കുടിയേറ്റത്തിന്റെ വെല്ലുവികള്‍ നേരിടാന്‍ അയര്‍ലണ്ടും 26 യൂറോപ്യന്‍ രാജ്യങ്ങളും

New Update
H

ഡബ്ലിന്‍: കുടിയേറ്റത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ പ്രഖ്യാപനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെടുന്ന സംയുക്ത പ്രസ്താവനയില്‍ അയര്‍ലണ്ടും ഒപ്പുവെച്ചു. ആകെയുള്ള 46ല്‍ 26 യൂറോപ്യന്‍ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.

Advertisment

സെക്യൂരിറ്റിയും പബ്ലിക് സേയ്ഫ്ടിയും അടക്കമുള്ള ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അംഗീകരിക്കുന്ന വിധത്തില്‍ ഇ സി എച്ച് ആര്‍ എങ്ങനെ പ്രയോഗിക്കാമെന്ന് പരിശോധിക്കാന്‍ സ്ട്രാസ്ബര്‍ഗില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ നടന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം.

യു കെ, ഡെന്‍മാര്‍ക്ക്, ഇറ്റലി, അല്‍ബേനിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഹംഗറി, ഐസ്ലാന്‍ഡ്, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, മോണ്ടിനെഗ്രോ, നെതര്‍ലാന്‍ഡ്‌സ്പ്പ നോര്‍വേ, പോളണ്ട്, റൊമാനിയ, സാന്‍ മറിനോ, സെര്‍ബിയ, സ്ലൊവാക്യ, സ്വീഡന്‍, ഉക്രെയ്ന്‍ എന്നിവയാണ് ഒപ്പുവെച്ച മറ്റ് രാജ്യങ്ങള്‍.

യൂറോപ്യന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക നിലപാട് അംഗീകരിച്ച ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചില്ല, പകരം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് വാദിക്കുന്നു.

സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്ന മാറ്റങ്ങള്‍

കുടുംബജീവിതത്തിനുള്ള അവകാശം സംരക്ഷിക്കുന്ന ഇ സി എച്ച് ആറിന്റെ ആര്‍ട്ടിക്കിള്‍ 8ല്‍ മാറ്റം വരുത്തണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലും ഗൗരവത്തിലും കൂടുതല്‍ പ്രാധാന്യം നല്‍കണം. വിദേശ കുറ്റവാളിയുടെ ആതിഥേയ രാജ്യവുമായുള്ള സാമൂഹിക, സാംസ്‌കാരിക, കുടുംബ ബന്ധങ്ങള്‍ക്ക് കുറഞ്ഞ പ്രാധാന്യം നല്‍കുന്ന വിധത്തില്‍ പ്രഖ്യാപനം ക്രമീകരിക്കണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 3ലും മാറ്റം വരുത്തണം. വിദേശ കുറ്റവാളികളെ പുറത്താക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ കൈമാറുന്നതിനോ ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിന് സര്‍ക്കാരിന് അനുവാദമുണ്ടാകണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനെ തടയാത്ത വിധത്തില്‍ വ്യവസ്ഥകളുണ്ടാകണം.

വിദേശികളുടെ പ്രവേശനം, താമസം, അവരുടെ പ്രദേശങ്ങളില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള ഒരു സര്‍ക്കാരിന്റെ അവകാശത്തിന്റെ’ പ്രാധാന്യവും സംയുക്ത പ്രസ്താവന ഊന്നിപ്പറഞ്ഞു.

75 വര്‍ഷം പഴക്കമുള്ള ഇ സി എച്ച് ആര്‍

രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പിലുടനീളം മനുഷ്യാവകാശങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഒപ്പുവച്ച 75 വര്‍ഷം പഴക്കമുള്ളതാണ് ഇ സി എച്ച് ആര്‍. എന്നിരുന്നാലും സമീപകാലത്തായി ഇതിനെതിരെ ചില അംഗരാജ്യങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങളുയര്‍ന്നു.

യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് വിധികളും കണ്‍വെന്‍ഷനും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ പോരാട്ടത്തിന് വിഘാതമുണ്ടാക്കുന്നതായി യുകെയും ഡെന്‍മാര്‍ക്കും വിമര്‍ശിച്ചിരുന്നു. പ്രഖ്യാപനങ്ങള്‍ നവീകരിക്കണമെന്ന ആവശ്യത്തില്‍ അയര്‍ലണ്ടും പങ്കുചേര്‍ന്നു.

കുടിയേറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി അംഗരാജ്യങ്ങളുടെ പേരില്‍ ഡാനിഷ് സഹപ്രവര്‍ത്തകന്‍ പ്രകടിപ്പിച്ച ആശങ്കകള്‍ അംഗീകരിക്കുന്നതായി ഉച്ചകോടിയെ അഭിസംബോധന ചെയ്ത ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍ വ്യക്തമാക്കി.വ്യക്തികളുടെ അവകാശങ്ങളും പൊതുതാല്‍പ്പര്യവും സന്തുലിതമായിരിക്കണമെന്നും കുടിയേറ്റത്തെ കൈകാര്യം ചെയ്യുന്നതിന് നൂതന പരിഹാരം ആവശ്യമാണെന്നും കല്ലഗന്‍ അഭിപ്രായപ്പെട്ടു.

Advertisment