അയർലൻഡിൽ ഇമിഗ്രേഷന്‍ ബില്‍ പ്രഹസനമാക്കിയെന്ന വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

New Update
B

ഡബ്ലിന്‍: കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ഇമിഗ്രേഷന്‍ ബില്ലില്‍ അര്‍ത്ഥവത്തായ പാര്‍ലമെന്ററി ഇടപെടലുകളോ ചര്‍ച്ചയോ നടത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന്‍.ബില്ലിന്റെ സൂക്ഷ്മപരിശോധന നടന്നിട്ടില്ലെന്നും 300 ഭേദഗതികളില്‍ 14 എണ്ണം മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂവെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

Advertisment

വെറും നാല് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം ഭേദഗതി അംഗീകരിക്കപ്പെടുമ്പോള്‍ വേണ്ടത്ര പരിശോധനകള്‍ നടത്തപ്പെട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ഭേദഗതികളില്‍ അര്‍ത്ഥവത്തായ ഒരു ഇടപെടലും ഉണ്ടായില്ല.ബഹുഭൂരിപക്ഷം വ്യവസ്ഥകളും ചര്‍ച്ച ചെയ്തിട്ടില്ല-കമ്മീഷന്‍ നിരീക്ഷിച്ചു.ഫാമിലി റീയൂണിഫിക്കേഷന്‍ വ്യവസ്ഥകളിലെ മാറ്റങ്ങളും ചര്‍ച്ച ചെയ്തിട്ടില്ല.

ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഭേദഗതികളില്‍ കുട്ടികള്‍ക്കും മനുഷ്യക്കടത്തിന് ഇരയായവര്‍ക്കും, അന്താരാഷ്ട്ര സംരക്ഷണം തേടുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രധാന സുരക്ഷാ നടപടികളാണ് ഉള്‍പ്പെടുന്നത്. മൗലികാവകാശങ്ങളുള്‍പ്പെട്ട തീര്‍ത്തും ദുര്‍ബല സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ക്കായുള്ള നിയമനിര്‍മ്മാണത്തില്‍ ശക്തമായ പാര്‍ലമെന്ററി പരിശോധന അനിവാര്യമാണെന്ന് കമ്മീഷന്‍ ആവര്‍ത്തിച്ചു.

ഈ വര്‍ഷം ജൂണ്‍ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. കുടിയേറ്റവും അസൈലവും സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ കരാറിലെ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് ഈ ബില്‍. ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍ ജനുവരിയിലാണ് ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ബില്‍ 2025 ഇപ്പോള്‍ സീനാഡിന് മുമ്പിലാണ്. നിയമമാകുന്നതിന് മുമ്പ് ഐറിഷ് പ്രസിഡന്റ് ഒപ്പിടേണ്ടതുമുണ്ട്.

അസൈലം അപേക്ഷകളും അവയ്ക്ക് മേലുള്ള അപ്പീലുകളിലും മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് ഫാമിലി റീയൂണിഫിക്കേഷന് അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷത്തെ വെയിറ്റിംഗ് ടൈം ലഭിക്കും. അതിനിടെ സ്വയംപര്യാപ്തരാണെന്ന് തെളിയിക്കേണ്ടതുമുണ്ട്.

കുട്ടികളെ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുന്നത് തടയുക, കുട്ടികളുടെ പ്രായം നിര്‍ണ്ണയിക്കുന്നതിനുള്ള മെഡിക്കല്‍ പരിശോധനകള്‍ യോഗ്യതയുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ നടത്തുന്നത് ഉറപ്പാക്കുക, മനുഷ്യകടത്തിന്റെ ഇരകള്‍ക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവയൊക്കെയാണ് നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ ഉള്‍പ്പെടുന്നത്.

ഡെയില്‍ സുപ്രധാന അവസരം നഷ്ടപ്പെടുത്തിയെന്ന് ഐറിഷ് മനുഷ്യാവകാശ-സമത്വ കമ്മീഷന്റെ ചീഫ് കമ്മീഷണര്‍ ലിയാം ഹെറിക്ക് അഭിപ്രായപ്പെട്ടു.ശരിയായ പരിശോധന കൂടാതെ ഈ ബില്‍ നടപ്പിലാക്കുന്നത് അഭയാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ പൂര്‍ണ്ണമായി മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രധാന അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment