/sathyam/media/media_files/1aON7BUs0JGqECZb9XMQ.jpg)
ഡബ്ലിന്‍ : ഇ യുവിന്റെ കാലാവസ്ഥാ കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിശ്ചിത ലക്ഷ്യം നേടുന്നതിനായി അയര്‍ലണ്ടടക്കമുള്ള അംഗരാജ്യങ്ങള്‍ ഊര്‍ജ ഉപഭോഗം വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിനായി ഉപഭോഗം കര്‍ശനമായി നിയന്ത്രിക്കുന്നതിന് കര്‍മ്മ പദ്ധതി നടപ്പാക്കണം. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇയു വില്‍ നിന്നും അയര്‍ലണ്ടിനെതിരെ നിയമ ലംഘന നടപടികളുണ്ടാകും.
ഈ പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ട് വര്‍ഷം കൂടുമ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ വിലയിരുത്തും. എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ കണ്ടെത്തിയാല്‍ അയര്‍ലണ്ടിനെ തിരുത്തുന്നതിനുള്ള നടപടികള്‍ കമ്മീഷനില്‍ നിന്നുണ്ടാകും. രാജ്യത്തെ ജനങ്ങളെ കാത്തിരിക്കുന്നത് വലിയ ഊര്‍ജ്ജ പ്രതിസന്ധിയുടെ കാലമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
2030ല്‍ യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ അന്തിമ ഊര്‍ജ്ജ ഉപഭോഗം 11.7% കുറയ്ക്കണമെന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ അംഗീകരിച്ച എനര്‍ജി എഫിഷ്യന്‍സി സംബന്ധിച്ച ഇ യു മാര്‍ഗ്ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നത്. നിശ്ചിത ലക്ഷ്യം നേടുന്നതിന് ഓരോ രാജ്യവും അന്തിമ ഊര്‍ജ്ജ ഉപഭോഗ(എഫ് ഇ സി)ത്തില്‍ വരുത്തേണ്ട വെട്ടിക്കുറക്കലുകള്‍ സംബന്ധിച്ച് ഇ യു മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്.
അതനുസരിച്ച് അയര്‍ലണ്ടുള്‍പ്പടെയുള്ള ഇയു രാജ്യങ്ങള്‍ അവരുടെ അന്തിമ ഊര്‍ജ്ജ ഉപഭോഗം എത്രയാണെന്ന് ഈ മാസം കമ്മീഷനെ അറിയിക്കണം. നിശ്ചയിച്ചതിനേക്കാള്‍ കുറവാണ് ഒരു അംഗരാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗമെങ്കില്‍ അത് തിരുത്താന്‍ കമ്മീഷന് പ്രയാസമില്ല. എന്നാല്‍ മറിച്ചാണെങ്കില്‍ അത് ആ രാജ്യത്തിന് വലിയ വെല്ലുവിളിയാകുമെന്ന് എനര്‍ജി എഫിഷ്യന്‍സി ഡയറക്ടീവ് വ്യക്തമാക്കുന്നു. ഇത് രാജ്യത്ത് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്കും കാരണമാകും.
ഇ യു നിര്‍ദ്ദേശിട്ടുള്ള കണക്ക് അംഗീകരിക്കുകയെന്നതാണ് ഏറ്റവും പ്രതിസന്ധി കുറയ്ക്കുന്നതിനുള്ള ഓപ്ഷനെന്നാണ് വിലയിരുത്തപ്പെടുന്നത്. 10.45 മില്യണ്‍ ടണ്‍ എണ്ണയാണ് അയര്‍ലണ്ടിന്റെ എഫ് ഇ സിയായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2022ല്‍ 11963 മില്യണ്‍ ടണ്ണായിരുന്നു അയര്‍ലണ്ടിന്റെ ഉപഭോഗം.ഇത് മേല്‍പ്പറഞ്ഞ കണക്കിലേയ്ക്ക് പരിമിതപ്പെടുത്തേണ്ടി വരുമെന്നതാണ് പ്രതിസന്ധി.
കുടുംബങ്ങളും വ്യവസായങ്ങളും അടക്കമുള്ള ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന മൊത്തം ഊര്‍ജ്ജത്തെയാണ് ഫൈനല്‍ എനര്‍ജി കണ്‍സംപ്ഷന്‍ (എഫ് ഇ സി) എന്ന് വിളിക്കുന്നത്. ഇത് നിശ്ചയിക്കുകയെന്നത് സര്‍ക്കാരിന് ശ്രമകരമാവും.മാത്രമല്ല ഇതനുസരിച്ച് അയര്‍ലണ്ടിന്റെ ഊര്‍ജ്ജ ഉപഭോഗം 12.6% കുറവ് വരുത്തേണ്ടിയും വരും. ഈ ലക്ഷ്യം നേടുന്നതിനുള്ള നയവും മാര്‍ഗ്ഗവും കര്‍മ്മ പരിപാടികളും ഉള്‍പ്പെടുന്ന നാഷണല്‍ എനര്‍ജി ആന്റ് ക്ലൈമറ്റ് പ്ലാന്‍ അയര്‍ലണ്ട് ഈ വര്‍ഷം ജൂണില്‍ തയ്യാറാക്കി നടപ്പാക്കുകയും വേണം.
അയര്‍ലണ്ടിന്റെ ലക്ഷ്യം കൈവരിക്കുന്നത് ‘വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.എന്നിരുന്നാലും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നത് കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ലാഭം നല്‍കുമെന്ന് ഊര്‍ജ്ജ മന്ത്രി എയ്മോണ്‍ റയാന്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാനും റിട്രോഫിറ്റിംഗ് പദ്ധതികളിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ഇതിലൂടെ കഴിയുമെന്നുമാണ് മന്ത്രിയുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us