ഡബ്ലിൻ : സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും.
അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം, ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ ആരംഭിക്കും.
അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഒലിയക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ റവ ഫാ അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ സന്തോഷ് തോമസ് , ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ റജി കുര്യൻ, അയർലണ്ട് സീറോ മലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും സഹ കാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്. തീർത്ഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ .സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മറ്റി ) റോണി ജോർജ് -0894090600 (ഗോൾവെ റീജിണൽ കമ്മറ്റി ) പുന്നമട ജോർജ്ജുകുട്ടി - 0870566531 ( കോർക്ക് റീജിണൽ കമ്മറ്റി)
സിബി സെബാസ്റ്റ്യൻ +353894433676 ( ഡബ്ലിൻ റീജണൽ കമ്മറ്റി ) എന്നിവരെയോ പാരിഷ് / പിതൃവേദി/ സെൻട്രൽ / സഭായോഗം കമ്മറ്റി നേതൃത്വത്തെയോ തീർത്ഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് നാൽപ്പത് ദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത കോർഗ്ഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളൻ്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.