Advertisment

അയര്‍ലണ്ടിലെ ഫാം ഹൗസുകള്‍ തേടിയെത്തുന്നവരില്‍ കുടിയേറ്റക്കാരും, കൃഷിയിടങ്ങളുടെ വില്‍പ്പനയില്‍ വര്‍ദ്ധന:

New Update
87tfgh

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കൃഷിയിടങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതായി സി എസ് ഒയുടെ റിപ്പോര്‍ട്ട്. ഏതാണ്ട് 60,000(59,806)ഏക്കര്‍ കൃഷിഭൂമിയാണ് 2022ല്‍ വിറ്റുപോയത്.ഏക്കറിന് മുന്‍ കാലങ്ങളെക്കാള്‍ കൂടിയ വിലയിലാണ് ഇവയുടെ കച്ചവടം നടന്നത്.

Advertisment

കൂടുതല്‍ കച്ചവടം നടന്നത് പടിഞ്ഞാറന്‍ പ്രദേശത്ത്

പടിഞ്ഞാറന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കൃഷിഭൂമിയുടെ വില്‍പ്പന നടന്നത്. ഇവിടങ്ങളിലാകെ 11,061 ഏക്കറാണ് വിറ്റു പോയത്. ഡബ്ലിന്‍ മേഖലയില്‍ 338 ഏക്കര്‍ ഭൂമിയും തെക്ക്-കിഴക്ക് ഭാഗത്ത് 5,565 ഏക്കറും വിറ്റുപോയി. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താരതമ്യേന ഭൂമിയ്ക്ക് വില കുറവാണ്. ഗോള്‍വേ,മേയോ,റോസ് കോമണ്‍ എന്നിവിടങ്ങളില്‍ ശരാശരി 6,039 യൂറോ വിലയില്‍ വരെ ഒരേക്കര്‍ ഭൂമി ലഭിക്കും.

2021ല്‍ 59,597 ഏക്കര്‍ കൃഷിഭൂമിയാണ് വിറ്റുപോയത്. ഇതിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 0.4% വര്‍ധനയുണ്ടായി. 2020ല്‍ വിറ്റ 48,258 ഏക്കറുമായി ഒത്തുനോക്കുമ്പോള്‍ 23.9% കൂടുതലാണിതെന്നും സി എസ് ഒ പറയുന്നു.വിദേശത്തു ജനിച്ച നൂറുകണക്കിന് പേരും ഇപ്പോള്‍ അയര്‍ലണ്ടില്‍ ഭൂമി വാങ്ങുന്നവരില്‍ ഉള്‍പ്പെടുന്നു.ചൈനക്കാര്‍ക്കാണ് ഭൂമിയോട് ഏറെ താത്പര്യം.

അഗ്രികള്‍ച്ചറല്‍ ലാന്റിന് ഏക്കറിന് ശരാശരി 8,094 യൂറോ വില ലഭിച്ചു.2021ല്‍ കിട്ടിയത് 7,529 യൂറോയായിരുന്നു.അന്നത്തേതിനേക്കാള്‍ 7.5% തുക കൂടുതലാണിത്.കൃഷിയോഗ്യമായ ഭൂമിക്ക് 2022ല്‍ ഏക്കറിന് 13,745 യൂറോ വരെ വില ലഭിച്ചു. 2021ലേതിനേക്കാള്‍ (13,792 യൂറോ) 0.3% കുറവാണിതെന്ന് സി എസ് ഒ പറയുന്നു.

ഡബ്ലിനില്‍ ഭൂമിക്ക് തീവില

ഡബ്ലിന്‍, മിഡ്-ഈസ്റ്റി(കില്‍ഡെയര്‍, ലൂത്ത്, മീത്ത്, വിക്ലോ)ലാണ് ഏറ്റവും കൂടുതല്‍ ഭൂമിവിലയുള്ളത്. ഡബ്ലിനില്‍ ഏക്കറിന് 18,395 യൂറോയും മിഡ് ഈസ്റ്റില്‍ 12,307 യൂറോയുമാണ് വില.ഡബ്ലിനോട് ചേര്‍ന്നുകിടക്കുന്ന ഇവിടങ്ങളിലെ മിക്ക കൃഷിഭൂമികളിലും ഉള്ള (അഥവാ പണിയിക്കാന്‍ സാധ്യതയുള്ള ) ഫാം ഹൗസുകളാണ് അംഗീകൃത കുടിയേറ്റക്കാരായ വിദേശിയരെ ഇവിടങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മികച്ച വഴി തുറക്കാന്‍ സാധ്യതയുള്ള മേഖല

അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ അധികവും ഹെല്‍ത്ത് ,ധനകാര്യം, ഐ ടി മേഖലകളില്‍ നിന്നുള്ളവരാണെങ്കിലും അവരില്‍ അധികം പേര്‍ക്കും,കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമുള്ളവരുമാണ്. കൃഷി, മൃഗപരിപാലനം എന്നി മേഖലകളില്‍ നിക്ഷേപം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ഗ്രാമീണ മേഖലയ്ക്കായി ഐറിഷ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്.ഇവയെ പ്രയോജനപ്പെടുത്തി ,അയര്‍ലണ്ടിന്റെ ഗ്രാമങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കാത്തിരിക്കുന്നവരും ഏറെയാണ്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

റൂറല്‍ അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയേണ്ടവര്‍ക്ക് കൃത്യമായ പ്ലാനോടു കൂടി , സാമ്പത്തികമോ സാമൂഹികമോ ആയ ആവശ്യമുണ്ടെങ്കില്‍ അതിന് അനുവദിക്കുമെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും , ഒരു ഫാമിലോ അല്ലെങ്കില്‍ ഗ്രാമീണ അധിഷ്ഠിത വ്യാപാര സംരംഭത്തിലോ ജോലി ചെയ്യുന്നവര്‍ക്കും ഇതിന് അനുവാദം ലഭിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ മുമ്പുണ്ടായിരുന്ന ലോക്കല്‍ പോളിസി അനുസരിച്ച് അയര്‍ലണ്ടിലെ ഗ്രാമീണ മേഖലയില്‍ 12 മുതല്‍ 16 വര്‍ഷം വരെ താമസിച്ചുവെന്ന തെളിവുണ്ടെങ്കിലേ അവിടങ്ങളില്‍ വീടുവെക്കാന്‍ ആവുമായിരുന്നുള്ളു.

എന്നാല്‍ ”ഓരോ പ്രദേശത്തെയും പ്ലാനിംഗ് അതോറിറ്റികള്‍ ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ പുനഃ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും ഇവ അന്തിമമാക്കിക്കഴിഞ്ഞാല്‍ അവ മനസ്സിലാക്കുന്നതിനായി ഗ്രാമീണ ഭവന നയങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്നും പ്ലാനിംഗ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ,ഇപ്പോഴത്തെ എന്റര്‍പ്രൈസസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.ഇത് അടുത്ത വര്‍ഷത്തോടെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

housing-and-farming
Advertisment