അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് 8 ശതമാനവും ഗ്യാസ് വില 7 ശതമാനവും കുറയും,11ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമാകും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cdhfbsifbhsi

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്കുള്ള വൈദ്യുത നിരക്ക് ഇലക്ട്രിക് അയര്‍ലണ്ട് കുറയ്ക്കുന്നു. വൈദ്യുതി നിരക്കില്‍ 8 ശതമാനവും ഗ്യാസ് വില 7 ശതമാനവുമാണ് കുറയ്ക്കുന്നത്. പുതിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനിയുടെ 1.1 മില്യണ്‍ റസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

Advertisment

പുതിയ നിരക്കനുസരിച്ച് വൈദ്യുതി നിരക്കിനത്തില്‍ വാര്‍ഷിക വൈദ്യുതി ബില്ലില്‍ 152.78 യൂറോയും ഗ്യാസിന്റെ ബില്ലില്‍ പ്രതിവര്‍ഷം 111.29യൂറോയുടെയും കുറവുണ്ടാകും. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഇലക്ട്രിക് അയര്‍ലണ്ട് നടത്തുന്ന രണ്ടാമത്തെ വെട്ടിക്കുറവാണ് ഇത്.സെപ്തംബറില്‍ വൈദ്യുതി ചാര്‍ജുകള്‍ 10%വും ഗ്യാസ് വില 12% വും കുറച്ചു. നവംബറിലാണ് ഈ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

അയര്‍ലണ്ടിലെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണക്കാരാണ് ഇലക്ട്രിക് അയര്‍ലന്‍ഡ്.2022ല്‍ മൂന്ന് തവണയും 2021ല്‍ രണ്ട് തവണയും കമ്പനി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഊര്‍ജ്ജ പ്രതിസന്ധി മൂലം ഉപഭോക്താക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാറ്റ് ഫെന്‍ലോണ്‍ പറഞ്ഞു.നാലുമാസത്തിനിടെ വൈദ്യുതിയില്‍ 17.2%,ഗ്യാസ് നിരക്കില്‍ 18.2% എന്നിങ്ങനെയാണ് കുറവു നല്‍കിയത്.

ഡിസംബറില്‍, എസ് എസ് ഇ എയര്‍ട്രിസിറ്റി, ഗാര്‍ഹിക വൈദ്യുതി നിരക്ക് 12.8% കുറച്ചിരുന്നു.ഫെബ്രുവരിയില്‍ ഗ്യാസ് വിലയില്‍ 11.5% കുറവും വരുത്തിയിരുന്നു.മറ്റ് സപ്ലയര്‍മാരും ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ സമയം വൈദ്യുതി നിരക്ക് 14.1% കുറവായിരുന്നുവെന്ന് സി എസ് ഒ നിരീക്ഷണം പറയുന്നു.ഈ കുറവ് വരുമ്പോഴും ഇലക്ട്രിക് അയര്‍ലണ്ടിന്റെ വൈദ്യുതി നിരക്ക് കോവിഡിനും മുമ്പുണ്ടായിരുന്നതിനേക്കാള്‍ 85% കൂടുതലാണെന്ന് ബോങ്കേഴ്സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ദരാഗ് കാസിഡി പറഞ്ഞു. അതിന്റെ ഗ്യാസ് വിലയും മുമ്പത്തെ വിലയുടെ ഇരട്ടിയിലധികമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രിക് അയര്‍ലണ്ടിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, നിരക്കുകള്‍ ഉടന്‍ കുറച്ചേക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷമായി, ഉക്രൈയ്‌നിലെ യുദ്ധവും പ്രശ്നങ്ങളും മൂലം എനര്‍ജി ചാര്‍ജുകള്‍ വലിയ കുതിപ്പിലാണ്. ഇത് കുടുംബങ്ങളെ വന്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു- മാര്‍ട്ടിന്‍ പറഞ്ഞു.

അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും കമ്പനി നടപടിയെന്ന് ധനമന്ത്രി മീഹോള്‍ മക് ഗ്രാത്ത് പറഞ്ഞു. ബ്രസല്‍സില്‍ യൂറോഗ്രൂപ്പ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.എനര്‍ജി ഹോള്‍സെയില്‍ വില കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്.മറ്റ് ഊര്‍ജ്ജ കമ്പനികളും നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

electricity gas
Advertisment