അയര്‍ലണ്ടില്‍ സോളാര്‍ വിപ്ലവത്തിന്റെ കാലം വരുന്നു….

New Update
fhyguhgu

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സോളാര്‍ വിപ്ലവത്തിന്റെ കാലം വരുന്നു. നാഷണല്‍ ഗ്രിഡിലേയ്ക്ക് ഒരു ജി ഡബ്ല്യു സംഭാവന ചെയ്തുകൊണ്ട് അതിശക്തമായ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സായി മാറുകയാണ് സോളാര്‍. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഈ റെക്കോഡ് നേട്ടം കൊയ്യാന്‍ സാധിച്ചത് അയര്‍ലണ്ടിലെ സോളാറിന്റെ അനന്ത സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. വരും നാളുകളില്‍ സോളാറിന്റെ പടയോട്ടമാകും രാജ്യത്ത് ദൃശ്യ മാവുകയെന്നാണ് കരുതുന്നത്.

Advertisment

ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് 2030 ഓടെ അയര്‍ലണ്ടിന് 8ജി ഡബ്ല്യു വൈദ്യുതിയാണ് സോളാറില്‍ നിന്നും കണ്ടെത്തേണ്ടത്. ഈ ഊര്‍ജ്ജ ലക്ഷ്യം നേടണമെങ്കില്‍ ഏതാണ്ട് 12,000 ഹെക്ടര്‍ ഭൂമിയാകെ സോളാര്‍ പാടമാകണമെന്നാണ് കണക്കാക്കുന്നത്.അയര്‍ലണ്ടില്‍ 4.6 മില്യണ്‍ ഹെക്ടര്‍ കാര്‍ഷിക മേഖലയാണുള്ളത്. 12,000 ഹെക്ടര്‍ അതിന്റെ വളരെ ചെറിയ അനുപാതമേ വരുന്നുള്ളു. അതിനാല്‍ ലക്ഷ്യം നേടുന്നത് ഈസിയാണെന്നും നിരീക്ഷിക്കപ്പെടുന്നു.

വിന്ററില്‍ കൂടുതല്‍ കാറ്റും സമ്മറില്‍ കൂടുതല്‍ വെയിലും ലഭിക്കും. അതിനാല്‍ ദേശീയ തലത്തില്‍ സൗരോര്‍ജ്ജവും കാറ്റും തമ്മില്‍ സമന്വയിപ്പിച്ച് ഈ ലക്ഷ്യം നേടുമെന്ന് എസ് ഇ എ ഐയുടെ ഫെര്‍ഗസ് ഷര്‍കി പറയുന്നു. കഴിഞ്ഞ വര്‍ഷം പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ റോള്‍ 41.5% ആയിരുന്നു. ഇതില്‍ 2.9%മായിരുന്നു സോളാറിന്റേതെന്ന് ഏയര്‍ ഗ്രിഡ് പറയുന്നു.

കര്‍ഷകര്‍ക്കും പ്രതീക്ഷ

കൃഷിയിടങ്ങളിലാണ് അയര്‍ലണ്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഏറ്റവും സാധ്യതയെന്നാണ് വിലയിരുത്തുന്നത്. സോളാര്‍ ലക്ഷ്യം നേടുന്നതിന് കൃഷിഭൂമിയില്‍ സോളാര്‍ പാടങ്ങളുണ്ടാക്കുകയാണ് അയര്‍ലണ്ടിന്റെ തന്ത്രം.രാജ്യത്ത് 80,000ത്തിലേറെ ബീഫ്, ആടു കര്‍ഷകരാണുള്ളത്.

ഇവര്‍ സോളാര്‍ വിപ്ലവത്തോട് വലിയ താല്‍പര്യം കാട്ടുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിനുള്ള അവസരമായാണ് ഇതിനെ കര്‍ഷകര്‍ കാണുന്നത്. സോളാര്‍ പാനലുകളും വിന്റ് ടര്‍ബൈനുകളും വഴി ഫാമിന്റെ ഭാവി സുരക്ഷിതമാക്കാനാവുമെന്ന് കര്‍ഷകര്‍ വെളിപ്പെടുത്തുന്നു.

