/sathyam/media/media_files/2025/10/23/2710360-doublin-2025-10-23-16-44-48.webp)
ഡബ്ലിൻ: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ സംഘർഷം ശക്തം. അഭയാർഥി കേന്ദ്രത്തിന് സമീപം നടന്ന അക്രമങ്ങളിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കല്ലുകൾ, ഇഷ്ടികകൾ, പടക്കങ്ങൾ എന്നിവ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എറിഞ്ഞ് ആക്രമണമാരംഭിച്ചതിനെ തുടർന്ന് ഒരാൾക്ക് തലയിൽ പരിക്കേൽക്കുകയും മറ്റൊരാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായി അഭയാർഥി കേന്ദ്രത്തിന് പുറത്തുണ്ടായ ഈ അക്രമങ്ങളിൽ പങ്കെടുക്കുന്നവരിൽ യുവാക്കളും കൗമാരക്കാരുമാണ് കൂടുതലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് തുടക്കമായത് പടിഞ്ഞാറൻ ഡബ്ലിനിൽ 10 വയസ്സുള്ള പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാരോപിച്ച് നടന്ന പ്രതിഷേധമാണ്. ഐറിഷ് ചൈൽഡ് ആൻഡ് ഫാമിലി ഏജൻസിയായ ‘ടുസ്ല’യുടെ സംരക്ഷണത്തിലുള്ള ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് 26 വയസ്സുള്ള യുവാവിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അക്രമത്തിലേക്ക് മാറിയത്.
അറസ്റ്റിലായ 24 പേരിൽ 17 മുതിർന്നവർക്കെതിരെ ക്രമസമാധാന ലംഘനക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇവരെ ഡബ്ലിൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതും സോഷ്യൽ മീഡിയയിലൂടെ ഏകോപിപ്പിച്ചതുമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അക്രമത്തെ പൊലീസ് കമീഷണർ ജസ്റ്റിൻ കെല്ലി ശക്തമായി അപലപിച്ചു. ക്രൂരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us