വിദേശ തൊഴിലാളികളില്ലാതെ അയര്‍ലണ്ടിന് ‘ജീവിതം ‘ഇല്ലെന്ന് ഐ ഡി എ ചീഫ് എക്സിക്യൂട്ടീവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfcdxsertyhuj

ഡബ്ലിന്‍ : വിദേശ തൊഴിലാളികളില്ലാതെ അയര്‍ലണ്ടിന് ‘ജീവിതം ‘ഇല്ലെന്ന് ഐ ഡി എ ചീഫ് എക്സിക്യൂട്ടീവ് മീഹോള്‍ ലോഹന്‍. ഇവിടുത്തെ ഓപ്പണായ തൊഴില്‍ വിപണിയെ വിലമതിക്കുന്നതിനാലാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടെ വേരുറപ്പിക്കുന്നത്. അതിനാല്‍ വിദേശ തൊഴിലാളികള്‍ക്കായി അയര്‍ലണ്ട് എപ്പോഴും തുറന്നിടണം. ഇവര്‍ക്ക് സംരക്ഷണവും നല്‍കണം-ലോഹന്‍ തുറന്നു പറയുന്നു.സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ലോഹന്റെ നിരീക്ഷണം പുറത്തുവന്നത്.

Advertisment

വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നത് അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വളരെ നിര്‍ണായകമാണ്.കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍,തീ വെപ്പ് സംഭവങ്ങള്‍ എന്നിവയൊക്കെ കമ്പനികള്‍ അറിഞ്ഞിട്ടുണ്ട്. അവരത് മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അവയിലൊന്നും എക്സിക്യൂട്ടീവുകളൊന്നും ആശങ്കപ്പെടുന്നില്ല.

അയര്‍ലണ്ടിന്റെ തുറന്ന സമീപനവും സ്ഥിരതയുള്ള നിലപാടുകളും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാലാണ് അത്. ഈ ഉത്തരവാദിത്വം നിലനിര്‍ത്താന്‍ സാധിക്കണം.അയര്‍ലണ്ടിന് വൈവിധ്യമാര്‍ന്ന സംസ്‌കാരവും തൊഴില്‍ ശക്തിയും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അവര്‍ക്ക് വേണ്ടത്. അത് നിലനിര്‍ത്തുന്നതിന്റെ പ്രധാന്യമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ ചര്‍ച്ചകളില്‍ അവര്‍ എടുത്തുപറഞ്ഞത്.

”ഫോറത്തില്‍ ഒട്ടേറെ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി.ഇവര്‍ക്കെല്ലാം അയര്‍ലണ്ടിന്റെ വൈവിധ്യമാര്‍ന്ന തൊഴില്‍ ശക്തിയെക്കുറിച്ച് ബോധ്യമുണ്ട്.അഭയാര്‍ഥികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്.ഇതൊന്നും വിദേശ തൊഴിലാളികള്‍ക്കെതിരെയായിരുന്നില്ല. അഭയാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇത് കമ്പനികള്‍ക്ക് ബോധ്യമായിട്ടുണ്ട്” ലോഹന്‍ പറഞ്ഞു.

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളെയും നവംബറിലെ ഡബ്ലിന്‍ കലാപത്തെയും കുറിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അറിയാമെന്നും അവയൊന്നും കമ്പനികളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.അയര്‍ലണ്ടിനെ ഓപ്പണ്‍ രാഷ്ട്രമായാണ് കാണുന്നതെന്ന ഫീഡ് ബാക്കാണ് വിവിധ കമ്പനി പ്രതിനിധികളില്‍ നിന്നും തനിക്ക് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി ഡോണോ വ്യക്തമാക്കി. അതേസമയം, അയര്‍ലണ്ട് വംശീയതയുള്ള രാജ്യമല്ലെങ്കിലും കുടിയേറ്റക്കാരെ വംശീയതയുടെ കണ്ണിലൂടെ കാണുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

Foreign Workers
Advertisment