/sathyam/media/media_files/2025/12/16/r-2025-12-16-03-24-56.jpg)
ഡബ്ലിന്‍: ബ്രെക്സിറ്റിനും കോവിഡിനും ശേഷം അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ ശക്തമായി വളര്‍ന്നെങ്കിലും തൊഴില്‍ ശക്തിയില്‍ ആഘാതത്തിന് വളരെയധികം സാധ്യതയുള്ള അവസ്ഥയിലാണെന്ന് ഇ എസ് ആര്‍ ഐ മുന്നറിയിപ്പ് നല്‍കി.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ യു എസിലേക്ക് തിരികെ കൊണ്ടുവരുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഫലം കണ്ടാല്‍, ഐറിഷ് വര്‍ക്ക് ഫോഴ്സില്‍ ചുരുങ്ങിയത് 10% കുറവുണ്ടാക്കും. അതേസമയം ജിഎന്‍ഐ 1.5% കുറയാനും സാധ്യതയുണ്ടെന്നും ഇ എസ് ആര്‍ ഐ പറയുന്നു.
കയറ്റുമതി അധിഷ്ഠിത ബഹുരാഷ്ട്ര കമ്പനികളേയും തൊഴിലുകളേയും കോര്‍പ്പറേറ്റ് നികുതി വരുമാനത്തേയുമാണ് രാജ്യം കൂടുതലായി ആശ്രയിക്കുന്നത്.ഈ ആശ്രിതത്വമാണ് അപകടസാധ്യതകള്‍ക്ക് പിന്നിലെ പ്രധാന ചാലക ശക്തിയെന്ന് ഇ എസ് ആര്‍ ഐയുടെ ഏറ്റവും പുതിയ സാമ്പത്തിക ഔട്ട്‌ലുക്ക് പറയുന്നു.
യു എസ് വ്യാപാര നയവും ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയില്‍ അപകടങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഔട്ട് ലുക്ക് പറയുന്നു.എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ കാര്യമായ ആഘാതങ്ങളില്ലാതെ സമ്പദ്വ്യവസ്ഥ വളരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. 2030 വരെ മൊത്തം ദേശീയ വരുമാനം (ജി എന്‍ ഐ) 2.3% വളര്‍ച്ചയും 2035 വരെ 2.1% വളര്‍ച്ചയുമാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ വിപണിയിലെ ഈ അപകടസാധ്യതകള്‍ അടുത്ത കാലത്ത് തന്നെ ചില മേഖലകളില്‍ ദൃശ്യമായേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, യു എസ് ആസ്ഥാനമായുള്ള വലിയ ഫാര്‍മസ്യൂട്ടിക്കല്‍ അല്ലെങ്കില്‍ ടെക് കമ്പനികള്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്വദേശത്തേക്ക് മാറ്റുകയാണെങ്കില്‍, അയര്‍ലണ്ടിലെ ഹൈ-സ്കില്‍ഡ് ജോലികള്‍ക്ക് നേരിട്ടുള്ള തിരിച്ചടിയാകും. ഇതിന്റെ പ്രത്യാഘാതമായി ഉപകമ്പനികളിലും സേവന മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ കുറയാനും ആഭ്യന്തര ഉപഭോഗത്തില്‍ മന്ദഗതിയുണ്ടാകാനും സാധ്യതയുണ്ടെന്ന് ഇ എസ് ആര്‍ ഐ വിലയിരുത്തുന്നു.
അതേസമയം, കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന ആശ്രിതത്വം പൊതുവിതരണ സംവിധാനങ്ങളെയും ബാധിക്കാമെന്ന് ഔട്ട്‌ലുക്ക് വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര കമ്പനികളില്‍നിന്നുള്ള നികുതി വരുമാനം കുറഞ്ഞാല്‍, പൊതുസേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയന്ത്രണം വരുത്തേണ്ടി വന്നേക്കാം. ഇതിന് ഉദാഹരണമായി, നികുതി വരുമാനത്തില്‍ നേരിയ ഇടിവുണ്ടായാല്‍ പോലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ദീര്‍ഘകാല പദ്ധതികള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതിനാല്‍ തന്നെ ആഭ്യന്തര സംരംഭകത്വം ശക്തിപ്പെടുത്തുകയും, ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ കൂടുതല്‍ പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇ എസ് ആര്‍ ഐ മുന്നോട്ടുവെക്കുന്നു. കയറ്റുമതി ആശ്രിതത്വം കുറച്ച്, ആഭ്യന്തര ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചാ മാതൃകയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ആഗോള അനിശ്ചിതത്വങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനാകും. ഇത്തരമൊരു വൈവിധ്യവല്‍ക്കരണം ദീര്‍ഘകാലത്ത് സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരത നല്‍കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us