അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി ഗതാഗതവകുപ്പ്. ഒരാള്‍ക്ക് തുടര്‍ച്ചയായി നാലില്‍ അധികം തവണ ലേണര്‍ പെര്‍മിറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് തുടര്‍ച്ചയായി രണ്ടില്‍ അധികം ലേണര്‍ പെര്‍മിറ്റുകള്‍ നല്‍കാതിരിക്കുക മുതലായ നിര്‍ദ്ദേശങ്ങളാണ് ഗതാഗതവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസായില്ലെങ്കിലും ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ലേണര്‍ പെര്‍മിറ്റ് ലഭിക്കും.
അതേസമയം ഈ നിയമമാറ്റം നടപ്പിലായാല്‍, ഒരാള്‍ ആറ് വര്‍ഷം കഴിഞ്ഞും ലൈസന്‍സ് എടുത്തില്ലെങ്കില്‍, ആദ്യം മുതല്‍ വീണ്ടും തിയറി ടെസ്റ്റ് എഴുതുകയും, ലേണര്‍ പെര്‍മിറ്റിന് അപേക്ഷിച്ച്, 12 നിര്‍ബന്ധിത ക്ലാസുകള്‍ക്ക് പോകുകയും, അതിന് ശേഷം ടെസ്റ്റില്‍ പങ്കെടുക്കേണ്ടതായും വരും.
റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഈ നിയമഭേഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ആളുകള്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ കാലങ്ങളോളം ലേണര്‍ പെര്‍മിറ്റുമായി വാഹനമോടിക്കുന്നതിന് ഇതോടെ അവസാനമാകും.