അയര്‍ലണ്ട്, അമേരിക്കയെ നോക്കി പാര്‍ത്തിരിക്കരുത്…! ഒരു എത്തുംപിടിയുമില്ലാത്ത സര്‍ക്കാര്‍

New Update
N

ഡബ്ലിന്‍: സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ അതിരൂക്ഷമായി കടന്നാക്രമിച്ച് ഐറിഷ് ധനകാര്യ ഉപദേശക സമിതി (ഐറിഷ് ഫിസ്‌കല്‍ അഡ്വൈസറി കമ്മിറ്റി-ഐ എഫ് എ സി ).നാളെ എന്നൊന്നില്ല എന്ന മട്ടിലാണ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

Advertisment

യു എസ് ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ഖജനാവിലേക്ക് വന്‍ തോതില്‍ നികുതികള്‍ ഒഴുകുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാരിന്റെ വിന്റ്ഫോള്‍ റവന്യുവിന്റെ അനുപാതം കുറയുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.2026ന് അപ്പുറത്തേയ്ക്കുള്ള ബജറ്ററി പ്രവചനങ്ങളൊന്നും സര്‍ക്കാരിനില്ല.പുതുക്കിയ ഇടക്കാല ധനകാര്യ പദ്ധതി യൂറോപ്യന്‍ കമ്മീഷന് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.വര്‍ഷം തോറുമുള്ള ബജറ്റിംഗില്‍ നിന്ന് സര്‍ക്കാര്‍ മാറേണ്ട കാലം അതിക്രമിച്ചെന്നും ഐ എഫ് എ സി പറയുന്നു.സര്‍ക്കാര്‍ മള്‍ട്ടി-ആനുവല്‍ ബജറ്റിംഗിലേക്ക് നീങ്ങണമെന്ന് സമിതി ഉപദേശിച്ചു.

യു എസ് കമ്പനികളെ മാത്രം ആശ്രയിക്കരുത്

ഈ വര്‍ഷം ചെലവില്‍ 11% വര്‍ധനവുണ്ടാകുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. അതി വേഗത്തിലാണ് ഇത് വര്‍ധിക്കുന്നത്.നികുതി വരുമാനത്തേക്കാള്‍ കൂടുതല്‍ വേഗത്തിലാണ് ചെലവ് വര്‍ദ്ധിക്കുന്നത്.ഈ വര്‍ഷം 7 ബില്യണ്‍ യൂറോയുടെ അടിസ്ഥാന കമ്മിയുണ്ടാകുമെന്നും സമിതി വിലയിരുത്തി.യു എസിലെ ബഹുരാഷ്ട്ര കമ്പനികള്‍ നല്‍കുന്ന നികുതികള്‍ വിശ്വസനീയമല്ലാത്ത വരുമാന സ്രോതസ്സാണ്.പക്ഷേ അത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ നടത്തുന്നത്.

ചെലവ് പരിധി പാലിക്കാനാവുന്നില്ല

ബജറ്റില്‍ പ്രഖ്യാപിച്ച ചെലവ് പരിധി പാലിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല.ചെലവ് പ്രവചനങ്ങള്‍ ആവര്‍ത്തിച്ച് പരിഷ്‌കരിക്കുകയാണ് .2024ലെ ബജറ്റില്‍ നിശ്ചയിച്ചിരുന്നത് 96.6 ബില്യണ്‍ യൂറോയായിരുന്നു.എന്നാല്‍ 2025ലെ ചെലവ് 12.5 ബില്യണ്‍ യൂറോയില്‍ കൂടുതലാണ്.ഈ വര്‍ഷത്തെ ചെലവിന്റെ വളര്‍ച്ചാ പരിധി 5.1% ,അടുത്ത വര്‍ഷം 6.5% എന്നിങ്ങനെയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെലവ് യഥാക്രമം 8.6% , 7.7% എന്നിങ്ങനെയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഒരു എത്തും പിടിയുമില്ലെന്ന് ഐഫക് ചെയര്‍പേഴ്സണ്‍

കോര്‍പ്പറേഷന്‍ നികുതിയില്‍ നിന്നും സേവ് ചെയ്യുന്ന വിഹിതം ഈ വര്‍ഷം 32%ല്‍ നിന്ന് 2026ല്‍ 15% ആയി കുറയുമെന്ന് ഐഫക് സൂചിപ്പിച്ചു.അടുത്ത വര്‍ഷം സര്‍ക്കാരിന് ചെറിയ മിച്ചമേയുണ്ടാകൂ-കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സീമസ് കോഫി മുന്നറിയിപ്പ് നല്‍കി.യൂറോപ്യന്‍ കമ്മീഷന് ഇടക്കാല സാമ്പത്തിക പദ്ധതി നല്‍കാത്തതിനുള്ള സര്‍ക്കാര്‍ ന്യായീകരണം അംഗീകരിക്കാവുന്നതല്ലെന്ന് കോഫി അഭിപ്രായപ്പെട്ടു.മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അത് ചെയ്തു.യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരമുള്ള നിബന്ധനയാണിത്.

