ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രാദേശിക ഭരണസമിതികളിലേയ്ക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം ഉണ്ടായേക്കുമെന്ന് സൂചനകള്‍.
പ്രാഥമിക ഫലസൂചനകള്‍ അനുസരിച്ച് ഫിനഗേലും, ഫിനാഫാളും മത്സരിച്ച മിക്ക മണ്ഡലങ്ങളിലും അവര്‍ക്ക് മെച്ചപ്പെട്ട മുന്നേറ്റം കാഴ്ചവെയ്ക്കാനായിട്ടുണ്ട്.ഗ്രീന്‍ പാര്‍ട്ടിയും നഗരമേഖലയില്‍ അവരുടെ മുഖം രക്ഷിച്ചു.
റഫ്യൂജികള്‍ക്കും, കുടിയേറ്റക്കാര്‍ക്കും അനുകൂലമായ നയം സ്വീകരിച്ച സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി തന്നെ ഇതിനെ വിലയിരുത്തുന്നുണ്ട്.
പ്രധാന നഷ്ടം സംഭവിക്കാന്‍ സാധ്യത സിന്‍ ഫെയ്നായിരിക്കും.കഴിഞ്ഞ മാസങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന പിന്തുണയുടെ ഗ്രാഫ് കുത്തനെ ഇടിയുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കാണുന്നത്.
പാര്‍ട്ടി നേതാവ് മേരി ലൂ മക്ഡൊണാള്‍ഡിന്റെ ഹൃദയഭൂമിയായ കാബ്രയിലും ഗ്ലാസ്നെവിനിലും പോലും സിന്‍ ഫെയ്നെ പിന്നിലാക്കി ഫിനഗേല്‍ മുന്നേറുന്നു.
ലീമെറിക് മേയര്‍ സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കാതറിന്‍ സ്ലാറ്ററി (ഫിനാഫാള്‍ ) 20 ശതമാനത്തോളം വോട്ടുകള്‍ നേടി മുന്നിലാണ്.
കിമ്മേജ് റാത്ത് മൈന്‍സില്‍ ഫിനഗേലിലെ പൂനം റാണെ 11 % ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് നേടി മുന്നേറുന്നു.ആര്‍ടൈനില്‍ ഫിനഗേലിലെ ലിങ്ക്വിന്‍സ്റ്റര്‍ മാത്യു പിന്നിലാണ്.
കാബ്ര ഗ്ലാന്‍സ്സ്‌നേവില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫെല്‍ജിന്‍ ജോസ് 11 % ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി.
താല സെന്‍ട്രലില്‍ ഫിനഗേലിന്റെ ബ്രിട്ടോ പെരേപ്പാടനും, താല സൗത്തില്‍ ബേബി പെരേപ്പാടനും ലീഡ് ചെയ്യുന്നു.
ഡണ്‍ലേരിയില്‍ ഫസ്റ്റ് റൗണ്ടിൽ തോമസ് ജോസഫ് (ലേബര്‍ പാര്‍ട്ടി) ലീഡ് നേടിയപ്പോള്‍ ,ബ്ലാക്ക് റോക്കില്‍ റെജി സി ജേക്കബും, സാന്‍ഡിഫോര്‍ഡില്‍ രൂപേഷ് പണിക്കരും പിന്നിലാണ്.
ലൂക്കന്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി റോയി കുഞ്ചലക്കാട്ടും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജിതിന്‍ റാമും പിന്നിലാണ്.