അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യക്കാര്‍ ഒഴുകുന്നു, ജോലി തേടി തന്നെ …!

New Update
Vhh

ഡബ്ലിന്‍: അയര്‍ലണ്ട് ,ഇന്ത്യക്കാരെ അടിച്ചോടിക്കുകയാണെന്ന കേരളത്തിലെ സോഷ്യല്‍ മീഡിയാ വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്കെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പ്. കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ‘ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ‘പറ്റില്ലെന്ന വിധത്തില്‍ പ്രചണ്ഡപ്രചാരണം നടത്തിയത്.

Advertisment

അയര്‍ലണ്ടില്‍ പി പി എസ് നമ്പര്‍ നേടുന്ന വിദേശ രാജ്യക്കാരില്‍ ഒന്നാം സ്ഥാനത്ത്

ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം 13281 ഇന്ത്യക്കാരാണ് പി പി എസ് നമ്പര്‍ നേടിയത്.ഓഗസ്റ്റ് അവസാനം വരെ 1,48,805 പുതിയ പി പി എസ് നമ്പരുകളാണ് ഇഷ്യു ചെയ്തത്.ഇതില്‍ 42,678 ഐറിഷ് പൗരന്മാരാണ് പി പി എസ് നമ്പര്‍ നേടിയത്.മൊത്തം എണ്ണത്തിന്റെ 28%മാണിത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് 9 % പി പി എസ് നമ്പര്‍ നേടാനായി.ഈ കണക്ക് ചെറുതാണെങ്കിലും സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അയര്‍ലണ്ടിലെ സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെയാണെന്ന വ്യാപക പ്രചാരണം ഉണ്ടായിട്ടും, പുതിയതായി അയര്‍ലണ്ടിലെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അയര്‍ലണ്ടിന്റെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഇന്ത്യക്കാരുടെ സാന്നിധ്യം വേണമെന്ന ആവശ്യം ഐറിഷ് തൊഴിലുടമകള്‍ പോലും ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം അവസാനമാവുമ്പോഴേയ്ക്കും 25000 ഇന്ത്യക്കാരെങ്കിലും പുതിയതായി പി പി എസ് നമ്പറുകള്‍ നേടിയവരായി ഉണ്ടാകുമെന്നാണ് സൂചനകള്‍.

പുതിയ ഇഷ്യൂകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പിപിഎസ് നമ്പറുകള്‍ നേടുന്ന ഐറിഷുകാരുടെ എണ്ണത്തിലെ കുറവ് കഴിഞ്ഞ 20 വര്‍ഷമായി സ്ഥിരമായി കണ്ടുവരുന്നതാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

നോണ്‍ ഐറിഷ് പൗരന്മാരുടെ കുട്ടികളുടെ ജനനത്തിലെ എണ്ണത്തിലെ വര്‍ദ്ധനവാണ് പിപിഎസ് നമ്പരുകളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് കരുതുന്നത്. രാജ്യത്തെ ജനനത്തിന്റെ 30% നോണ്‍ ഐറിഷ് രാജ്യക്കാരുടെ കുട്ടികളുടേതാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

പി പി എസ് നമ്പരുകളില്‍ 24% അഭയാര്‍ത്ഥികളുടേത്

ഓഗസ്റ്റ് അവസാനം വരെ 12 രാജ്യക്കാര്‍ക്കായി നല്‍കിയ 43,439 പി പി എസ് നമ്പരുകളില്‍ 24%വും രാജ്യത്തെ അസൈലം തേടിയെത്തിയവരാണെന്ന് കണക്കുകള്‍ പറയുന്നു.ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെത്തിയത് 13,714 അഭയാര്‍ത്ഥികളാണ്.ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ നല്‍കിയ പി പി എസ് നമ്പറുകളുടെ 9.25%വും ഇവരാണ്.2024ലെ ഇതേ കാലയളവില്‍ അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരുടെ എണ്ണം 14,022ആയിരുന്നു. ഇതിനേക്കാള്‍ 8,259 (41%) പേരുടെ കുറവാണിത്.

അഭയാര്‍ത്ഥികളും ഉക്രൈയിന്‍കാരുമായി 28,799 പേരായിരുന്നു 2024ല്‍ രാജ്യത്തത്തിയത്.പുതിയ പി പി എസ് നമ്പരുകളുടെ 12.5% ഇവരായിരുന്നു.

മറ്റു കുടിയേറ്റക്കാരുടെ എണ്ണവുമായി നോക്കുമ്പോള്‍ അഭയാര്‍ത്ഥികളുടെ എണ്ണം താരതമ്യേന കുറയുകയാണെന്ന് കണക്കുകള്‍ പറയുന്നു. കുടിയേറ്റക്കാരില്‍ ഏറെ പേരും ജോലിയ്ക്കും പഠനത്തിനുമായി വരുന്നവരാണ്.

ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ വര്‍ഷം ഇ യു/ ഇ ഇ എയില്‍ നിന്ന് 92,030 വിദ്യാര്‍ത്ഥികളാണ് ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകളില്‍ ചേര്‍ന്നത്.പലരും ഹ്രസ്വ കാല കോഴ്‌സുകളിലായിരുന്നു, 2024ല്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത 45,759 ഇറ്റാലിയന്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ 6,968 ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് മാത്രമേ പി പി എസ് നമ്പര്‍ നല്‍കിയുള്ളൂ.

വിദ്യാര്‍ത്ഥികളിലും ഇന്ത്യാക്കാര്‍

രാജ്യത്താകെയുള്ള 40,000 പുതിയ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ 16% (7000-8000) ഇന്ത്യാക്കാരാണ്. ചൈന (4,000), നൈജീരിയ (2,500), ബ്രസീല്‍ (1,500) തുടങ്ങിയതാണ് മറ്റ് കണക്കുകള്‍.2024ല്‍ ഇവിടെ എത്തിയ ഇംഗ്ലീഷ് ഭാഷാ വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 1,28,761 ആയിരുന്നു. ഭാഷാ സ്‌കൂളുകള്‍ കൂടുതലാണ്. 2019 ലെ കണക്കിന്റെ ഇരട്ടിയിലധികമാണിത്.

ഇ യുവിന് പുറത്തുനിന്നുള്ള ബ്രസീലില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ഷം തോറും ഉയരുന്നുണ്ട്. ഓഗസ്റ്റ് അവസാനം വരെ 9,655 പിപിഎസ് നമ്പര്‍ ഇവര്‍ക്ക് ഇഷ്യൂ ചെയ്തു. 2,123 വര്‍ക്ക് പെര്‍മിറ്റുകളാണ് ബ്രസീലുകാര്‍ക്ക് നല്‍കിയിരുന്നത്.

കണക്കുകള്‍ വ്യക്തമാക്കുന്നത്…

കുടിയേറ്റവും അഭയാര്‍ത്ഥികളുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഏറ്റവും പുതിയ പിപിഎസ് നമ്പറുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ജോലി, വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ ആശ്രിതര്‍, ഫാമിലി റിയൂണിഫിക്കേഷന്‍ ഗുണഭോക്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന അവ്യക്തമായ മേഖലയാണ് കുടിയേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും ,അഭയാര്‍ത്ഥികള്‍ കുറയുകയാണെന്നും സ്ഥിതിവിവരണ കണക്കുകള്‍ പറയുന്നു.

Advertisment