/sathyam/media/media_files/2025/05/09/hg8xDvwWnjqkCmRPyB8r.jpg)
അയര്‍ലണ്ടില്‍ ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 2.2% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.8% ആയിരുന്നു പണപ്പെരുപ്പമെന്നും, പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും CSO പറയുന്നു.
കോവിഡ് കാരണം ഇന്ധനവില വര്‍ദ്ധിച്ചതോടെ 2022-ല്‍ രാജ്യത്തെ പണപ്പെരുപ്പം 9.2 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഊര്‍ജ്ജവില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി. ഇതോടെ ഭക്ഷ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഉയര്‍ന്നു. പിന്നീട് പൊതുവില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഇപ്പോഴും പല സാധനങ്ങള്‍ക്കും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.
ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വില ഉയര്‍ന്നത് recreation and culture മേഖലയിലാണ്- 4.2%. ഇത് ഹോളിഡേ പാക്കേജുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. ഭക്ഷണത്തിനും, നോണ്‍ ആല്‍ക്കഹോളിക് ബിവറേജുകള്‍ക്കും 3.4% വില ഉയര്‍ന്നു.
ഭക്ഷ്യവസ്തുക്കളില്‍ ഒരു പൗണ്ട് ബട്ടറിന് 12 മാസത്തിനിടെ 97% വില വര്‍ദ്ധിച്ചപ്പോള്‍, ഒരു കിലോ ഐറിഷ് ചെയ്ഡ്ഡറിന് 79% ആണ് വിലവര്‍ദ്ധന. ഫുള്‍ ഫാറ്റ് മില്‍ക്കിന് 27%, ബ്രൗൺ സ്ലൈസഡ് പാൻ ബ്രെഡിന് 2% എന്നിങ്ങനെയും വില കൂടി.
അതേസമയം ഉരുളക്കിഴങ്ങ്, സ്പെഗീട്ടി എന്നിവയ്ക്ക് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.