ഇയുവിൽ മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി നൽകുന്ന രാജ്യങ്ങളിലൊന്ന് അയർലണ്ട് എന്ന് റിപ്പോർട്ട്

New Update
Bvvgg

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ മദ്യത്തിന് വില വളരെ കൂടുതലെന്ന് ഗവേഷണഫലം. ജര്‍മ്മനിയെക്കാള്‍ 11 മടങ്ങ് അധിക എക്‌സൈസ് ഡ്യൂട്ടിയാണ് അയര്‍ലണ്ടുകാര്‍ ബിയറിന് നല്‍കേണ്ടി വരുന്നതെന്നും, ഫ്രഞ്ചുകാരെക്കാള്‍ 80 മടങ്ങ് അധികമാണ് വൈനിന് ഇവിടെയുള്ള എക്‌സൈസ് ഡ്യൂട്ടിയെന്നും ഡ്രിങ്ക്സ് ഇൻഡസ്ടറി ഗ്രൂപ്പ്‌ ഓഫ് അയർലണ്ട് (ഡി ഐ ജി ഐ) സര്‍വേ വ്യക്തമാക്കുന്നു.

Advertisment

യൂറോപ്യന്‍ യൂണിയനില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞാല്‍ മദ്യത്തിന് ഏറ്റവുമധികം എക്‌സൈസ് ഡ്യൂട്ടി ഉള്ള രാജ്യം അയര്‍ലണ്ടാണ്. യുകെയെക്കാളും വില അധികമാണിവിടെ. വൈനിന് ഏറ്റവുമധികം നികുതിയുള്ള രണ്ടാമത്തെ ഇയു രാജ്യവും, ബിയറിനും, സ്പിരിറ്റിനും ഉയര്‍ന്ന നികുതിയുള്ള മൂന്നാമത്തെ ഇയു രാജ്യവും അയര്‍ലണ്ടാണ്.

ജര്‍മ്മനിയില്‍ ഒരു പൈന്റ് ബിയറിന്റെ നികുതി 5 സെന്റ് ആണെങ്കില്‍, അയര്‍ലണ്ടില്‍ ഇത് 55 സെന്റാണ്. സമാനമായി അയര്‍ലണ്ടില്‍ ഒരു ഗ്ലാസ് വൈനിന് ശരാശരി 80 സെന്റ് ടാക്‌സ് നല്‍കേണ്ടി വരുമ്പോള്‍, ഫ്രാന്‍സില്‍ ഇത് 1 സെന്റ് മാത്രമാണ്. മാത്രമല്ല ഇയുവിലെ 15 രാജ്യങ്ങള്‍ വൈനിന് നികുതി ഒഴിവാക്കിയിട്ടുമുണ്ട്.

സ്‌പെയിനില്‍ ഒരു കുപ്പി വിസ്‌കിക്ക് നല്‍കുന്ന നികുതിയുടെ നാല് മടങ്ങ് നികുതിയാണ് അയര്‍ലണ്ടില്‍ നല്‍കേണ്ടിവരുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ ഉയർന്ന നികുതി രാജ്യത്തെ റസ്റ്ററന്റുകളെയും, മദ്യവിൽപ്പനശാലകളെയും മോശമായി ബാധിക്കുന്നുവെന്നാണ് പരാതി. മാത്രമല്ല, 2001-നെ അപേക്ഷിച്ച് നിലവിൽ രാജ്യത്ത് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിൽ ഒന്നിലധികം (34.3%) കുറവ് സംഭവിച്ചിട്ടുണ്ട് എന്നിരിക്കെ, ഉയർന്ന മദ്യനികുതി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും ഈ വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.

Advertisment