/sathyam/media/media_files/2026/02/28/c-2026-02-28-02-30-04.jpg)
ഡബ്ലിന്‍: സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ ലക്ഷ്യം നേടണമെങ്കില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1,00,000 നിര്‍മ്മാണ തൊഴിലാളികളെ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോപ്പര്‍ട്ടി ഇന്‍ഡസ്ട്രി അയര്‍ലണ്ടിന്റെ (പി ഐ ഐ) നിരീക്ഷണം.ഇത് സാധ്യമാകണമെങ്കില്‍ 2030 ആകുമ്പോഴേക്കും വര്‍ക്ക് ഫോഴ്സ് 50% വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗുരുതരമായ നൈപുണി ക്ഷാമവും പ്രായമാകുന്ന തൊഴിലാളികളും സംബന്ധിച്ച ആശങ്കയും പ്രോപ്പര്‍ട്ടി സെക്ടറിനെ പ്രതിനിധീകരിക്കുന്ന സംഘടന വെളിപ്പെടുത്തുന്നു.
2031 ആകുമ്പോഴേക്കും 3,00,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതാണ് നവംബറില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഭവന പദ്ധതി.ഇതിനായി 2026 മുതല്‍ വര്‍ഷം തോറും ശരാശരി 50,000 വീടുകളാണ് നിര്‍മ്മിക്കേണ്ടത്.അതിനുള്ള ശേഷി നിര്‍മ്മാണ മേഖലയ്ക്കില്ലെന്നാണ് പി ഐ ഐ റിപ്പോര്‍ട്ട് അടിവരയിടുന്നത്.
രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയില്‍ നിലവില്‍ 1,77,600 തൊഴിലാളികളാണുള്ളത്. 300,000 വീടുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ 95,000 മുതല്‍ 110,000 വരെ അധിക തസ്തികകള്‍ നികത്തേണ്ടിവരുമെന്ന് പി ഐ ഐ റിപ്പോര്‍ട്ട് പറയുന്നു.
വരുമാനം കൂടുതലുള്ളതിനാല്‍ നിരവധി തൊഴിലാളികള്‍ വിദേശത്ത് ജോലി ചെയ്യുന്നു.ഇത് അയര്‍ലണ്ടിന്റെ തൊഴില്‍ ശക്തി കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.തൊഴിലാളികള്‍ കുടിയേറുന്നുണ്ടെങ്കിലും അവര്‍ക്ക് വീടുകളുടെ കുറവുണ്ട്.
നിര്‍മ്മാണ തൊഴിലാളികളില്‍ സ്ത്രീകളുടെ കുറവും പ്രശ്നമാണ്.9% സ്ത്രീകള്‍ മാത്രമാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്. ട്രേഡുകളിലെ പ്രാതിനിധ്യം 1% ല്‍ കുറവാണ്.ഈ മേഖല സ്ത്രീകള്‍ക്ക് അനുയോജ്യമല്ലാത്തതാണെന്ന് സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നത് പ്രായോഗിക തൊഴില്‍ പാതയായി കാണുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഭരണപരമായ ഭാരങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും പ്രോജക്റ്റ് ഷെഡ്യൂളിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും വേസ്റ്റുകള്‍ കുറയ്ക്കുന്നതിനും എ ഐ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സ്വതന്ത്രമായി നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് തൊഴിലാളികളെ പ്രാപ്തരാക്കുമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
2022ല്‍, 99% സജീവ സംരംഭങ്ങളിലുമായി 20ല്‍ താഴെ ആളുകളെ മാത്രമേ ജോലിക്കെടുത്തിട്ടുള്ളൂ.വ്യാപകമായ പരിശീലനം നല്‍കുന്നത് ഇത് ബുദ്ധിമുട്ടാക്കുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ അപ്രന്റീസുകളെ നിയമിക്കുന്നതിനും വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനും സാമ്പത്തിക വിഭവങ്ങളോ, ഭരണപരമായ ശേഷിയോ ഇല്ല. ഇത് പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനെ മന്ദഗതിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഭവന വകുപ്പിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ട് പ്ലാനിംഗ് അനുമതികളുടെ വേഗതക്കുറവും എടുത്തുകാട്ടിയിരുന്നു. 2028 മുതല്‍ ഭവന നിര്‍മ്മാണം കുറയാന്‍ തുടങ്ങുമെന്ന് മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം 36,284 പുതിയ വീടുകള്‍ മാത്രമേ നിര്‍മ്മിക്കാനായുള്ളുവെന്ന് സി എസ് ഒ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആവശ്യമായ ശരാശരിയേക്കാള്‍ ഏകദേശം 30% കുറവാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us