/sathyam/media/media_files/hg6zalNhDfYcb3NCvmcM.jpg)
ഡബ്ലിന്‍: എച്ച് എസ് ഇയുടെ റിക്രൂട്ട്‌മെന്റ് നിരോധനം അയര്‍ലണ്ടിലെയാകെ സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരുടെ നിയമനത്തെ ദോഷകരമായി ബാധിക്കുന്നു.ഡിസ്സബിലിറ്റീസ് മേഖലയിലെ നിയമനങ്ങള്‍ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ന്യൂറോളജി പോലെയുള്ള വിഭാഗങ്ങളിലെ നഴ്സുമാരുടെ അഭാവം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 20ലേറെ പുതിയ നഴ്സിംഗ് തസ്തികകള്‍ ഡിസ്സബിലിറ്റീസ് സഹമന്ത്രി ആന്‍ റാബിറ്റ് പ്രഖ്യാപിച്ചിരുന്നു.ക്ലിനിക്കല്‍ നഴ്‌സ് സ്പെഷ്യലിസ്റ്റ്, അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണര്‍ ഗ്രേഡ് എന്നിവയിലായി 21 ന്യൂറോളജി നഴ്‌സിങ് തസ്തികകളിലാണ് എച്ച് എസ് ഇധനസഹായത്തോടെ നിയമനം പ്രഖ്യാപിച്ചത്.
മറ്റ് വിവിധ ഫണ്ടുകളുപയോഗിച്ച് അപസ്മാരം, അപൂര്‍വ പ്രോഗ്രസീവ് രോഗങ്ങള്‍, തലവേദന തുടങ്ങിയ വിഭാഗങ്ങളില്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമുകളിലായി 13 നഴ്സുമാരെയും റിക്രൂട്ട് ചെയ്തിരുന്നു.എന്നാല്‍ നിയമനം ഇനിയുമായിട്ടില്ല. നിയമന നിരോധനം വന്നതോടെ ഇക്കാര്യങ്ങളെല്ലാം അനിശ്ചിതത്വലായി. ഇത് നിയമനത്തിന്റെ വിവിധ ഘട്ടത്തിലാണെന്ന് എച്ച് എസ് ഇ പറയുമ്പോഴും നഴ്സുമാരില്ലാത്തത് വലിയ പ്രശ്നമാണുണ്ടാക്കുന്നത്.
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അപസ്മാരം, പാര്‍ക്കിന്‍സണ്‍സ് , ഹണ്ടിംഗ്ടണ്‍സ് , സ്പെനല്‍ ന്യൂറോ മസ്‌കുലര്‍ എന്നീ തസ്തികകളില്‍ നഴ്സുമാരുടെ നിയമനത്തെ രോഗികള്‍ വളരെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.റിക്രൂട്ട്മെന്റ് നിരോധനം മൂലം ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ഹണ്ടിംഗ്ടണ്‍സ് ഡിസീസ് നഴ്സ് സ്പെഷ്യലിസ്റ്റ് തസ്തികയിലും നിയമനം വൈകുകയാണ്. ഇത് പടിഞ്ഞാറന്‍ അയര്‍ലണ്ടിലെ ആളുകളെയും നിരാശയിലാക്കുന്നു.
ഈ നഴ്‌സുമാരുടെ നിയമനത്തിനായി ന്യൂറോളജിക്കല്‍ അലയന്‍സ് ഓഫ് അയര്‍ലണ്ട് രാജ്യവ്യാപക കാമ്പെയിന്‍ നടത്തിയിരുന്നു.റിക്രൂട്ട്‌മെന്റ് നിരോധനത്തിന്റെ പശ്ചാത്തലത്തിലും 2024ല്‍ ഈ നഴ്സുമാരുടെ നിയമനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂറോളജിക്കല്‍ അലയന്‍സ് ഓഫ് അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഗ്ദലന്‍ റോജേഴ്‌സ് പറഞ്ഞു.
സ്പെഷലിസ്റ്റ് വിഭാഗങ്ങളില്‍ മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കുറവുകളാണ് ഇവിടെയുള്ളത്.അത് പരിഹരിച്ചേ മതിയാകൂ.സര്‍ക്കാരും മന്ത്രിയുമൊക്കെ വലിയ പ്രതിബദ്ധതയാണ് ഇക്കാര്യത്തില്‍ കാണിച്ചത്.എന്നിട്ടും കാര്യങ്ങള്‍ നല്ല നിലയിലായിട്ടില്ല.
സ്പെഷലിസ്റ്റ് നഴ്സുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എച്ച് എസ് ഇയുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി മന്ത്രിയുടെ വക്താവ് വ്യക്തമാക്കി.റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിയ പശ്ചാത്തലത്തില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം സംബന്ധിച്ച് എച്ച് എസ് ഇയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണെന്നും വക്താവ് വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us