/sathyam/media/media_files/2026/01/18/f-2026-01-18-04-19-15.jpg)
ഡബ്ലിന്‍ : യു എസ് ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് നികുതി വരുമാനത്തെ അമിതമായി ആശ്രയിക്കുന്നതായിരിക്കും ഈ വര്‍ഷം അയര്‍ലണ്ടിന്റെ സാമ്പത്തിക സ്ഥിരത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് വിദഗ്ദ്ധര്‍. ഈ നികുതി കുറഞ്ഞാല്‍ രാജ്യം വലിയ കുഴപ്പത്തിലാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തിന് പുറത്തുള്ള ഭൂരാഷ്ട്രീയ രംഗത്ത് പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ അയര്‍ലണ്ടിനെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.വെനിസ്വേലയിലെ അട്ടിമറി, ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളികള്‍, ഇറാനിലെ ആഭ്യന്തര സാഹചര്യം എന്നിവയെല്ലാം കോര്‍പ്പറേറ്റ് നികുതിയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
ആഗോളതലത്തില്‍ കുതിച്ചുയരുന്ന അസ്ഥിരത അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനുള്ള ശേഷി തകര്‍ക്കും.ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതച്ചെലവുകളേയും ഇത് ബാധിക്കും.കോര്‍പ്പറേഷന്‍ നികുതിയെ അമിതമായി ആശ്രയിക്കുന്നത് പ്രശ്നമാകുമെന്ന് ഗ്രാന്റ് തോണ്‍ടണിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ ആന്‍ഡ്രൂ വെബ്ബ് പറയുന്നു.
2026 വരെ തുടര്‍ച്ചയായ വളര്‍ച്ചയിലേക്കാണ് മിക്ക പ്രവചനങ്ങളും വിരല്‍ ചൂണ്ടുന്നതെങ്കിലും അയര്‍ലണ്ടില്‍ ആഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു.ഉയരുന്ന ചെലവുകള്‍ മൂലം കുടുംബങ്ങളും സ്ഥാപനങ്ങളുമെല്ലാം ഇതിനകം ആകെ സമ്മര്‍ദ്ദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.”ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ നികുതി പ്രൊഫൈല്‍ മാറ്റിയാല്‍ പോലും ഖജനാവിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം വേഗത്തില്‍ കുറയും”.
വരും വര്‍ഷത്തെക്കുറിച്ച് തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് യൂറോപ്യന്‍ അഫയേഴ്‌സ് ചീഫ് ഇക്കണോമിസ്റ്റ് ഡാന്‍ ഒ ബ്രയന്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ അയര്‍ലന്‍ഡിനോ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്‌ക്കോ വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ യു എസ് തീരുമാനിച്ചാല്‍ അത് അയര്‍ലണ്ടിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us