അയര്‍ലണ്ടിലേക്ക് വരുന്നവരെയെല്ലാം സ്വീകരിക്കാനാവില്ല… അഭയാര്‍ത്ഥികള്‍ ഇങ്ങോട്ടേയ്ക്ക് വരേണ്ടെന്ന് ജസ്റ്റീസ് മന്ത്രി

New Update
F

ഡബ്ലിന്‍: സാമൂഹിക ഐക്യം തകരുന്നത് മുന്‍നിര്‍ത്തി അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍. അഭയംതേടുന്ന എല്ലാവരെയും അയര്‍ലണ്ടിലേക്ക് സ്വാഗതം ചെയ്യാമെന്നത് നല്ല ആസ്പിരേഷനാണ്. പക്ഷേ എനിക്ക് അതിന് കഴിയില്ല. അത് റിയലിസ്റ്റിക്കാണെന്ന് കരുതുന്നില്ല- അഭയാര്‍ത്ഥി പ്രവാഹം കൊണ്ട് പൊറുതിമുട്ടിയ അയര്‍ലണ്ടിന്റെ ജസ്റ്റീസ് മന്ത്രി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തുറന്നു പറഞ്ഞു.

Advertisment

കഴിഞ്ഞ വര്‍ഷം 18,500 അഭയാര്‍ത്ഥികളാണെത്തിയത്.ഈ സംഖ്യ കുറയ്ക്കണം.അല്ലാത്തപക്ഷം, നമ്മുടെ സാമൂഹിക ഐക്യം തകരും. തെരുവുകളില്‍ കൂടുതല്‍ ടെന്റുകള്‍ ഉയരും.ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു സംവിധാനമായി അത് മാറുമെന്നും മന്ത്രി വ്യക്തമാക്കി .

എന്നിരുന്നാലും എത്ര അഭയാര്‍ത്ഥികളെ രാജ്യം അനുവദിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.

ഇംഗ്ലീഷ് പഠിക്കാന്‍ അയര്‍ലണ്ടിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തുമെന്നും മന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു.കഴിഞ്ഞ വര്‍ഷം 60,000 വിദ്യാര്‍ത്ഥികളാണ് ഇംഗ്ലീഷ് പഠിക്കാന്‍ അയര്‍ലണ്ടിലേക്ക് വന്നത്.ഇംഗ്ലീഷ് പഠിക്കാന്‍ വരുന്നവര്‍ ജോലി നേടുന്നതിനുള്ള സംവിധാനമായി അതിനെ ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കും. ആദ്യഘട്ടത്തില്‍ത്തന്നെ ഇംഗ്ലീഷ് ഭാഷാ സ്‌കൂളുകളുടെ നിയന്ത്രണം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പേരും ഇംഗ്‌ളീഷ് പഠിക്കാന്‍ അയര്‍ലണ്ടില്‍ എത്തുന്നത്. ബ്രസീലില്‍ നിന്നടക്കമുള്ളവര്‍ സംവിധാനത്തെ ദുരുപയോഗിക്കുന്നുണ്ട്.

അയര്‍ലണ്ടിലെ ജനസംഖ്യ വര്‍ഷം തോറും 1.6 ശതമാനം എന്ന നിരക്കില്‍ വര്‍ദ്ധിക്കുകയാണ്.ഇത് വളരെ ഉയര്‍ന്നതും അതിശയകരവുമാണെന്ന് ഒ കല്ലഗന്‍ ചൂണ്ടിക്കാട്ടി.ജനസംഖ്യ വര്‍ദ്ധിക്കുന്നത് സമ്പദ് വ്യവസ്ഥയുടെയും അതോടൊപ്പം , ഒരു രാജ്യമെന്ന നിലയില്‍ അയര്‍ലണ്ടിന്റെയും വിജയമാണ്. എന്നാല്‍ ഈ വര്‍ദ്ധനവ് സര്‍ക്കാര്‍ നല്‍കുന്ന മറ്റ് സേവനങ്ങളില്‍ നിലവില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു.

ഫാമിലി റീ യുണിഫിക്കേഷന്‍ 

വ്യക്തി താല്‍പ്പര്യം മാത്രമല്ല, പൊതുജന താല്‍പ്പര്യവും കൂടി കണക്കിലെടുത്താണ് ഫാമിലി റീ യുണിഫിക്കേഷന്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതെന്നും മന്ത്രി അറിയിച്ചു. പ്രായമായ മാതാപിതാക്കളും കൊച്ചുകുട്ടികളുമെത്തുന്നത് സര്‍ക്കാരിന് ഉത്തരവാദിത്വവും ചെലവും വര്‍ദ്ധിപ്പിക്കും.അതിനാലാണ് ഫാമിലി റീ യുണിഫിക്കേഷന്‍ ആഗ്രഹിക്കുന്നവര്‍ സാമ്പത്തികമായി കൂടി സ്വയംപര്യാപ്തരാകണമെന്ന് നിര്‍ദ്ദേശിക്കുന്നത്.- അതിനുള്ള മാര്‍ഗങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഫാമിലി റീ യൂണിഫിക്കേഷന്‍ സാധ്യമാവും. മന്ത്രി വിശദീകരിച്ചു.

Advertisment