/sathyam/media/media_files/ygs4xG0d0nc0wFCvqC9e.jpg)
ഡബ്ലിന്‍: പുതിയ പൊതുമേഖലാ ശമ്പളക്കരാറിന്റെ കാര്യത്തില്‍ യൂണിയനും സര്‍ക്കാരും തമ്മില്‍ ഭിന്നത. രണ്ടര വര്‍ഷത്തിനുള്ളില്‍ വേതനത്തില്‍ ഏകദേശം 8.5% വര്‍ധനവാണ് കരാറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ കരാറിലെ വര്‍ധനവിനെ യൂണിയനുകള്‍ അംഗീകരിക്കുന്നില്ല.ഏതാണ്ട് 12.5% മൂല്യമുള്ള ക്യുമുലേറ്റീവ് വര്‍ധനവാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
ദേശീയ മിനിമം വേതനവും സാമൂഹിക സുരക്ഷാ പേയ്‌മെന്റുകളുമൊക്കെ വര്‍ധിപ്പിച്ച് ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാന്‍ കാണിച്ച മനസ്സ് പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളക്കരാറിന്റെ കാര്യത്തിലുണ്ടായില്ലെന്ന വിമര്‍ശനമാണ് യൂണിയനുകള്‍ ഉന്നയിക്കുന്നത്.
തികച്ചും ന്യായമായ വര്‍ധനവാണ് പുതിയ ശമ്പളക്കരാറെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ പറയുമ്പോള്‍ കാലാനുസൃതമല്ല ഇതെന്ന് യൂണിയനുകളും വാദിക്കുന്നു.
പണപ്പെരുപ്പവും മുന്‍ കരാറിന് അനുസൃതമായ വര്‍ധനവും കണക്കാക്കുമ്പോള്‍ തികച്ചും അപര്യാപ്തമാണ് ശമ്പള വര്‍ധനവെന്ന് യൂണിയനുകള്‍ വിശദീകരിക്കുന്നു.
2.9 ബില്യണ്‍ യൂറോയുടെ ശമ്പള വര്‍ധനാ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് പോലും കരാര്‍കാലയളവില്‍ 12 ശതമാനം ശമ്പള വര്‍ധന ലഭിക്കുമെന്നും മന്ത്രി ഡോണോ വിശദീകരിക്കുന്നു.കരാറിനെ അവസാന വാക്കായി കാണേണ്ടെന്നും തുടര്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ശമ്പളക്കരാര്‍ അങ്ങേയറ്റം നിരാശാജനകമാണെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ആരോപിച്ചു.
പണപ്പെരുപ്പവും ശമ്പളവും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഫോര്‍സയുടെ ജനറല്‍ സെക്രട്ടറിയും ലീഡ് യൂണിയന്‍ നെഗോഷ്യേറ്ററുമായ കെവിന്‍ കാലിനന്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏതാണ്ട് 19% മാണ് ഈ വിടവെന്ന് അദ്ദേഹം പറഞ്ഞു.ആ സ്ഥാനത്താണ് എട്ടര ശതമാനത്തിന്റെ ഓഫര്‍ വന്നത്.
മള്‍ട്ടി-ഇയര്‍ പബ്ലിക് സര്‍വീസ് പേ കരാറെന്ന ആശയത്തെ സര്‍ക്കാര്‍ തുരങ്കം വച്ചെന്നും കലിനന്‍ പറഞ്ഞു.വിശ്വാസ്യതയില്ലാത്ത് സമീപനമാണ് സര്‍ക്കാരിന്റേത്.സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭവും പണിമുടക്കും നടത്താന്‍ യൂണിയന്‍ നിര്‍ബന്ധിതമാകുമെന്നും ഇദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ശമ്പള കരാറായ ബില്‍ഡിംഗ് മൊമെന്റം കഴിഞ്ഞ വര്‍ഷം അവസാനമാണ് അവസാനിച്ചത്. ക്രിസ്മസിന് മുമ്പ് പുതിയ ശമ്പളക്കരാര്‍ സംബന്ധിച്ച് ചര്‍ച്ചകളും മറ്റും നടന്നെങ്കിലും പ്രാവര്‍ത്തികമായില്ല.സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ സമരഭീഷണിയുമായി യൂണിയനുകള്‍ രംഗത്തുവന്നു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചതും ഇപ്പോഴത്തെ കരാറുണ്ടായതും.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടപ്പാക്കിയ എമര്‍ജെന്‍സി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് നിയമം പിന്‍വലിക്കാമെന്ന് കഴിഞ്ഞ മാസം നടന്ന ശമ്പളക്കരാര്‍ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us