ഇറാന്റെ അംബാസഡറെ അംഗീകരിക്കാതെ അയര്‍ലണ്ട് , ചടങ്ങ് മാറ്റി

New Update
V

ഡബ്ലിന്‍: തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുയെും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഇറാന്റെ ഐറിഷ് അംബാസഡറെ അംഗീകരിക്കുന്ന ഔദ്യോഗിക പരിപാടി മാറ്റിവെച്ചു.ഡിസംബര്‍ 28നാരംഭിച്ച ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരകണക്കിന് ആളുകളെ കൊന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

നിയുക്ത ഇറാനിയന്‍ അംബാസഡര്‍ ഇഷാഗ് അല്‍ ഹബീബ് ചൊവ്വാഴ്ച രാവിലെ ഡബ്ലിനില്‍ നടക്കുന്ന യോഗ്യതാപത്ര ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു.യോഗ്യതാ പത്രം സ്വീകരിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കാന്‍ കഴിയൂ.നിരവധി ഇറാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിന്റെയും രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെന്ന് ഐറിഷ് വിദേശകാര്യ വകുപ്പ് ഇറാനെ അറിയിക്കുകയായിരുന്നു.

അതേ സമയം ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ സ്ഥാനം ഏറ്റെടുത്തു.അയര്‍ലണ്ടിലെ ജാപ്പനീസ് അംബാസഡര്‍ മിയാഗാവ മനാബു, അയര്‍ലണ്ടിലെ പാകിസ്ഥാന്‍ അംബാസഡര്‍ മറിയം അഫ്താബ് എന്നിവയൊണ് പ്രസിഡന്റ് കാതറിന്‍ കൊണോലി ഔദ്യോഗികമായി സ്വാഗതം ചെയ്തത്.

അയര്‍ലണ്ടില്‍ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഐറിഷ് പ്രസിഡന്റ് രാഷ്ട്രപതിഭവന്‍ അംബാസഡര്‍ക്ക് ഔദ്യോഗികമായി സ്വാഗതം നല്‍കേണ്ടതുണ്ട്. ഈ പരിപാടിയാണ് മാറ്റിവെച്ചത്.സ്റ്റേറ്റ് റിസപ്ഷന്‍ റൂമില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് അവരുടെ യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ അവര്‍ക്ക് അവരുടെ ചുമതലകള്‍ നിറവേറ്റാന്‍ അനുവാദമുണ്ടാകൂ.

ഇറാന്‍ അംബാസഡറെ വിലക്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ സിന്‍ഫെയ്ന്‍, ഗ്രീന്‍ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി,സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നീ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.

Advertisment