Advertisment

അയര്‍ലണ്ടിലെ ഏറ്റവും വലിയ ദേശീയോദ്യാനം തുറന്നു … 70,000 ഏക്കറിലേറെ വിസ്തൃതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
uytfcvbn

കെറി : വെസ്റ്റ് കെറിയിലെ കോര്‍ക ധുയിബ്നെ ഉപദ്വീപിനെ സര്‍ക്കാര്‍ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണിത്. ജൈവവൈവിധ്യവും പാരമ്പര്യവും സംസ്‌കാരവും പൈതൃകവും ആര്‍ക്കിയോളജിയുമെല്ലാം സംരക്ഷിക്കാനാണ് നാഷണല്‍ പാര്‍ക്ക് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisment

പാര്‍ക്കിന്റെ മാനേജ്‌മെന്റ് പ്ലാന്‍ വികസിപ്പിക്കുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കെറിയിലുടനീളമുള്ള കമ്മ്യൂണിറ്റികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.നാഷണല്‍ പാര്‍ക്കിന്റെയും വൈല്‍ഡ് ലൈഫിന്റെയും ഭവന മന്ത്രി ഡാരാ ഒബ്രിയനും നേച്വര്‍ സഹമന്ത്രി മാല്‍ക്കം നൂനന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

70,000 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മറൈന്‍ പാര്‍ക്ക്

കരയിലും കടലിലുമായി 70,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന പാര്‍ക്ക് അയര്‍ലണ്ടിലെ ആദ്യത്തെ മറൈന്‍ നാഷണല്‍ പാര്‍ക്ക് കൂടിയാണ്. പാര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടലിലാണെന്നതാണ് ഇതിന്റെ സവിശേഷത. 1,400 ഏക്കര്‍ സ്ഥലവും കോനോര്‍ പാസിനോട് ചേര്‍ന്നുള്ള വനവും ഉള്‍പ്പെട്ടതാണ് എന്നറിയപ്പെടുന്ന പാര്‍ക്ക്.

ഭൂമി ഏറ്റെടുത്തത് ആറ് മില്യണ്‍ യൂറോയ്ക്ക്

കഴിഞ്ഞ ഓഗസ്റ്റില്‍ ഐറിഷ്-അമേരിക്കന്‍ ഉടമസ്ഥനായ മീഹോള്‍ നൂനനില്‍ നിന്ന് 6 മില്യണ്‍ യൂറോയ്ക്കാണ് സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തത്. ഒന്‍പത് തടാകങ്ങളടങ്ങിയ എട്ട് കിലോമീറ്റര്‍ ജലപാതയായ ഓവന്‍മോര്‍ നദിയുടെ വൃഷ്ടിപ്രദേശവും ഇതിനായി പ്രത്യേകം ഏറ്റെടുത്തിരുന്നു.

മൗണ്ട് ബ്രാന്റണ്‍, ഇഞ്ച് ബീച്ചിലെ മണല്‍ക്കൂനകള്‍, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിലുള്‍പ്പെട്ട സ്സൈലിഗ് മിച്ചില്‍, കെറി തീരത്തുള്ള വിവിധ ദ്വീപുകള്‍, കടല്‍ എന്നിവയും പുതിയ നാഷണല്‍ പാര്‍ക്കില്‍ ഉള്‍പ്പെടുന്നു.

അയര്‍ലണ്ടിലെ എട്ടാമത്തെ നാഷണല്‍ പാര്‍ക്ക്

നോര്‍ത്ത് കെറിയിലെ കെറി ഹെഡ് ഷോള്‍സ് മുതല്‍ തെക്കന്‍ കെറിയിലെ പുരാതന മൊനാസ്റ്റിക് സൈറ്റായ സൈലിഗ് മിച്ചില്‍ വരെ വ്യാപിച്ചു കിടക്കുന്നതാണ് അയര്‍ലണ്ടിലെ എട്ടാമത്തെ ഈ നാഷണല്‍ പാര്‍ക്ക്.

ഇ യു ഹബിറ്റാറ്റ്സ് ഡയറക്ടീവിനും ഇ യു ബേര്‍ഡ്സ് ഡയറക്ടീവിനും കീഴിലുള്ള പ്രത്യേക സംരക്ഷണ മേഖലകളിലുള്‍പ്പെട്ടതാണ് ഇതിലുള്‍പ്പെട്ട എല്ലാ സൈറ്റുകളും.അതിനാല്‍ ഉയര്‍ന്ന നിയമ പരിരക്ഷയാണ് ഈ പാര്‍ക്കിനുള്ളത്. പൊതുമരാമത്ത് ഓഫീസും ഐറിഷ് ലൈറ്റ്‌സ് കമ്മീഷണര്‍മാരുമാണ് ഈ ദ്വീപുകള്‍ കൈകാര്യം ചെയ്യുന്നത്.

സവിശേഷതകളേറെ

രാജ്യത്ത് വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയ ശുദ്ധജല പേള്‍ ചിപ്പിയുടെ ആവാസകേന്ദ്രം കൂടിയാണ്് ഇവിടുത്തെ മറൈന്‍ പാര്‍ക്ക്. ഡിംഗിള്‍ പെനിന്‍സുലയുടെ തെക്ക് ഭാഗത്തുള്ള ഇഞ്ച് ബീച്ച് സര്‍ഫിംഗിന് പേരുകേട്ടതാണ് വംശനാശഭീഷണി നേരിടുന്ന നാറ്റര്‍ജാക്ക് തവളയുടെ പ്രജനന കേന്ദ്രമെന്ന നിലയില്‍ ബീച്ചിലെ മണല്‍ക്കൂനകള്‍ക്ക് പ്രത്യേക പരിസ്ഥിതി പ്രാധാന്യവുമുണ്ട്.

ഈ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലുകളില്‍ സ്രാവ്, റേ, ഡോള്‍ഫിന്‍, വിസിറ്റിംഗ് തിമിംഗലങ്ങള്‍ എന്നിവയും ഉണ്ട്.അയര്‍ലണ്ടിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ബ്രാന്‍ഡണും ഇവിടെയാണ്.952 മീറ്ററാണ് ഇതിന്റെ ഉയരം. ഇതിന്റെ ഒരു ഭാഗവും പാര്‍ക്കിലുള്‍പ്പെട്ടിട്ടുണ്ട്.

അയര്‍ലണ്ടിലെ ജൈവ വൈവിധ്യത്തിന് മാത്രമല്ല ആഗോളതലത്തിലും നിര്‍ണ്ണായക പ്രാധാന്യമുള്ളതാണ് ഈ പാര്‍ക്കെന്ന് മന്ത്രി നൂനന്‍ പറഞ്ഞു. ഡിംഗിള്‍ പെനിന്‍സുലയില്‍ താമസിക്കുന്ന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പദ്ധതി ബാധിക്കില്ലെന്ന് പൊതുമരാമത്ത് സഹമന്ത്രി വര്‍ക്ക് ഉറപ്പ് നല്‍കുന്നു.പ്രദേശത്തെ ടി ഡിമാരും മറ്റ് ജനപ്രതിനിധികളും ഈ പദ്ധതിയെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

new-national-park-ireland
Advertisment