/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് മനുഷ്യക്കടത്ത്, വ്യഭിചാരം എന്നിവ നടത്തുന്ന സംഘടിതകുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനില്‍ ഒരു സ്ത്രീയും, മൂന്ന് പുരുഷന്മാരും ഗാര്‍ഡയുടെ പിടിയിലായത്.
ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ്, ഇന്റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു ഗാര്‍ഡ സംഘത്തിന്റെ ഓപ്പറേഷന്‍. ഡബ്ലിന്‍ നഗരത്തിലെ നാല് സ്ഥലങ്ങളാണ് സായുധ ഗാര്‍ഡ അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച രാവിലെ പരിശോധിച്ചത്. സമാനമായി ബ്രസീലിലും പരിശോധനകള്‍ നടന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രസീലിയന്‍ കുറ്റവാളി സംഘത്തെ തിരിച്ചറിഞ്ഞതായും, നിരവധി പേരെ ഇവരുടെ അടുത്ത് നിന്നും രക്ഷിച്ചതായും ഡിറ്റക്ടീവ് സൂപ്രണ്ട് ഡെറിക് മഗ്വയര്‍ പറഞ്ഞു. ഒരു വ്യഭിചാര ശാലയില്‍ നിന്നും 10 സ്ത്രീകളെയാണ് രക്ഷിച്ചത്. സ്ത്രീകളെ പൂര്‍ണ്ണമായും വരുതിയിലാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു സംഘമെന്നും, ഇരകള്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും മനുഷ്യക്കടത്തിന് ഇരയാകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, രഹസ്യമായി വിവരമറിയിക്കാന്‍ സാധിക്കുന്ന ഗാര്‍ഡയുടെ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മഗ്വയര്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവര്‍ക്ക് ഇത്തരത്തില്‍ പുറത്ത് നിന്നും സഹായം തേടാന്‍ സാധിച്ചേക്കില്ലെന്നും, എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.