ഡബ്ലിന്‍: അയര്‍ലണ്ടിലേക്കുള്ള സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ച നടപടികളില്‍ പ്രതിഷേധിച്ചും, കൂടുതല്‍ സ്റ്റാഫിനെ കണ്ടെത്താനും നിലനിര്‍ത്താനായുള്ള ആവശ്യമുന്നയിച്ചും ,അയര്‍ലണ്ടിലെ നഴ്സുമാരുടെ യൂണിയനായ ഐ എന്‍ എം ഓ സമരത്തിനൊരുങ്ങുന്നു.സമരത്തെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചു.
എച്ച്എസ്ഇ ഈ വര്‍ഷാവസാനം വരെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും റിക്രൂട്ട്‌മെന്റ് ഫ്രീസ് നീട്ടിയേക്കുമെന്ന് ഐറിഷ് ഹെല്‍ത്ത് സര്‍വീസിലെ നാഷണല്‍ ജോയിന്റ് കൗണ്‍സിലിനെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്റെ (ഐഎന്‍എംഒ) എക്സിക്യൂട്ടീവ് ബോര്‍ഡ്, പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഐഎൻഎംഒ-യിലെ അംഗങ്ങള്‍ സമരത്തിനിറങ്ങുകയാണെങ്കില്‍ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരും പങ്കുചേരുമെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു.എച്ച്എസ്ഇയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനുള്ള പ്രഖ്യാപനം പഠനം നടത്താതെയും യൂണിയനുമായി കൂടിയാലോചിക്കാതെയാണ്’ വന്നതെന്ന് ഐഎന്‍എംഒ എക്‌സിക്യൂട്ടീവ് ആരോപിച്ചു.എച്ച്എസ്ഇയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അഭ്യര്‍ത്ഥന പോലും നിരസിക്കപ്പെട്ടു,’പ്രസ്താവനയില്‍ പറയുന്നു..
ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍, സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍, വ്യാവസായിക ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജോയിന്റ് കൗണ്‍സില്‍ എന്നിവയെല്ലാം റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനുള്ള തീരുമാനത്തെ അപലപിച്ചു രംഗത്തെത്തി.
വിന്റര്‍ കാലത്ത് കടുത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ ഐഎന്‍എംഒ കുറച്ച് മാസങ്ങളായി ശ്രമിക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി നി ഷെഗ്ദ അറിയിച്ചു. ടെംപിള്‍ സ്ട്രീറ്റ്, ക്രംലിന്‍, താല ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുകളില്‍ റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആർ.എസ്.വി) കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ കുട്ടികളുടെ ആശുപത്രികളിലെ പ്രവര്‍ത്തനങ്ങളില്‍ പോലും ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് ഈ വര്‍ഷം ആസൂത്രണം ചെയ്തതോ ബജറ്റ് ചെയ്തതോ ആയതിനേക്കാള്‍ 200-ലധികം ജീവനക്കാരെ നിയമിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം സിഇഒ ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ റിക്രൂട്ട്മെന്റ് മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത്. റിക്രൂട്ട്മെന്റ് മരവിപ്പിക്കാനുള്ള സാധ്യതയുള്ള വിപുലീകരണത്തെക്കുറിച്ചുള്ള തിങ്കളാഴ്ചത്തെ അറിയിപ്പ് മുഴുവന്‍ ആരോഗ്യ പരിപാലന സംവിധാനങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ്.