മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ട് ഏറെ പിന്നില്‍. അക്സ മൈൻഡ് ഹെൽത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങളില്‍ സര്‍വേ നടത്തി ലയ ഹെൽത്ത്കെയർ ആണ് ആശങ്കപ്പെടുത്തുന്ന വിവരം പങ്കുവച്ചത്. 16 രാജ്യങ്ങളില്‍ നിന്നായി 17,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 32% പേരും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠനപ്രകാരം അയര്‍ലണ്ടിലെ ജനതയുടെ 48 ശതമാനവും മാനസികമായി പ്രയാസപ്പെടുന്നവരോ, തളര്‍ന്നിരിക്കുന്നവരോ ആണ്. ഉന്മേഷമില്ലായ്മ, ഉത്സാഹമില്ലായ്മ, നിഷ്‌ക്രിയത്വം മുതലായവയെല്ലാമാണ് ഇവര്‍ പൊതുവില്‍ അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയുവില്‍ പഠനം നടത്തിയ ഒമ്പത് രാജ്യങ്ങളില്‍ മൈൻഡ് ഹെൽത്ത് ഇൻഡക്സിന്റെ കാര്യത്തില്‍ ഏറ്റവും അവസാന സ്ഥാനത്താണ് അയര്‍ലണ്ട്. അയര്‍ലണ്ടിന് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലണ്ട്, തുര്‍ക്കി, യുകെ എന്നിവയാണ് സംഘം പഠനം നടത്തിയ ഇയു രാജ്യങ്ങള്‍. ഇതില്‍ 37% പേര്‍ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്വിറ്റ്‌സര്‍ലണ്ടാണ് മെച്ചപ്പെട്ട നിലയില്‍ ഉള്ളത്.
ഡിപ്രെഷൻ, അംക്സിറ്റി ആൻഡ് സ്‌ട്രെസ് സ്കാലെ (DASS) അനുസരിച്ച് അയര്‍ലണ്ടിലെ 75% പേരും ഉത്കണ്ഠ, സമ്മര്‍ദ്ദം, ചെറിയ രീതിയിലുള്ള വിഷാദം എന്നിവ അനുഭവിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ഇയു ശരാശരി 69% ആണ്. രാജ്യത്തെ 18-24 പ്രായക്കാരില്‍ 43% പേര്‍ക്കും, 25-34 പ്രായക്കാരിലെ 44% പേര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ട് എന്ന കണ്ടെത്തല്‍, രാജ്യത്തെ യുവാക്കളുടെ മാനസികാരോഗ്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. പലരും കടുത്ത വിഷാദവും, ഉത്കണ്ഠയും, സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ട്.
രാജ്യത്ത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ലയ ഹെൽത്ത്കെയർ പറയുന്നു. ജോലിസ്ഥലത്തും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ അനവധിയാണ്.
ഇന്നത്തെ ലോകത്ത് മാനസിക പ്രശ്‌നങ്ങള്‍ സര്‍വ്വ സാധാരണമാണ്. ജോലി, പഠനം, ബന്ധങ്ങള്‍ അങ്ങനെ വിവിധ കാരണങ്ങള്‍ അതിനുണ്ടാകാം. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കില്‍ അത് ലജ്ജാപൂര്‍വ്വം മറച്ചുവയ്‌ക്കേണ്ടതില്ല, ഉടനടി ചികിത്സ തേടിയാല്‍ സന്തോഷകരമായ ജീവിതം വീണ്ടും ആസ്വദിക്കാം.