അഭയാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍, പുതിയ നിര്‍ദേശങ്ങളുമായി ഗ്രീന്‍ പാര്‍ട്ടിയും ,ഫിനഗേലും

New Update
fhdvbcjgfgf

ഡബ്ലിന്‍ : ഡബ്ലിന്‍ മൗണ്ട് സ്ട്രീറ്റിലെ അഭയാര്‍ഥികളെ കൂലോക്കില്‍ പുനരധിവസിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.മുന്‍ വെയര്‍ഹൗസ് പുനര്‍നിര്‍മ്മിച്ച് അവിടെ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനാണ് ഇന്റഗ്രേഷന്‍ വകുപ്പ് പദ്ധതി.

Advertisment

ഇതിനെതിരെ ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ ആയിരത്തോളം പേരാണ് പങ്കെടുക്കാനെത്തിയത്. അയര്‍ലണ്ടിലെ നിരവധി പ്രദേശങ്ങളില്‍ ഇപ്പോഴും അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ‘കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ ദാതാക്കളെ മൊത്തത്തില്‍ ആശ്രയിക്കുന്നതില്‍ നിന്ന് മാറി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസസൗകര്യങ്ങളിലേക്ക് അഭയാര്‍ത്ഥികളെ മാറ്റി താമസിപ്പിക്കാനുള്ള ദീര്‍ഘകാല ഉദ്ദേശത്തോടെയുള്ള പരിഷ്‌കരണം നടത്താനുള്ള ഒരു മാര്‍ഗരേഖ ,ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ മന്ത്രി സമര്‍പ്പിക്കുന്നുണ്ട്.

അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കെട്ടിടങ്ങള്‍ വാങ്ങുന്നതിനും നിര്‍മ്മാണത്തിനുമുള്ള വിപുലമായ പരിപാടി, മോഡുലാര്‍ യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗം,, ഉപയോഗിക്കാത്ത ഓഫീസുകള്‍ അന്തര്‍ദേശീയ സംരക്ഷണ താമസത്തിനായി പരിവര്‍ത്തനം ചെയ്യല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വെല്ലുവിളികളോട് പ്രതികരിക്കാനുള്ള യൂറോപ്യന്‍ നടപടികള്‍ വിശദീകരിച്ചു കൊണ്ട് തയാറാക്കുന്ന യൂറോപ്യന്‍ കര്‍മ്മപദ്ധതിയുടെ വിശദ വിവരങ്ങള്‍ ഫിനഗേല്‍ മന്ത്രി ഹെലന്‍ മക് എന്റിയും മന്ത്രിസഭയ്ക്ക് മുമ്പാകെ കൊണ്ടുവരും.

അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രോസസ്സിംഗ് ത്വരിതപ്പെടുത്താനും അന്താരാഷ്ട്ര പരിരക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ആളുകളെ കൂടുതല്‍ വേഗത്തില്‍ കുടിയിരുത്താനുമുള്ള ഒരു പുതിയ അതിര്‍ത്തി നടപടിക്രമവും ഏറ്റവും പെട്ടന്ന് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെ സുരക്ഷിതരാജ്യങ്ങളല്ലെന്ന് കരുതി അവിടെ നിന്നുള്ളവര്‍ക്കും അഭയം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ ഫിനഗേലും ,ഗ്രീനും,ഫിനാഫാളും അടങ്ങുന്ന സര്‍ക്കാരിന്റെ മുമ്പിലുണ്ട്.

കൂടുതല്‍ അനുമതികള്‍

ഡബ്ലിന്‍  മാലഹൈഡ് റോഡിലുള്ള മുന്‍ ക്രൗണ്‍ പെയിന്റ്‌സ് കെട്ടിടം അഭയാര്‍ഥികള്‍ക്കായി ഉപയോഗിക്കുന്നത് പരിഗണിക്കുന്നതായും ഇന്റഗ്രേഷന്‍ വകുപ്പ് സ്ഥിരീകരിച്ചു.

അതേ സമയം, കൂലോക്കിലെ പ്രതിഷേധത്തിലെ ചില ആശങ്കകള്‍ സിന്‍ ഫെയ്ന്‍ കൗണ്‍സിലര്‍ ഡെയ്തി ഡൂലന്‍ ഡബ്ലിന്‍ സിറ്റി സംയുക്ത പോലീസിംഗ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി.

അഭയാര്‍ത്ഥികള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ അസാധാരണമാണെന്ന് കൗണ്‍സിലര്‍ ഡെയ്തി ഡൂലന്‍ പറഞ്ഞു.അവിടെ കണ്ടത് സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നില്ല. സാധാരണ രീതിയിലുള്ള മാര്‍ച്ചോ പിക്കറ്റിംഗോ ആയിരുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.

പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ആശങ്കപ്പെടുത്തുന്നതാണെന്ന് കൗണ്‍സിലര്‍ ഡൂലന്‍ പറഞ്ഞു. മയക്കുമരുന്നു കേസുകളില്‍ പ്രതിയായിരുന്ന ഒരാളാണ് പ്രതിഷേധത്തിന്റെ അംബാസഡര്‍മാരിലൊരാളെന്ന് കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആന്‍ ഗാര്‍ഡ സിയേക്ന പദ്ധതി തയ്യാറാക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഏഞ്ചല വില്ലിസ് പറഞ്ഞു.

ആശങ്കപ്പെടുത്തുന്ന കാര്യങ്ങളില്‍ കമ്മ്യൂണിറ്റിക്ക് നിയമാനുസൃതമായ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് സമാധാനപരമായിരിക്കണം. അതുറപ്പാക്കേണ്ടത് ഗാര്‍ഡയുടെ നിയമപരമായ ബാധ്യതയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

refugees-ireland
Advertisment