/sathyam/media/media_files/2025/10/16/bbzb-2025-10-16-03-44-59.jpg)
വാഷിംഗ്ടണ്‍: അയര്‍ലണ്ടിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയെ അംഗീകരിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായിരിക്കും അയര്‍ലണ്ടിന്റേതെന്ന കോംപ്ലിമെന്റാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ പുതിയ പ്രവചനം.
അയര്‍ലണ്ടിന്റെ ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) ഈ വര്‍ഷം 9.1% വളര്‍ച്ച കൈവരിക്കുമെന്ന് ഐ എം എഫ് പറയുന്നു. ഏപ്രിലില്‍ 2.3% വളര്‍ച്ചയായിരുന്നു പ്രവചനം. ഇതിനേക്കാള്‍ ഗണ്യമായ വളര്‍ച്ചയാണ് പുതിയ നിരീക്ഷണം.
എന്നിരുന്നാലും രാജ്യത്തിന്റെ ബജറ്റില്‍ ധനകാര്യ വകുപ്പ് കണക്കാക്കുന്ന 10.8% ജിഡിപി വളര്‍ച്ചയേക്കാള്‍ കുറവാണ് ഈ കണക്ക്.വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലെ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
യൂറോസോണിന്റെ വളര്‍ച്ചയില്‍ 1.2% നേരിയ വര്‍ദ്ധനവിന് ഇത് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.ആദ്യ പാദത്തില്‍ യൂറോ മേഖലയുടെ വളര്‍ച്ചയ്ക്ക് അയര്‍ലന്‍ഡ് ആനുപാതികമല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഇടപാടുകളാണ് കയറ്റുമതിയിലെ മികച്ച പ്രകടനത്തിന് കാരണമായത്.യുഎസ് താരിഫുകള്‍ നിലവില്‍ വരുന്നതിന് മുമ്പുള്ള ഫ്രണ്ട്-ലോഡിംഗിന്റെ ഫലമാണിതെന്നും ഐഎംഎഫ് പറയുന്നു.
എന്നിരുന്നാലും, അടുത്ത വര്‍ഷം അയര്‍ലണ്ടിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം നിധി വെട്ടിക്കുറച്ചു. ഏപ്രിലിലെ 2.1% ല്‍ നിന്ന് 1.3% ആയാണ് പരിഷ്‌കരിച്ചത്.2026ല്‍ 1% ജിഡിപി വളര്‍ച്ചയെന്ന സര്‍ക്കാര്‍ പ്രവചനത്തേക്കാള്‍ മുകളിലാണ് ഐഎംഎഫിന്റെ ഈ കണക്ക്.അയര്‍ലണ്ടിലെ പണപ്പെരുപ്പം ഈ വര്‍ഷം ശരാശരി 1.7% ആയിരിക്കുമെന്നും 2026 ലും സമാനമായി തുടരുമെന്നും പ്രവചനം പറയുന്നു.
ഈ വര്‍ഷവും അടുത്ത വര്‍ഷവും തൊഴിലില്ലായ്മ 4.6% എന്ന താഴ്ന്ന നിലയില്‍ തുടരുമെന്നും ഐഎംഎഫ് പറയുന്നു.