/sathyam/media/media_files/2025/11/19/v-2025-11-19-02-32-16.jpg)
ഡബ്ലിന്‍: ഇന്നലെ മുതല്‍ രാജ്യത്തുടനീളം താപനില കുത്തനെ താഴ്ന്നുവരുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. അര്‍ക്ടിക് കാറ്റിന്റെ ശീതസ്പര്‍ശം ദേശം മുഴുവന്‍ വ്യാപിക്കുന്നതോടെ , വരാനിരിക്കുന്ന രാത്രികളില്‍ സ്‌നോയും മൂടല്‍മഞ്ഞും രാജ്യത്ത് വിരുന്നെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
ഇന്നലെ മുതല്‍ ആഴ്ചയുടെ അവസാനം വരെയുള്ള ദിനരാത്രങ്ങളില്‍ അയര്‍ലണ്ടിന്റെ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 3°C വരെ താഴ്‌ന്നേക്കാമെന്നും, കാറ്റിന്റെ സാന്നിധ്യം അധീകരിക്കുന്നതോടെ സാധാരണയുള്ള തണുപ്പ്, ശരീരത്തെ അന്തരീക്ഷ താപനിലയിലുള്ളതിനേക്കാള്‍ കൂടിയ തണുപ്പായി തോന്നിപ്പിച്ചേക്കാമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ ഉയര്‍ന്ന മേഖലകളിലെല്ലാം ഉറപ്പായും സ്‌നോ പൊഴിയും. 5 സെന്റിമീറ്റര്‍ ഉയരത്തില്‍ വരെ സ്‌നോ എത്തിയാലും അതിശയപ്പെടാനില്ല.
വെള്ളിയാഴ്ചയോടെ ചൂട് വീണ്ടും കുറച്ചുയരുമെങ്കിലും, വാരാന്ത്യം വീണ്ടും മഴയുടെ സാന്നിധ്യത്തോടെ തണുപ്പെത്തും.
എന്ത് ധരിക്കണം ?
ശൈത്യക്കാറ്റ് രാജ്യത്ത് വീശിക്കൊണ്ടിരിക്കെ തന്നെ താപനില -3°C വരെ താഴ്‌ന്നേക്കുന്നതിനാല്‍ ചൂട് ഉറപ്പാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ജീവിതം ദുഷ്‌കരമാകും. അര്‍ക്ടിക് വായു കാരണം ‘ വിന്‍ഡ് ചില്‍ ‘ കൂടുതല്‍ കഠിനമാകുന്നതിനാല്‍ ശരീരത്തിലെ ചൂട് പിടിച്ചുനിര്‍ത്താന്‍ ലെയര്‍സ് രീതിയിലുള്ള വസ്ത്രധാരണം ഏറ്റവും ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന തെര്‍മല്‍ വസ്ത്രങ്ങള്‍ അകഭാഗങ്ങളില്‍ ധരിക്കണം; അതിന്റെ മുകളില്‍ സ്വെറ്റര്‍, ഫ്‌ലീസ് ജാക്കറ്റ് പോലുള്ള ഇന്‍സുലേഷന്‍ വസ്ത്രങ്ങളും, അതിനും പുറത്ത് കാറ്റിനെയും മഞ്ഞിനെയും തടയുന്ന വിന്‍ഡ്പ്രൂഫ് അല്ലെങ്കില്‍ വാട്ടര്‍പ്രൂഫ് ജാക്കറ്റും ഉള്‍പ്പെടുത്തണം.
തലയില്‍ ബീനി അല്ലെങ്കില്‍ ചൂടന്‍ തൊപ്പി, കൈകള്‍ക്കായി കയ്യുറ, കാല്‍പാദങ്ങള്‍ക്ക് ചൂടന്‍ സോക്കുകളും ബൂട്ടുകളും ഉപയോഗിക്കണമെന്ന് ഉപദേശം . കാറ്റിന്റെ തണുപ്പ് മുഖത്ത് നേരിട്ട് തട്ടാതിരിക്കാന്‍ സ്‌കാര്‍ഫ് ഉപകാരപ്രദമാണ്. അതീവ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ചെറിയ ഹാന്‍ഡ് വാറ്മറുകള്‍ കൈവശം വെക്കുന്നതും സുരക്ഷിതമാണെന്ന് വിദഗ്ധര്‍ ചേര്‍ത്തു.
എന്ത് കഴിക്കണം ?
കടുത്ത തണുപ്പുള്ള ഈ കാലയളവില്‍ ശരീരത്തെ ചൂട് പിടിച്ചുനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത്. ഈ ദിവസങ്ങളില്‍ ശരീരത്തിന് ചൂട് നല്‍കുന്ന സമൃദ്ധമായ ഭക്ഷണങ്ങളും ചായകളും ധാരാളം കഴിക്കണം.
ചൂടോടെ ലഭിക്കുന്ന സൂപ്പുകള്‍,ചൂടു കഞ്ഞി,എന്നിവ അധികമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മുളക്-ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേര്‍ത്ത വിഭവങ്ങള്‍ ശരീരത്തെ ഉഷ്ണനില നിലനിര്‍ത്തും. ഇളനീരും തണുത്ത പാനീയങ്ങളും കുറയ്ക്കുന്നത് നല്ലതാണ്.
ശീതകാലത്ത് ശരീരത്തിന് ഊര്‍ജം ആവശ്യമുള്ളതിനാല്‍ മുട്ട, മീന്‍, പയര്‍വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒട്ടും കുറയാത്ത ഊര്‍ജം നല്‍കും. കൂടാതെ കാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, വഴുതന, ചീര പോലുള്ള പച്ചക്കറികള്‍ പോഷകസമൃദ്ധമാണ്. ഓറഞ്ച്, നാരങ്ങ, പേരയ്ക്ക, കീവിഫ്രൂട്ട് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം ലഭിക്കുന്നതിനാല്‍ തണുപ്പില്‍ പിടിപെടുന്ന രോഗങ്ങള്‍ തടയാനും സഹായിക്കുന്നു.
ചൂടോടെ കുടിക്കാന്‍ ഇഞ്ചി ചായ, കറുവപ്പട്ട ചായ, തേനും നാരങ്ങയും ചേര്‍ത്ത ചായ, സൂപ്ബ്രോത്ത് എന്നിവ തൊണ്ടയെ നന്നാക്കി ശരീരത്തെ ഊഷ്മളമാക്കും. ദഹനത്തിനും ചൂടിനും,ഉശിരിനും പായസം, കഞ്ഞി, ഓട്‌സ് എന്നിവയും ഇക്കാലത്ത് പതിവാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us