അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കണം… വലിയ കുടുംബങ്ങള്‍ വരണം …

New Update
N

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴിലാളികളുടെയും ജനിക്കുന്ന കുട്ടികളുടെയും എണ്ണം കുറയുന്നതായി ചൂണ്ടിക്കാട്ടുന്ന ഗൗരവമേറിയ റിപ്പോര്‍ട്ട് നാഷണല്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ (എന്‍ ഇ എസ് സി) സര്‍ക്കാരിന് സമര്‍പ്പിച്ചു.

Advertisment

ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ രാജ്യത്ത് വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും പാര്‍ലമെന്ററി സമിതിയ്ക്ക് നല്‍കിയ ബില്‍ഡിംഗ് എ വിര്‍ച്വസ് ഡെമോഗ്രാഫിക് സൈക്കിള്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. തിങ്കളാഴ്ചയാണ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സാമൂഹിക നീതി, സമ്പദ് വ്യവസ്ഥ എന്നിങ്ങനെയുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചതാണ് ഈ കൗണ്‍സില്‍.

അടിസ്ഥാന സൗകര്യങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പൗരന്മാരുടെ സംയോജനവും നിലനിര്‍ത്തലും ശക്തിപ്പെടുത്താനും കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജനസംഖ്യാപരമായി വലിയ മാറ്റങ്ങള്‍

2010ല്‍ പീക്ക് ബേബി,2024ല്‍ പീക്ക് ചൈല്‍ഡ് എന്നിങ്ങനെ രണ്ട് ശ്രദ്ധേയമായ വഴിത്തിരിവുകള്‍ പിന്നിട്ട അയര്‍ലണ്ട് ജനസംഖ്യാപരമായി വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.ജനന നിരക്കുകളിലെ സ്ഥിരം ഇടിവിനെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്.

2010ലായിരുന്നു ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ജനനങ്ങളുണ്ടായത്.77,000 കുട്ടികളാണ് ഒരു വര്‍ഷം പിറന്നത്. ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയാന്‍ തുടങ്ങിയത് 2024ലാണ്.

ചില മുന്നറിയിപ്പുകള്‍, ചില സൂചകങ്ങള്‍

ഒരു ദശാബ്ദത്തിനുള്ളില്‍ തൊഴിലാളികളുടെയും തൊഴിലാളികളല്ലാത്തവരുടെയും അനുപാതം ചുരുങ്ങും.2050ഓടെ ജനസംഖ്യയിലും സങ്കോചമുണ്ടാകും- കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.സമയബന്ധിതവും ഏകോപിതവുമായ നടപടികളുണ്ടായില്ലെങ്കില്‍ ഈ പ്രവണതകള്‍ പൊതു ധനകാര്യം, സാമൂഹിക സുരക്ഷ, അവശ്യ സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും.തൊഴില്‍ ശക്തി പുതുക്കല്‍, സാമ്പത്തിക ഊര്‍ജ്ജസ്വലത, തലമുറകള്‍ തമ്മിലുള്ള പിന്തുണയുടെ സുസ്ഥിരത എന്നിവയ്ക്ക് ദീര്‍ഘകാല വെല്ലുവിളികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭവന നിര്‍മ്മാണം,പബ്ലിക് സര്‍വ്വീസ്,അടിസ്ഥാന സൗകര്യ കമ്മി എന്നിവയില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ ജനസംഖ്യാ വളര്‍ച്ചയും കുടിയേറ്റവും കുറയ്ക്കാനുള്ള പ്രേരണയുണ്ടാക്കും.ഇതൊരു ദുഷിച്ച ചക്രം സൃഷ്ടിച്ചേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇതിന്റെ ഫലമായി ഫെര്‍ട്ടിലിറ്റി കൂടുതല്‍ കുറയുന്നു.കുടിയേറ്റം വര്‍ദ്ധിക്കുന്നു. ജനസംഖ്യയ്ക്ക് പ്രായമേറുന്നു.ധനകാര്യ,പെന്‍ഷന്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭാവി നിക്ഷേപത്തെയും ഇത് ബാധിക്കുന്നു.തലമുറകള്‍ തമ്മിലും പ്രാദേശികമായും അനീതിയുണ്ടാക്കുന്നു. ഒരിക്കല്‍ ഇത് സംഭവിച്ചാല്‍ പഴയപടിയാകാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

ജനസംഖ്യാ വളര്‍ച്ചയെ അവസരമായി കാണാം

ഇതിനെ മറികടക്കാന്‍ ജനസംഖ്യാ വളര്‍ച്ചയെ അവസരമായി കാണുകയും അതിനനുസരിച്ച് നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു സദ് വൃത്തം ആസൂത്രണം ചെയ്യണമെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.അഫോര്‍ഡബിള്‍ ഹൗസിംഗ്, ചൈല്‍ഡ് കെയര്‍, ആക്സസിബിള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് , വികലാംഗര്‍,പ്രായമായവര്‍, ഒറ്റപ്പെട്ട മാതാപിതാക്കള്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുന്ന പ്രത്യേക തൊഴില്‍ അന്തരീക്ഷം എന്നിവയൊക്കെ രൂപപ്പെടുത്തണം.

ശക്തമായ ഫാമിലി സപ്പോര്‍ട്ടുകളിലൂടെയും അഫോര്‍ഡബിള്‍ ചൈല്‍ഡ് കെയര്‍-ഹൗസിംഗ്,പര്യാപ്തമായ പേരന്റല്‍ ലീവ് ,ഫാമിലി ഫോര്‍മേഷനെ ഡി റിസ്‌ക് ചെയ്യാത്ത വരുമാന, ക്ഷേമ നയങ്ങള്‍ എന്നിവയിലൂടെയും ഫെര്‍ട്ടിലിറ്റി സ്റ്റബിലൈസ് ചെയ്യാനാകും.കുടിയേറ്റക്കാരെ, പ്രത്യേകിച്ചും അയര്‍ലണ്ടില്‍ കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കുടിയേറ്റക്കാര്‍ക്കുള്ള പിന്തുണ വളരെ അത്യന്താപേക്ഷിതമാണ്. കുടിയേറ്റക്കാര്‍ക്ക് സംഭാവന നല്‍കാനും സ്ഥിരതാമസമാക്കാനും പിന്തുണ നല്‍കുന്ന സാമൂഹിക കുടിയേറ്റ കരാറും ആവശ്യമാണ്.ഇത് കുടിയേറ്റത്തിലുള്ള ഐക്യവും വിശ്വാസവും ശക്തിപ്പെടുത്തും-റിപ്പോര്‍ട്ട് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു.

Advertisment