/sathyam/media/media_files/2025/11/29/g-2025-11-29-04-34-11.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ കര്‍ശനമാക്കിയ കുടിയേറ്റ നിയമ പരിഷ്‌കാരങ്ങളെ അതിശക്തമായി ന്യായീകരിച്ച് ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍.’അയര്‍ലണ്ടിലേയ്ക്ക് വരാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല, ഇവിടേയ്ക്ക് വന്നതിന്റെ പേരില്‍ കുടിയേറ്റക്കാര്‍ക്ക് അവരുടെ കുടുംബത്തെ മുഴുവന്‍ കൊണ്ടുവരാന്‍ അവകാശമില്ലെന്നും മന്ത്രി വിശദീകരിച്ചു.
”അയര്‍ലണ്ടിലേക്ക് വരാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. ജോലി അവസരങ്ങള്‍ ഉള്ളതുകൊണ്ടാണ് ആളുകള്‍ ഇവിടെ വരുന്നത്.ഈ രാജ്യത്തേക്ക് വന്നതുകൊണ്ട് മുഴുവന്‍ കുടുംബത്തെയും ഇങ്ങോട്ടേയ്ക്കെത്തിക്കാന്‍ ഓട്ടോമാറ്റിക്കായി അവകാശമുണ്ടെന്ന് അര്‍ത്ഥമില്ല” മന്ത്രി തുറന്നു പറഞ്ഞു.
കുടിയേറ്റക്കാര്‍ സ്വയംപര്യാപ്തരാകണമെന്നതാണ് തന്റെ ലൈനെന്ന് മന്ത്രി വ്യക്തമാക്കി.ഫാമിലി റീ യൂണിഫിക്കേഷനിലൂടെ ഇവിടേയ്ക്ക് വരുന്ന പലരും കുട്ടികളോ പരിചരണം ആവശ്യമുള്ള ആശ്രിതരായ മാതാപിതാക്കളോ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.കൊണ്ടുവരുന്ന സ്പോണ്‍സര്‍ക്ക് അവരെ പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പരിപാലിക്കേണ്ടിവരും. ഇതിനുണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ കണക്കിലെടുക്കേണ്ടതുണ്ട്.
ഫാമിലി റീ യൂണിഫിക്കേഷന്‍ നിയമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതും അഭയാര്‍ത്ഥികളില്‍ നിന്ന് താമസത്തിന് പണം ഈടാക്കുന്നതുമാണ് പുതിയ മാറ്റങ്ങള്‍. ഏതെങ്കിലും സാമൂഹിക ക്ഷേമ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് ഒരാളുടെ ഐറിഷ് പൗരനാകാനുള്ള യോഗ്യതയെ ബാധിക്കുമെന്നതും പുതിയ വ്യവസ്ഥയാണ്.കുട്ടികളെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് നിശ്ചിത ശമ്പള പരിധിയും ബാധകമാക്കി.
കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെയും അയര്‍ലണ്ടിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലുമാണെന്ന സൈമണ്‍ ഹാരിസ് അടമുള്ള നേതാക്കളുടെ അഭിപ്രായങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയതെന്ന് കല്ലഗന്‍ വ്യക്തമാക്കി.18 മാസത്തിലേറെയായി അഭയാര്‍ത്ഥി അപേക്ഷകളൊഴികെയുള്ള പൊതുവായ കുടിയേറ്റക്കാരുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്ന് ഹാരിസും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പേരില്‍ പ്രതിപക്ഷ പരിഹാസവും ഹാരിസ് നേരിട്ടു.
കുടിയേറ്റത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണതകള്‍ വിശദീകരിക്കുന്നതില്‍ ഹാരിസ് പരാജയപ്പെട്ടെന്നായിരുന്നു ആക്ഷേപം.ജോലി തേടിയെത്തുന്നവരേയും അഭയാര്‍ത്ഥികളേയും ഒരുപോലെ കണ്ടാണ് സംസാരിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞിരുന്നു. ഇക്കാര്യം മനസ്സിലാക്കാതെയാണ് സൈമണ്‍ ഹാരിസ് പ്രസ്താവന നടത്തിയത്.
ഫാമിലി റീയൂണിഫിക്കേഷന്‍ : ഭീതിപ്പെടുത്തുന്ന കണക്കുകള്‍
കുറഞ്ഞ ശമ്പളമുള്ളവരെ സഹായിക്കാന്‍ ഫാമിലി റീയൂണിഫിക്കേഷന്‍ നയങ്ങളില്‍ സര്‍ക്കാര്‍ ദാക്ഷിണ്യമൊന്നും കാട്ടാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഒരു കുട്ടിയെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാന്‍ അമ്പതിനായിരം യൂറോ വരുമാനം ഉണ്ടാകണമെന്നാണ് രാജ്യമാകെ പ്രചരിപ്പിക്കുന്ന കണക്കുകള്‍. എന്നാല്‍ ഉയരുന്ന ശമ്പളവും ,മിനിമം വേതനവും പരിഗണിക്കുമ്പോള്‍ അതിന് അനുയോജ്യമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ ,ഇന്‍കം ത്രഷ് ഹോള്‍ഡ് വര്‍ധിപ്പിച്ചു വരുത്തിയത്.
ഒരു കുട്ടിയെ അയര്‍ലണ്ടിലേയ്ക്ക് കൊണ്ടുവരാന്‍ സ്പോണ്‍സര്‍ക്ക് അടുത്തവര്‍ഷം ( 2026 ) പരമാവധി 39,780 നെറ്റ് ഇന്‍കം മതിയാവുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ഓവര്‍സീസ് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയറേഴ്‌സ് ഇന്‍ അയര്‍ലണ്ട് ( i2i അയര്‍ലണ്ട് ) ഭാരവാഹികള്‍ പറഞ്ഞു.
ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്സിനുള്ള ഫാമിലി വിസാ അപേക്ഷകള്‍
ഫാമിലി റീയൂണിഫിക്കേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്സിനുള്ള ഫാമിലി വിസാ അപേക്ഷകള്‍ തയാറാക്കി നല്‍കുന്നതിനും, സമര്‍പ്പിക്കുന്നതിനുമായി ഇന്ന് ( ശനിയാഴ്ച്ച) രാവിലെ 10 മണി മുതല്‍ മുതല്‍ i2i അയര്‍ലണ്ട് പ്രത്യേക കാമ്പയിന്‍ ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഫാമിലി റീയൂണിഫിക്കേഷന്‍ വിസാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായാണ് ഈ കാമ്പയിന്‍ ഒരുക്കുന്നത്. ഫാമിലി വിസ ആവശ്യമുള്ള ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ക്ക് 0858077185, 0858406085 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us