ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ രോഗികളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ എച്ച് എസ് ഇ നീക്കം; രോഗികളുടെ അമിത തിരക്കിന് പരിഹാരമാകുമോ?

New Update
F

ലിമറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ (യു എച്ച് എൽ) രോഗികളുടെ അമിത തിരക്ക് പരിഹരിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടി ആരോഗ്യവകുപ്പ്. യു എച്ച്ല്‍എല്ലിൽ എത്തുന്ന രോഗികളില്‍ ചിലരെ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബോൺ സെക്കോഴ്സ് ലൈമേരിക്ക് (ബി എസ് എൽ) ആശുപത്രിയിലേയ്ക്ക് ചികിത്സയ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് കരാറിലെത്താനാണ് എച്ച് എസ് ഇ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് ഇരു ആശുപത്രികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Advertisment

രാജ്യത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയാണ് യു എച്ച് എൽ. ഇവിടെ നടന്ന പല മരണങ്ങളും രോഗികളുടെ തിരക്ക് അമിതമായത് കാരണമാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 105 മില്യണ്‍ യൂറോ മുടക്കി പുതുതായി 96 ബെഡ്ഡുകള്‍ ഇവിടെ ഏര്‍പ്പാടാക്കിയെങ്കിലും അമിതമായ തിരക്ക് രോഗികളുടെയും, ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇപ്പോഴും ഭീഷണിയുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് 213 മില്യണ്‍ യൂറോ മുതല്‍മുടക്കില്‍ ട്രീറ്റി സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള ബല്ല്യസിമോണില്‍ ആഡംബരപൂര്‍ണ്ണമായ രീതിയില്‍ ബോൺ സെക്കോഴ്സ് ലൈമേരിക്ക് (ബി എസ് എൽ) പ്രവര്‍ത്തനമാരംഭിച്ചത്. യു എച്ച് എല്ലില്‍ നിന്നും ചില രോഗികളെ ഇവിടെയെത്തിച്ച് ചികിത്സ നല്‍കുന്ന തരത്തിലുള്ള കരാര്‍ വരുന്ന ആഴ്ചകളില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് എച്ച് എസ് ഇ മിഡ്‌ വെസ്റ്റ് പറയുന്നു.

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌ വൈവ്സ് ഓർഗാണൈസേഷൻ (ഐ എൻ എം ഒ)-ന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ 127 രോഗികളാണ് യു എച്ച്ല്‍എല്ലിൽ കിടക്കാന്‍ ബെഡ്ഡ് ലഭിക്കാത്തത് കാരണം ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത്. ഇത്തരത്തില്‍ ആകെ 734 രോഗികള്‍ ബുധനാഴ്ച രാവിലെ പല ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയതായും ഐ എൻ എം ഒ വ്യക്തമാക്കുന്നു.

Advertisment