അയർലണ്ടിലെ ആദ്യത്തെ ചെണ്ടമേള ടീം 'ഡബ്ലിൻ ഡ്രംസ്' പതിനാറാം വർഷത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update
dublin drums

ഡബ്ലിൻ: മനസ്സിലെന്നോ ഇടംപിടിച്ച താള ബോധത്തിന്റെ ബലത്തിൽ 2009 ൽ അയർലണ്ടിൽ ആദ്യമായി ഡബ്ലിനിൽ നിന്നുള്ള  11പേർ ചേർന്ന് തുടക്കമിട്ട ഡബ്ലിൻ ഡ്രംസ് 15 വർഷം പിന്നിടുന്നു.  

Advertisment

കലകളെയും കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിക്കുന്ന ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോടെയായിരുന്നു ടീമിന്റെ അരങ്ങേറ്റം. രണ്ടാമത്തെ മേളം വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ പ്രോഗ്രാമിനായിരുന്നു.

ആദ്യം കരിങ്കൽ കഷണങ്ങളിലും, പുളിമുട്ടിയിലും ചെണ്ട മേളത്തിന്റെ ആദ്യാക്ഷരങ്ങൾ സായത്തമാക്കി. നാട്ടിൽ നിന്നും കുറെ നാളുകൾ ചെണ്ട അഭ്യസിച്ച ബിജു വൈക്കത്തിന്റെ നേതൃത്വത്തിൽ റോയി പേരയിൽ, ഷൈബു കൊച്ചിൻ, ജയൻ കൊട്ടാരക്കര, ഡൊമിനിക് സാവിയോ, ജോൺസൻ ചക്കാലക്കൽ, രാജു കുന്നക്കാട്ട്, ഉദയ് നൂറനാട്, റെജി കുര്യൻ, സെബാസ്റ്റ്യൻ കുന്നുംപുറം, സണ്ണി ഇളംകുളത്ത് തുടങ്ങിയവരായിരുന്നു ടീമംഗങ്ങൾ. ഇതിൽ സണ്ണി ഇളംകുളത്തിന്റെ ആക്‌സ്മിക വേർപാട് ടീമിന് ഇന്നും ഒരു തീരാദുഃഖമാണ്.

പിന്നീട് ജോഫിൻ ജോൺസൻ, ബിനോയി കുടിയിരിക്കൽ, ബെന്നി ജോസഫ്, സിറിൽ തെങ്ങുംപള്ളിൽ, രാജൻ തര്യൻ പൈനാടത്ത്, ഷാലിൻ കാഞ്ചിയാർ,തോമസ് കളത്തിപ്പറമ്പിൽ, മാത്യൂസ് കുര്യാക്കോസ്, ബിനു ഫ്രാൻസീസ്, ലീന ജയൻ, ആഷ്‌ലിൻ ബിജു, റോസ് മേരി റോയി തുടങ്ങിയവരും ടീമിലിടം കണ്ടെത്തി. ഇടക്ക് ഫാ. ഡോ. ജോസഫ് വെള്ളനാലും ടീമിൽ ഉണ്ടായിരുന്നു.

ഇടിമുഴക്കത്തിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന അത്ഭുത വാദ്യോപകരണമായ ചെണ്ട, 18 വാദ്യങ്ങൾക്ക് തുല്യമായി കണക്കാക്കുന്നു. വാദ്യങ്ങളിലെ രാജാവ് എന്ന വിശേഷണവും ചെണ്ടക്ക് തന്നെ.

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നടത്തിയ നിരവധി പരിപാടികൾക്ക് ചെണ്ടമേളം അവതരിപ്പിക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു. തലാ സിവിക് തീയേറ്ററിൽ ക്ഷണിക്കപ്പെട്ട ഐറിഷ് ആരാധകർക്കു മുൻപിൽ ചെണ്ടമേളം അവതരിപ്പിച്ചപ്പോൾ കൈ നിറയെ സമ്മാനങ്ങളുമായാണ് അവർ യാത്രയാക്കിയത്.

കേരള ഹൌസ് കാർണിവലിനും ചെണ്ടമേളവും, ശിങ്കാരി മേളവും അവതരിപ്പിച്ചു. കോർക്ക്, ലിമറിക്ക്, നാസ്, ഗോൾവേ, പോർട്ട്‌ലീഷ്, ഡ്രോഹിഡ തുടങ്ങി അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ ഡബ്ലിൻ ഡ്രംസ് ചെണ്ടമേളം നടത്തിയിട്ടുണ്ട്.

താലാ സൈന്റോളജി സെൻററിൽ പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസിന്റെ സാന്നിധ്യത്തിൽ എ ആർ എം സിനിമയുടെ പ്രൊമോഷനും മേളം അവതരിപ്പിച്ച് സദസ്സിനെ  ഇളക്കിമറിച്ചിരുന്നു. സൂപ്പർ ഡ്യൂപ്പർ ക്രീയേഷൻസ് നടത്തിയ വിധു പ്രതാപ്, ജ്യോൽസ്ന ഗാനമേളയിലും തരംഗം തീർക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു.

താൽ കിൽനമന ഹാളിലും വിവാഹാവസരങ്ങളിൽ ഹോട്ടലുകളിലും ആഷ്‌ലിൻ  ബിജുവിന്റെ വയലിൻ മാസ്മരികതയിൽ ഫ്യൂഷൻ ചെണ്ട മേളം നടത്തുവാനും ടീമിന് സാധിച്ചു. ഡബ്ലിൻ ഡ്രംസിന്റെ ശിങ്കാരിമേളവും ഏറെ  ശ്രദ്ധയാകർഷിക്കുന്നുണ്ട്.

താലയിലെയും ലൂക്കനിലെയും തിരുനാളുകൾക്കും പ്രദക്ഷിണത്തിന് ചെണ്ടമേളം നടത്തിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായി മേളം നടത്തിയിട്ടുണ്ട്. വർഷങ്ങളായി സെന്റ് പാട്രിക് ഡേ പരേഡിന് ചെണ്ടമേളം അവതരിപ്പിച്ചുവരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ സ്റ്റെപ്പാസൈഡ് പരേഡിന് മേളം അവതരിപ്പിച്ചെങ്കിൽ  ഈ വർഷം ഡൺലേരിയിൽ നടക്കുന്ന പരേഡിനാണ് ണ് ടീം ചെണ്ടമേളം കാഴ്ചവയ്ക്കുന്നത്. ഇമ്മാനുവേൽ തെങ്ങുംപള്ളി (സ്‌പൈസ് വില്ലേജ്) യുടെ സഹകരണവും പ്രോത്സാഹനവും  ടീമിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അയർലണ്ട് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ  നോക്ക് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണത്തിന്  ആദ്യമായി ചെണ്ടമേളം നടത്തുവാൻ സാധിച്ചതും ഒരനുഗ്രഹമായി ടീം കാണുന്നു.

വിവരങ്ങൾക്ക് : ബിജു വൈക്കം :0 89 439 2104, റോയി പേരയിൽ :087 669 4782, ഷൈബു കൊച്ചിൻ: 0 87 684 2091.

Advertisment