മികച്ച ഓഫറുകള്‍

ഡെവലപ്പര്‍മാര്‍ കര്‍ഷകര്‍ക്ക് മികച്ച ഓഫറാണ് നല്‍കുന്നത്. അതിനാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ കര്‍ഷകര്‍ മടി കാട്ടുന്നില്ല. കൃഷി ഭൂമിക്ക് നല്ല വാടക ലഭിക്കുന്നുവെന്നതാണ് നേട്ടം.

2022ലെ സെന്‍സസ് അനുസരിച്ച്, പരമ്പരാഗത കര്‍ഷകരില്‍ അഞ്ചിലൊന്ന് പേര്‍ 65ന് മുകളില്‍ പ്രായമുള്ളവരാണ്. 27% കര്‍ഷകര്‍ 55 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. ഇവരില്‍ നല്ലൊരു ഭാഗവും കൃഷി ഉപേക്ഷിക്കാന്‍ ആലോചിക്കുമ്പോഴാണ് സോളാര്‍ ഇവര്‍ക്ക് മികച്ച ഓഫറാകുന്നത്. ഈ ഘട്ടത്തില്‍ നല്ലെരു തുകയ്ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നത് വലിയ ആശ്വാസമാണിവര്‍ക്ക്.

സബ്‌സ്റ്റേഷനടുത്തുണ്ടെങ്കില്‍ കര്‍ഷകന് ലോട്ടറി

സബ്‌സ്റ്റേഷനും ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകളോടും ചേര്‍ന്നുള്ള ഫാമാണ് ഡവലപ്പര്‍മാര്‍ തേടുന്നത്. അങ്ങനെയുള്ള ഇടാണെങ്കില്‍ പറയുന്ന തുക ഡവലപ്പര്‍മാര്‍ നല്‍കും. ഓവര്‍ഹെഡ് ലൈനിന്റെ അടുത്തോ നാഷണല്‍ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള സബ്സ്റ്റേഷനടുത്തോ ആണെങ്കില്‍ കര്‍ഷകര്‍ക്ക് അത് മറ്റൊരു ലോട്ടറിയാകും.

ആടു വളര്‍ത്തുന്നതിനും കൃഷിക്കും തടസ്സമില്ല

ഏറ്റെടുക്കുന്ന ഭൂമിയുടെ 20%-40% വരെ മാത്രമേ പാനലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമുള്ളു. അതിനാല്‍ ആടുകള്‍ക്കും മറ്റും ഇവിടെ മേയുന്നതിനും സൗകര്യമുണ്ടാകും.കര്‍ഷകരെ സംബന്ധിച്ചിടത്തോളം അതും മറ്റൊരു ആകര്‍ഷണമാണ്. കരാര്‍ പൂര്‍ത്തിയാക്കി ഭൂമി തിരികെ ലഭിക്കുമ്പോള്‍ വീണ്ടും കൃഷിയിറക്കാമെന്ന് സൗകര്യവുമുണ്ട്.സോളാര്‍ ഫാം ഡീകമ്മീഷന്‍ ചെയ്ത ശേഷം, ഭൂമി കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അഥികൃതരും വ്യക്തമാക്കുന്നുണ്ട്.

കാറ്റിനേക്കാള്‍ വേഗത്തില്‍ സൂര്യന്‍

അയര്‍ലണ്ടിലെ ആദ്യത്തെ കാറ്റാടിപ്പാടം 1992ലാണ് സ്ഥാപിച്ചത്. എന്നാല്‍ 2009 വരെ ഒരു ജി ഡബ്ല്യു വൈദ്യുതി പോലുംഗ്രിഡില്‍ എത്തിയില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ സോളാര്‍ ഈ ലക്ഷ്യം പിന്നിട്ടു. നാഷണല്‍ ഗ്രിഡില്‍ അയര്‍ലണ്ടിന് ഇപ്പോള്‍ ഏകദേശം 5ജി ഡബ്ല്യു വിന്റ് എനര്‍ജിയാണ് നാഷണല്‍ ഗ്രിഡിലെത്തുന്നത്.

solar
Advertisment