Advertisment

അയര്‍ലണ്ടില്‍ പെട്രോള്‍ ,ഡീസല്‍ വില കുതിച്ചു തുടങ്ങി… ലിറ്ററിന് രണ്ട് യൂറോയിലെത്തിയേക്കും

New Update
nbvfrtyui

ഡബ്ലിന്‍ : എക്സൈസ് നികുതി പുനസ്ഥാപിച്ചതോടെ അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിപ്പിന്റെ ഭീഷണിയില്‍. ലിറ്ററിന് രണ്ട് യൂറോയുടെ വര്‍ധനവിലേക്ക് ഇന്ധന വില തിരികെയെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ മാസത്തെ ഇന്ധന വിലയെന്ന് എ എ അയര്‍ലണ്ട് സര്‍വേ പറയുന്നു.

Advertisment

ഏപ്രിലിലെ എ എ അയര്‍ലണ്ട് സര്‍വേ പ്രകാരം അയര്‍ലണ്ടില്‍ പെട്രോളിന് ലിറ്ററിന് 1.81 യൂറോയും ഡീസലിന് 1.78 യൂറോയുമാണ് വില.ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വൈകാതെ ഇത് രണ്ട് യൂറോയാകുമെന്നാണ് കണക്കാക്കുന്നത്.

ഡീസലിന് 13സെന്റ്, പെട്രോളിന് ഒമ്പത് സെന്റ് എന്നിങ്ങനെയാണ് വില കൂടിയത്.ക്രൂഡ് ഓയില്‍ വില കൂടിയതും എക്സൈസ് തീരുവ കൂടിയതുമാണ് ഇന്ധവില വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധവും ഡോളറിനെ അപേക്ഷിച്ച് യൂറോയുടെ മൂല്യക്കുറവുമാണ് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിക്കുന്നതിനും കാരണമായി.

യു കെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധന ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താരതമ്യേന ഇന്ധനവില കുറവാണ്.അവിടുത്തെ ഡീലര്‍മാരുമായി മല്‍സരിക്കാന്‍ അതിര്‍ത്തിയിലെ പെട്രോള്‍ റീട്ടെയിലര്‍മാര്‍ കഴിഞ്ഞ മാസം വില ഇന്ധനവില കുറച്ചിരുന്നു. എന്നിരുന്നാലും അതിന് അധികകാലം ആയുസ്സുണ്ടായില്ല.

എക്സൈസ് തീരുവയുടെ ആദ്യ ഘട്ട പുനസ്ഥാപനത്തിന്റെ പ്രതിഫലനമാണ് ഇന്ധനവിലയില്‍ കാണുന്നത്.2022ന്റെ തുടക്കത്തില്‍ ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡീസലിന് 21സിയും പെട്രോളിന് 16 സിയും എക്സൈസ് തീരുവ കുറച്ചിരുന്നു.വില ലിറ്ററിന് 2 യൂറോയിലേക്ക് പോകാതിരിക്കാനായിരുന്നു ഈ നടപടി.ഇതിന്റെ ആദ്യഘട്ടമാണ് ഈ മാസം പുനസ്ഥാപിച്ചത്.

ഓഗസ്റ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതു വന്നാല്‍ പെട്രോളിന്റെ വില 5 സെന്റും ഡീസലിന് 4 സെന്റും വര്‍ദ്ധിക്കും. ഒപ്പം വാറ്റും വരും.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഓഗസ്റ്റിലെ എക്‌സൈസ് തീരുവ വര്‍ദ്ധന നിര്‍ത്തിവെക്കണമെന്ന് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (സിഎഐ) ചെയര്‍പേഴ്‌സണ്‍ മീഹോള്‍ കില്‍കോയ്ന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ പകുതിയിലധികവും നികുതിയായും മറ്റ് തീരുവയായും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ധന ഗതാഗത ചെലവുകളും വര്‍ദ്ധിപ്പിക്കും.

fuel-price-ireland
Advertisment