അയര്‍ലണ്ടിന്റെ കയറ്റുമതിയില്‍ 6.2 ബില്യണിലധികം യൂറോയുടെ വര്‍ദ്ധനവ്

New Update
F

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സെപ്തംബറിലെ കയറ്റുമതിയില്‍ 6.2 ബില്യണിലധികം യൂറോയുടെ വര്‍ദ്ധനവുണ്ടായെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍.കയറ്റുമതി 28% വര്‍ദ്ധിച്ച് 28.5 ബില്യണിലെത്തി. കയറ്റുമതിയുടെ 65%ത്തിലധികവും മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.18.7 ബില്യണ്‍ യൂറോയുടെ ഇത്തരം ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.9 ബില്യണ്‍ (73.6%) യൂറോയുടെ വര്‍ദ്ധനവാണിത്.

Advertisment

യു എസിലേക്കുള്ള കയറ്റുമതി ഇരട്ടിയിലധികം 126%വര്‍ദ്ധിച്ച് 16.3 ബില്യണ്‍ യൂറോയിലെത്തി. 7.2 ബില്യണ്‍ യൂറോയുടെ വര്‍ദ്ധനവാണുണ്ടായത്. മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് ഈ കയറ്റുമതിയുടെ 90%ത്തിലധികവും.

സെപ്തംബറില്‍ ഇറക്കുമതിയിലും വര്‍ദ്ധനവുണ്ടായി. 11.1 ബില്യണ്‍ യൂറോയുടെ സാധനങ്ങളാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തേക്കാള്‍ 4% -399.2 മില്യണ്‍ യൂറോയുടെ- വര്‍ദ്ധനവാണുണ്ടായത്.

വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയും ഇറക്കുമതിയും വര്‍ദ്ധിച്ചു.കയറ്റുമതി 28%വും ഇറക്കുമതി 5.5%വും വര്‍ദ്ധിച്ചു.212.2 ബില്യണ്‍ യൂറോയുടെ കയറ്റുമതിയും 104.8 ബില്യണ്‍ യൂറോയുടെ ഇറക്കുമതിയുമാണ് നടത്തിയത്.

യു എസ് താരിഫുകള്‍ കുറച്ചിട്ടും അയര്‍ലണ്ടിന്റെ കയറ്റുമതിക്കാര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത് പ്രോത്സാഹജനകമാണെന്ന് ആഗോള ധനകാര്യ സേവന സ്ഥാപനമായ എബറി (അയര്‍ലന്‍ഡ്) യിലെ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ റോബര്‍ട്ട് പര്‍ഡ്യൂ പറഞ്ഞു. എന്നിരുന്നാലും, അയര്‍ലണ്ടിന്റെ കയറ്റുമതിയുടെ ഭൂരിഭാഗവും ഫാര്‍മസ്യൂട്ടിക്കല്‍സാണ്. യു എസ് ഈ മേഖലയില്‍ കൂടുതല്‍ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ സുസ്ഥിരത തടസ്സപ്പെടുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.ഈ പരിതസ്ഥിതിയില്‍ ബിസിനസുകള്‍ ജാഗ്രത പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment