതും വിലക്കയറ്റത്തിന് സഹായകമാകുന്നുണ്ട്.
വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഡിസംബറില്‍ 12,200 പ്രോപ്പര്‍ട്ടികള്‍ മാത്രമാണ് ലിസ്റ്റ് ചെയ്തിരുന്നത്. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ട 41,000 വീടുകളില്‍ 34,000 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. മൈഗ്രന്റ് തൊഴിലാളികളുടെ വരവ് ഭവന ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും, വീടുകള്‍ ആവശ്യത്തിന് നിര്‍മ്മിക്കപ്പെടാത്തതും വാടക വിപണിയിലെ കടുത്ത പ്രതിസന്ധിയും ചേര്‍ന്നാണ് ഡബ്ലിനില്‍ വീടുകളുടെ വില ഇനിയും ഉയര്‍ന്ന നിലയില്‍ തുടരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us