ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ ഐറിഷ് പൗരത്വം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐറിഷ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി കമ്മീഷൻ. നീതിന്യായവകുപ്പ് മന്ത്രി ജിം ഒ ’കാലാഖൻ ഈയാഴ്ചയാണ് ഈ നിയമം വീണ്ടും നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഒപ്പുവച്ചത്. ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ് ആക്ട് 1956 (ആസ് ആമേൻഡഡ്)-ന്റെ സെക്ഷന്‍ 19 പ്രകാരമാണ് പൗരത്വം റദ്ദാക്കാന്‍ സാധിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്.
എന്നാല്‍ ഈ നിയമം ഭരണഘടനാപരമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് ഐറിഷ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി കമ്മീഷൻ. ഈ നിയമം ബാധിക്കുക ജന്മനാ പൗരത്വം ലഭിച്ചവരെയല്ല, മറിച്ച് നാച്വറലൈസേഷന്‍ വഴി പൗരത്വം ലഭിച്ചവരെയാണ്. അടിയന്തരമല്ലാത്ത സാഹചര്യത്തിലും ഒരാളുടെ പൗരത്വം റദ്ദ് ചെയ്യാന്‍ നീതിന്യായവകുപ്പ് മന്ത്രിക്ക് അനുമതി നല്‍കുന്ന തരത്തിലാകും ഈ നിയമമെന്ന് കമ്മീഷന്‍ പറയുന്നു. കാലികപ്രസക്തിയില്ലാത്ത ഒരു നിയമം നടപ്പിലാക്കാന്‍ ഇപ്പോള്‍ എന്തിനാണ് ശ്രമിക്കുന്നത് എന്നും കമ്മീഷന്‍ മേധാവി ലൈയം ഹെരിക്ക് ചോദ്യമുയര്‍ത്തുന്നു. നിയമത്തിന് ആവശ്യമായ വ്യക്തത ഇല്ലെന്ന് പറഞ്ഞ കമ്മീഷന്‍, 2021-ല്‍ സുപ്രീം കോടതിയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം പൗരത്വം റദ്ദാക്കാനുള്ള നിയമത്തെ മന്ത്രി ജിം ഒ ’കാലാഖൻ ന്യായീകരിച്ചു. തെറ്റായ രീതിയില്‍ പൗരത്വം സമ്പാദിക്കുന്നവരുടെയും, രാജ്യത്തിന് ഭീഷണിയാകുന്ന പൗരന്മാരുടെയും പൗരത്വം റദ്ദാക്കാനുള്ള അധികാരം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം നാച്വറലൈസേഷന്‍ വഴി പൗരത്വം ലഭിച്ചവരെ ശിക്ഷിക്കാനുള്ളതല്ല എന്നും, വളരെ ഗൗരവകരമായ സാഹചര്യത്തില്‍ മാത്രമേ ഈ അധികാരം വിനിയോഗിക്കയുള്ളൂ എന്നും മന്ത്രി പറയുന്നു.