അയര്‍ലണ്ടിലേക്ക് ഇന്ത്യക്കാരൊഴുകും… ദ്വീപ് സ്വന്തമാക്കും…എന്തൊക്കെ കെട്ടുകഥകള്‍!

New Update
R

ഡബ്ലിന്‍: കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പേരില്‍ പുകമറ തീര്‍ത്ത് കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ ഇന്ത്യയ്ക്കെതിരായി വ്യാജ പ്രചാരണം നടത്തുന്നു.തീര്‍ത്തും തെറ്റായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത് .യാതോരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമായിട്ടു കൂടിയും ലക്ഷക്കണക്കിനാളുകള്‍ ഈ പോസ്റ്റുകള്‍ കണ്ടു.നൂറുകണക്കിനാളുകള്‍ ഷെയറും ചെയ്തു.

Advertisment

ഇന്ത്യയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ തുറന്ന പുതിയ നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനം പേരെങ്കിലും അയര്‍ലണ്ടിലേക്ക് എത്തുമെന്നാണ് കുടിയേറ്റ വിരുദ്ധരുടെ പ്രചാരണം.ഐറിഷ് സര്‍ക്കാര്‍ അത് കാര്യമായൊന്നും എടുക്കുന്നിലെങ്കിലും , കുടിയേറ്റവിരുദ്ധ നിലപാടെടുക്കുന്ന വലത് ഗ്രൂപ്പുകള്‍, നുണയുടെ ചാകരയാണ് പടച്ചുവിടുന്നത്.

ഇയു ഇന്ത്യാ കരാറിന്റെ വിശദാംശങ്ങള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ക്കും ഇതിനെക്കുറിച്ച് കാര്യമായി അറിവില്ല. ഈ പശ്ചാത്തലത്തിലാണ് ചില ഓണ്‍ലൈന്‍ കമന്റേറ്റര്‍മാര്‍ അയര്‍ലണ്ടിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്.

”പുതിയ ഇ യു ഇന്ത്യ ഓപ്പണ്‍ ഡോര്‍ നയ പ്രകാരം ഒരു ശതമാനം ഇന്ത്യക്കാര്‍ അയര്‍ലണ്ടിലേക്ക് വരും.അങ്ങനെ വന്നാല്‍ അയര്‍ലണ്ടിന്റെ ജനസംഖ്യയില്‍ നാലില്‍ മൂന്ന് പേരും ഇന്ത്യക്കാരാകും. ഇന്ത്യക്കാര്‍ അയര്‍ലണ്ട് സ്വന്തമാക്കും” ഫ്ളോറിഡയില്‍ നിന്നുള്ളയാളെന്ന് അവകാശപ്പെടുന്ന ഒരാളുടെ പോസ്റ്റ് ഫെബ്രുവരി 13ന് എക്സില്‍ പറയുന്നു. ഇന്ത്യക്കാരുടെ വംശീയ കാരിക്കേച്ചറും ഇദ്ദേഹം പോസ്റ്റ് ചെയ്തു. ആയിരക്കണക്കിന് പേരാണ് പോസ്റ്റുകളില്‍ അഭിപ്രായം പറയാനെത്തിയത്.വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ആ പോസ്റ്റിന് കമന്റിട്ടവര്‍ പടച്ചുവിട്ടത്. ആന്റിസെമിറ്റിക് മീമും ഒരു പോസ്റ്റില്‍ കാണാം.

ജനുവരി അവസാനമാണ് ഇ യു -ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെട്ടത്. എന്നിരുന്നാലും ഇ യു കൗണ്‍സിലും പാര്‍ലമെന്റും ഇന്ത്യന്‍ സര്‍ക്കാരും അംഗീകരിക്കുന്നതുവരെ കരാര്‍ പ്രാബല്യത്തില്‍ വരില്ല.

ഇ യു ഇന്ത്യ കരാര്‍ വ്യാപാരവുമായി ബന്ധപ്പെട്ടത്

ചരക്കുകളുടെയും സര്‍വ്വീസുകളുടെയും വ്യാപാരവുമായി ബന്ധപ്പെട്ടതാണ് കരാര്‍.കുടിയേറ്റത്തിലേയ്ക്കുള്ള വഴി തുറക്കലാണെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നും ഈ കരാറിലില്ല.എന്നിരുന്നാലും കോംപ്രിഹെന്‍സീവ് ഫ്രെയിംവര്‍ക്ക് ഓഫ് കോ ഓപ്പറേഷന്‍ ഓണ്‍ മൊബിലിറ്റിഎന്ന പേരില്‍ ഒരു ധാരണാപത്രം ഇ യു ഇന്ത്യ ഉച്ചകോടി അംഗീകരിച്ചിട്ടുണ്ട്.വിദഗ്ധ തൊഴിലാളികള്‍, യംഗ് പ്രൊഫഷണലുകള്‍, തൊഴിലാളിക്ഷാമം നേരിടുന്ന സീസണല്‍ ജോലികള്‍ എന്നിവയുടെ സഞ്ചാരം സുഗമമാക്കുക എന്നതാണ് ഈ മെമ്മോയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ,അഥവാ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വരും വര്‍ഷങ്ങളില്‍ യൂറോപ്പിലെത്തിയേക്കാം.എങ്കിലും അത് അയര്‍ലണ്ടിലേക്ക് മാത്രമായിരിക്കില്ല,

