അയര്‍ലണ്ടില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആഘാതമേല്‍പ്പിച്ച് വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടുന്നു

New Update
Hhhb

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ആഘാതമേല്‍പ്പിച്ച് വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടുന്നു. ഒക്ടോബര്‍ 12 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ് നിരക്കുകളില്‍ 13.5% വര്‍ദ്ധനവാണ് വരിക.ബോര്‍ഡ് ഗൈസ് എനര്‍ജി വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18.16 യൂറോയുടെ വര്‍ദ്ധനവാണുണ്ടാവുക. പ്രതിവര്‍ഷമിത് 218 യൂറോയാണ്.മറ്റ് രണ്ട് കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.സര്‍ക്കാര്‍ എനര്‍ജി ക്രഡിറ്റ് പ്രഖ്യാപിക്കില്ലെന്നു കൂടി വ്യക്തമാക്കിയ സാഹചര്യത്തില്‍ സാധാരണ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാണ് വൈദ്യുതി നിരക്ക് വര്‍ദ്ധന.ബോര്‍ഡ് ഗൈസ് എനര്‍ജിക്ക് 3,69,000 ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളാണുള്ളത്.2,70,000 ഗ്യാസ് ഉപഭോക്താക്കള്‍ക്ക് വര്‍ദ്ധനവ് ബാധിക്കില്ലെന്ന് കമ്പനി പറഞ്ഞു.

Advertisment

ബജറ്റില്‍ എനര്‍ജി ക്രെഡിറ്റുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വരുന്നതിനിടയിലാണ് നിരക്ക് വര്‍ദ്ധനവെന്നത് ഗൗരവത്തോടെ കാണണമെന്ന് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.ഭയപ്പെടുത്തുന്ന വര്‍ദ്ധനവാണ് വരുന്നത്. അതിനാല്‍ തൊഴിലാളികളെയും കുടുംബങ്ങളെയും ബജറ്റില്‍ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മേരി ലൂ പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ 13 മുതല്‍ സാധാരണ ഗാര്‍ഹിക നിരക്കുകളില്‍ 9.83% വര്‍ദ്ധനവേ ഉണ്ടാകൂവെന്ന് പിനര്‍ജി സ്ഥിരീകരിച്ചു.സാധാരണ ഗാര്‍ഹിക ഉപഭോക്താവിന് പ്രതിവര്‍ഷം 199 യൂറോയുടെ അധികച്ചെലവാണുണ്ടാക്കുകയെന്നും പിനര്‍ജി പറയുന്നു.പൈനര്‍ജിയുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ മാറ്റമൊന്നുമില്ലെന്നും കമ്പനി പറയുന്നു.

നെറ്റ്വര്‍ക്ക് ചെലവുകളിലെ തുടര്‍ച്ചയായ വര്‍ദ്ധനവ്, മൊത്തവ്യാപാര വിപണികളുടെ ആഘാതം, ഉയര്‍ന്ന ബിസിനസ്സ് ചെലവ് എന്നിവയാണ് വൈദ്യുതി ചാര്‍ജുകളിലെ വര്‍ദ്ധനവിന് കാരണമെന്ന് ബോര്‍ഡ് ഗൈസ് എനര്‍ജി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ ആദ്യത്തെ വില വര്‍ധനവാണിതെന്ന് ബോര്‍ഡ് ഗൈസ് എനര്‍ജിയിലെ കസ്റ്റമര്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ കാതറിന്‍ ലോണെര്‍ഗന്‍ പറഞ്ഞു. ഇതിനിടെ ഗ്യാസ്, വൈദ്യുതി എന്നിവയുടെ നിരക്ക് രണ്ട് തവണ കുറച്ചിരുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം, നവംബര്‍ ആരംഭം മുതല്‍ 140,000 ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വില 4% കുറയ്ക്കുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് പറഞ്ഞിരുന്നു, വിന്ററിന് മുമ്പ് കമ്പനിയുടെ 1.1 മില്യണ്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വര്‍ദ്ധനവുണ്ടാകില്ലെന്നും കമ്പനി പറഞ്ഞു.ഒക്ടോബര്‍ 9 മുതല്‍ വൈദ്യുതി നിരക്ക് 12.1% വരെ വര്‍ദ്ധിപ്പിക്കുമെന്ന് എനര്‍ജിയയും പറഞ്ഞു.വാര്‍ഷിക ബില്ലുകളില്‍ 200യൂറോയുടെ അധികച്ചെലവ് ബില്ലിലുണ്ടാക്കും.കഴിഞ്ഞ മാസം ഫ്‌ളോഗാസ് അതിന്റെ നിരക്ക് ശരാശരി 7% വര്‍ദ്ധിപ്പിച്ചിരുന്നു.

Advertisment