സര്‍ക്കാരിന്റെ കണക്കുകളൊന്നും വിശ്വാസയോഗ്യമല്ല.കഴിഞ്ഞ ആഴ്ച, 2025-ലേക്കുള്ള 2 ബില്യണ്‍ യൂറോയുടെ സപ്ലിമെന്ററി ചെലവ് എസ്റ്റിമേറ്റുകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. നവംബറായിട്ടും 2025ലേക്കുള്ള കണക്ക് സര്‍ക്കാരിന്റെ പക്കലില്ല-2026ലേക്കുള്ള ബജറ്റ് കണ്ടെത്തുന്നതേയുള്ളു.2027ലേക്കുള്ള കണക്കുകള്‍ എന്താണെന്നു പോലും സര്‍ക്കാരിനറിയില്ല.പൂര്‍ണ്ണമായും കോര്‍പറേഷന്‍ നികുതിയെ ആശ്രയിക്കുകയെന്നല്ലാതെ മറ്റൊന്നും സര്‍ക്കാരിനില്ല- കോഫി അഭിപ്രായപ്പെട്ടു.

ബജറ്റിനെ കെട്ടുകഥയാക്കിയെന്ന് ലേബര്‍

ഐഫകിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷവും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു.ബജറ്റ് ഒരു കെട്ടുകഥയാണെന്നാണ് ഐഫക് ചൂണ്ടിക്കാണിച്ചതെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് ആരോപിച്ചു.അടുത്ത വര്‍ഷത്തിനപ്പുറം ഒരു സാമ്പത്തിക പദ്ധതി സര്‍ക്കാരിനില്ല.

ഭാവി ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവുകളാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതെന്ന് ബാസിക് ആരോപിച്ചു.വ്യക്തമായ പദ്ധതിയില്ലാതെ ബജറ്റില്‍ നിന്ന് ബജറ്റിലേക്ക്’ നീങ്ങുകയാണ് ഫിനഗേലെന്ന് ലേബര്‍ ടിഡി മേരി ഷെര്‍ലക്ക് കുറ്റപ്പെടുത്തി.

ആരോഗ്യം, പാര്‍പ്പിടം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ ചെലവുകള്‍ സാമ്പത്തിക അശ്രദ്ധയാണ്.മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഷെര്‍ലക് ചൂണ്ടിക്കാട്ടി.

ഇടക്കാല സാമ്പത്തിക പദ്ധതി ഉടനെന്ന് ഹാരിസ്

ഇടക്കാല സാമ്പത്തിക പദ്ധതി തയ്യാറാക്കുക എന്നതിനാണ് ധനമന്ത്രി എന്ന നിലയില്‍ തന്റെ അടിയന്തര മുന്‍ഗണനയെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. വര്‍ഷാവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും.കൗണ്‍സിലിന്റെ വിശകലനത്തെയും അഭിപ്രായത്തെയും സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി പറഞ്ഞു.

കരുതലുണ്ടെന്ന് മാര്‍ട്ടിന്‍

അതേസമയം, ഗണ്യമായ ധനവിഹിതം സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അറിയിച്ചു.എന്നാല്‍ നാളെ എന്നൊന്നില്ലാത്തതുപോലെ ചെലവഴിക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളിലെ ചെലവുകളുടെ തോത് ഉയര്‍ന്നതാണെന്നും മാര്‍ട്ടിന്‍ സമ്മതിച്ചു.

കോവിഡ്, ഊര്‍ജ്ജ പ്രതിസന്ധികള്‍,ജനസംഖ്യാ വളര്‍ച്ച, താരിഫ് പ്രശ്നങ്ങള്‍ എന്നിവയുടെ പ്രതിഫലനമാണ് സമീപകാല ചെലവുകളിലെ വര്‍ദ്ധനവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ ചെലവുകളുടെ ഭൂരിഭാഗവും ക്യാപ്പിറ്റല്‍ എക്സ്പെന്റിച്ചറാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Advertisment