സോഷ്യല്‍ മീഡിയ കെട്ടുകഥകള്‍

ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. സമീപകാല കരാറിന്റെ പൂര്‍ണ്ണരൂപം പരസ്യമാക്കിയിട്ടില്ല. ഔദ്യോഗിക ആശയവിനിമയങ്ങളിലൊന്നും ഇന്ത്യയ്ക്കും ഇ യുവിനുമിടയില്‍ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കുമെന്ന സൂചനയില്ല. സ്വതന്ത്ര വ്യാപാര കരാറില്‍ ചില മേഖലകളില്‍ പ്രൊഫഷണലുകള്‍ക്ക് താല്‍ക്കാലിക പ്രവേശനവും താമസവും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിശദാംശങ്ങളില്‍ പറയുന്നുണ്ടെന്ന് മാത്രം.

നിലവിലെ ഇ യു മൈഗ്രേഷന്‍ നിയമങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, സീസണല്‍ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവരുടെ മൊബിലിറ്റി സംബന്ധിച്ച വിശാലമായ തത്വങ്ങളുള്‍ക്കൊള്ളുന്ന നിയമപരമായി അടിസ്ഥാനമില്ലാത്ത ഒന്നാണ് ധാരണാപത്രമെന്ന് ജസ്റ്റീസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.വിസ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനും ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനും തുല്യമാണിതെന്ന് മറ്റ് സര്‍ക്കാര്‍ കേന്ദ്രങ്ങളും സൂചിപ്പിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള പ്രവേശനത്തിനും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുന്നതിനും അനുകൂലമായ ചട്ടക്കൂട് തുടരാന്‍ ഈ മെമ്മോ സഹായിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരും പറയുന്നു.നിലവില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ,ഐറിഷ് സര്‍ക്കാര്‍ പഠനശേഷം തിരിച്ചയക്കുന്നുണ്ട്. മുമ്പ് അധികമില്ലായിരുന്ന ഈ പ്രവണത ഈ വര്‍ഷം വളരെ കൂടുതലാണ്.എന്നാല്‍ പുതിയ നയം വരുന്നതോടെ ,അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ടിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.

ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും സ്വാഗതമുണ്ടല്ലോ പിന്നെന്തിന് പുതിയ കരാര്‍

അയര്‍ലണ്ടിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ജോലി, ബിസിനസ്, വിദ്യാര്‍ത്ഥി വിസകള്‍ ഇതിനകം തന്നെ ലഭ്യമാണ്. ഈ പുതിയ കരാര്‍ സ്ഥിതിഗതികള്‍ മാറ്റുമോ ഇല്ലയോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ അയര്‍ലണ്ടിലേക്ക് മാറുമെന്ന അവകാശവാദത്തിന് തീരെ സാധ്യതയില്ല. ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത് ശതമാനമെന്നത് 14.3 മില്യണ്‍ പേരാണ് .അയര്‍ലണ്ടിന്റെ ഇപ്പോഴുള്ള ആകെ ജനസംഖ്യ 6 മില്യണ്‍ തികയില്ല.

ഐറിഷ് സര്‍ക്കാര്‍ വരും വര്‍ഷങ്ങളില്‍ 14.3 മില്യണ്‍ വിസകള്‍ നല്‍കുമെന്ന പ്രചാരണം പേരും നുണയാണെന്നാണ് അയര്‍ലണ്ടിലെ വിവിധ മാധ്യമങ്ങളുടെ ഫാക്ട് ചെക്ക് വാര്‍ത്തകള്‍ കണ്ടെത്തിയത്. അയര്‍ലണ്ടിന് മാത്രമല്ല യൂറോപ്യന്‍ യൂണിയന് മൊത്തത്തില്‍ ഇ യു കരാര്‍ ബാധകമാണ്. ഇന്ത്യയില്‍ നിന്നുള്ള പൊതുകുടിയേറ്റം പുതിയ കരാര്‍ നയരേഖയുടെ ഭാഗമാണ്.പക്ഷെ അത് ഇ യുവിന്റെ ആകെ ജനസംഖ്യയുടെ ഏകദേശം 1.2% അയര്‍ലണ്ടിലേയ്ക്ക് മാത്രമാവില്ല …!

ഇന്ത്യക്കാര്‍ അവരുടെ നിലവിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി ഇയു രാജ്യങ്ങളിലേക്ക് താമസം മാറിയാല്‍ത്തന്നെയും ബഹുഭൂരിപക്ഷവും അയര്‍ലണ്ടിലേക്കല്ല, മറ്റ് ഇ യു രാജ്യങ്ങളിലേക്കാകും പോവുക.ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ഭാഗം വളരെ പെട്ടെന്ന് തന്നെ ഇയുവിലേക്ക് മാറുമെന്നാണ് സോഷ്യല്‍ മീഡിയാ വിദഗ്ദ്ധരുടെ കണക്കുകള്‍ പറയുന്നത്.

Advertisment