/sathyam/media/media_files/2026/01/17/c-2026-01-17-04-07-13.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡിട്ട് കുതിക്കുമ്പോള്‍ ഇന്ത്യന്‍ ആധിപത്യം തുടരുന്നു.9175 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ പഠിക്കുന്നത്. രാജ്യത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ 10 ശതമാനവും ഇന്ത്യക്കാരാണ്.രണ്ടാം സ്ഥാനം യു എസിനാണ്. 2023/24 വരെ അയര്‍ലണ്ടിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മയായിരുന്നു അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍. തുടര്‍ച്ചയായ നാലാം വര്‍ഷവും ഈ വളര്‍ച്ച തുടര്‍ന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്ഥിതി മാറി. ഇന്ത്യ മേല്‍ക്കൈ നേടി.കഴിഞ്ഞ വര്‍ഷം അമേരിക്കക്കാരായ 6125(8%) കുട്ടികളാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം 44,500 വിദേശ വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടിലെത്തിയത്. മുന്‍ വര്‍ഷം ഇത് 40,000മായിരുന്നു.എണ്ണത്തില്‍ 10% വര്‍ദ്ധനവുണ്ടായി.ചൈന, യു കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളതടക്കം 30 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ പഠിക്കുന്നത്.ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞു.ഇറ്റലിക്കാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാലാം സ്ഥാനം.
ബിരുദം മാത്രമല്ല, റിസള്‍ട്ടും നല്‍കുന്ന ഒരു രാജ്യമായാണ് കുടുംബങ്ങള്‍ അയര്‍ലണ്ടിനെ കാണുന്നതെന്ന് ഇന്ത്യയിലെ വിവിധ ഐറിഷ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന വണ്‍സ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും സിഇഒയുമായ അരിത്ര ഘോശാല്‍ അഭിപ്രായപ്പെട്ടു.
ഡിഗ്രി,പി ജി എന്റോള്‍മെന്റുകളും കൂടി
അയര്‍ലണ്ടിന്റെ ബിരുദ, ബിരുദാനന്തര ബിരുദകോഴ്സുകളിലേയ്ക്കുള്ള എന്റോള്‍മെന്റുകളും വര്‍ദ്ധിച്ചു.ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം 9% വര്‍ദ്ധിച്ചപ്പോള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടേത് 11% കൂടി.സ്റ്റെം, എ ഐ, സസ്റ്റെയ്നബിലിറ്റി, ഡാറ്റാ സയന്‍സ്, സൈബര്‍ സുരക്ഷ എന്നിവയാണ് പുതിയ തലമുറയുടെ ജനപ്രിയ കോഴ്സുകള്‍.കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹെല്‍ത്ത് സയന്‍സസ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയ്ക്ക് വന്‍ ഡിമാന്‍ഡുണ്ടായി.കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ റോഡ് ഷോ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ സര്‍വകലാശാലകളുടെ റിക്രൂട്ട്മെന്റുകളില്‍ വര്‍ദ്ധനവുണ്ടാക്കിയെന്ന് കരുതുന്നു.
യു കെ വിദ്യാര്‍ഥികളില്‍ ഇടിവ് തുടരുന്നു
അതേ സമയം,യുകെയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 5% കുറഞ്ഞു. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ പ്രവണത.ബ്രക്സിറ്റും 2020-ല്‍ ഇറാസ്മസ് പ്രോഗ്രാമില്‍ നിന്നുള്ള പിന്മാറ്റവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2027ല്‍ യുകെ ഇറാസ്മസ് + ല്‍ വീണ്ടും ചേരും. അതോടെ, അയര്‍ലണ്ടിലെ യു കെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്യന്‍ മൊബിലിറ്റി ഗുണം ചെയ്തു
യൂറോപ്യന്‍ മൊബിലിറ്റിയും അയര്‍ലണ്ടിന്റെ വിദ്യാഭ്യാസ വളര്‍ച്ചയെ സ്വാധീനിച്ചു. നെതര്‍ലാന്‍ഡ്‌സ് 41% എന്ന വേഗതയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വേഗത്തില്‍ വളരുന്ന 10 വിദ്യാര്‍ത്ഥി ജനസംഖ്യയില്‍ ആറെണ്ണം യൂറോപ്യനാണ്. ഇ യു സഞ്ചാര സ്വാതന്ത്ര്യവും ഇരാസ്മസ്+ പോലുള്ള പ്രോഗ്രാമുകളുടെ സ്വാധീനവും എടുത്തുപറയേണ്ടതാണ്.
നേട്ടത്തിന് പിന്നില്‍ നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളും
നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളും അയര്‍ലണ്ടിന് നേട്ടം തന്നു. കഴിഞ്ഞ രണ്ട് അക്കാദമിക് വര്‍ഷങ്ങളിലായി ഏറ്റവും വേഗത്തില്‍ വളരുന്ന ഉറവിട രാജ്യങ്ങളില്‍ ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നിവ ഉള്‍പ്പെടുന്നു. 2023/24, 2024/25 വര്‍ഷങ്ങളില്‍ ഓരോന്നും 25% ല്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തി.
വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകളിലും മാറ്റങ്ങളുണ്ടായി. ബിസിനസ്സ്, അഡ്മിനിസ്ട്രേഷന്‍, നിയമം എന്നിവ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായി. ഏതാണ്ട് 20% എന്റോള്‍മെന്റുകളുണ്ടായി.അതേസമയം ആര്‍ട്ട്, നാച്വറല്‍ സയന്‍സ്, ഐ സി ടി എന്നിവ ഇരട്ട അക്ക നേട്ടം കൈവരിച്ചു.
ശക്തമായ എന്റോള്‍മെന്റ് വര്‍ദ്ധനവുണ്ടാകുമ്പോഴും വെല്ലുവിളികളും നിലനില്‍ക്കുന്നു. നീണ്ട വിസ പ്രോസസ്സിംഗ് സമയമാണ് ആശങ്കകള്‍ ഉയര്‍ത്തുന്നത് .ഈ കാലതാമസം അയര്‍ലണ്ടിന്റെ പ്രശസ്തിയെ ദുര്‍ബലപ്പെടുത്തുമെന്ന് ദി പി ഐ ഇ ലൈവ് അയര്‍ലന്‍ഡ് മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യമാണ് മറ്റൊരു പ്രതിസന്ധി. വര്‍ദ്ധിക്കുന്ന ആവശ്യവും ലിമിറ്റഡ് സപ്ളൈയും കുതിക്കുന്ന വാടകയും തടസ്സങ്ങളായി പണ്ടേ ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്.
എന്നാല്‍ സമീപ കാലത്ത് ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ നിരവധി ആക്രമണങ്ങള്‍ സുരക്ഷാ ആശങ്കകളുണ്ടാക്കി. ഇന്ത്യന്‍ പൗരന്മാരോട് മുന്‍കരുതലുകളെടുക്കാനും ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ഒഴിവാക്കാനും ഓഗസ്റ്റില്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us