/sathyam/media/media_files/2025/09/24/vvv-2025-09-24-04-13-00.jpg)
ഡബ്ലിന്‍: അടുത്ത മാസത്തെ ഐറിഷ് ബജറ്റില്‍ സര്‍ക്കാര്‍ നികുതി ഇളവുകള്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വരെയുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.അതിനിടെ സര്‍ക്കാരിനുള്ളില്‍ത്തന്നെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ പേരിലുള്ള തര്‍ക്കങ്ങളും ആശങ്കകളും തുടരുന്നുമുണ്ട്. എന്നിരുന്നാലും ജനപ്രിയ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്.
മന്ത്രിമാരായ പാസ്‌കല്‍ ഡോണോയും ജാക്ക് ചേംബേഴ്സും പ്രഖ്യാപിച്ച 9.4 ബില്യണ്‍ ചെലവ് പാക്കേജിനെ ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ഇ എസ് ആര്‍ഐ) ഐറിഷ് ഫിസ്‌കല്‍ അഡൈ്വസറി കൗണ്‍സിലും (ഐ എഫ് എ സി) വളരെ വിപുലീകരണാത്മകമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിട്ടുണ്ട്. നികുതി ഇളവുകളും ഹോസ്പിറ്റാലിറ്റിയിലെ വാറ്റും പോലുള്ള വിഷയങ്ങളില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ തര്‍ക്കവുമുണ്ട്.എന്നിരുന്നാലും പുത്തന്‍ പ്രതീക്ഷകളുടെ കെട്ടഴിക്കലാകും പുതിയ ബജറ്റെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലയളവില്‍ സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞ 6,8,000ലധികം രക്ഷിതാക്കള്‍ക്കും 6.227 മില്യണ്‍ കുട്ടികള്‍ക്കും ഡബിള്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റുകള്‍ ലഭിച്ചു.ഇത് ഇത്തവണത്തെ ബജറ്റിലുമുണ്ടാകുമെന്നാണ് കരുതുന്നത്.
250 യൂറോയുടെ എനര്‍ജി ക്രെഡിറ്റ് നിര്‍ത്തുന്നത് വോട്ടര്‍മാരില്‍ അസംതൃപ്തിയുണ്ടാക്കുമെന്ന് കരുതുന്നതിനാല്‍ ഈ ബജറ്റിലും അതുള്‍പ്പെടുത്തുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തേര്‍ഡ് ലെവല്‍ ട്യൂഷന്‍ ഫീസില്‍ 1,000 യൂറോയുടെ കുറവ് വരുത്തുമെന്നതും പ്രതീക്ഷയാണ്.2024 ലെ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍, മുന്‍ സാമൂഹിക സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രീസ് രണ്ട് ബോണസ് വീക്ക് വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ നല്‍കിയിരുന്നു.350 മില്യണ്‍ യൂറോ ചെലവു വരുന്ന ഈ പേയ്‌മെന്റുകളില്‍ ഒന്നെങ്കിലും നിലനിര്‍ത്താന്‍ ഇപ്പോഴത്തെ മന്ത്രി ഡാര കൊളറിയറി ശ്രമം നടത്തുന്നുണ്ട്.
ഹോസ്പിറ്റാലിറ്റിയുടെ വാറ്റ് നിരക്ക് 13.5% ല്‍ നിന്ന് 9% ആയി കുറയ്ക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ.ഈ നീക്കത്തിന് ഫിനഗേലിന്റെ ശക്തമായ പിന്തുണയുണ്ട്.ഇതിനായി 1 ബില്യണ്‍ യൂറോ ചെലവാകുമെന്നാണ് കണക്ക്. 1.5 ബില്യണ്‍ യൂറോ നികുതിയുടെ കുറവ് സര്‍ക്കാരിനുണ്ടാകുമെന്നും കരുതുന്നു.
2025ലെ ആദ്യത്തെ എട്ട് മാസങ്ങളില്‍, 23.2 ബില്യണ്‍ യൂറോയുടെ വരുമാന നികുതിയാണ് ഖജനാവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1 ബില്യണ്‍ (4.7%) യൂറോ കൂടുതലാണിത്. എന്നിരുന്നാലും നികുതി ബാന്റുകളും ക്രെഡിറ്റുകളും വര്‍ദ്ധിപ്പിക്കുന്നതിന് 739.5 മില്യണ്‍ യൂറോ ചെലവാകുമെന്ന് ഡെയ്ല്‍ ബജറ്ററി ഓഫീസ് കണക്കാക്കുന്നു.യു എസ് സി വെട്ടിക്കുറവുകള്‍ക്കും മറ്റുമായി 65 മില്യണ്‍ യൂറോ ചെലവാകുമെന്നും കരുതുന്നു.
ബജറ്റില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ മറ്റു ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട് .സാധാരണ നികുതി ക്രെഡിറ്റുകള്‍ 160 യൂറോ മുതല്‍ 200 യൂറോ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. വ്യക്തിഗതവും ജോലിക്കാരുടെയും ക്രെഡിറ്റുകള്‍ ഓരോന്നും 80 മുതല്‍ 100 യൂറോ വരെ ഉയരും.
നിലവില്‍ , 40 ശതമാനം ഉയര്‍ന്ന നികുതി നിരക്ക് ബാധിക്കുന്ന വരുമാനപരിധി വര്‍ദ്ധിപ്പിക്കപ്പെടും. വീടുവായ്പയിലെ പലിശ ഇളവ്, റെന്റ് ക്രെഡിറ്റ് വര്‍ദ്ധനവ് എന്നിവ ഇത്തവണയും സര്‍ക്കാര്‍ പരിഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിനിമം കൂലിയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും
അതോടൊപ്പം, രാജ്യത്തെ വേതനം മണിക്കൂറിന് 14 യൂറോ 15 സെന്റ് വരെയായി ഉയര്‍ത്താനാണ് സാധ്യത.ഇതോടെ യൂറോപ്പിലെ മിനിമം കൂലിയുടെ കാര്യത്തില്‍ നെതര്‍ലാന്‍ഡ്സിനെ (€14.06) പിന്നിലാക്കി അയര്‍ലണ്ട് ,രണ്ടാം സ്ഥാനത്തെത്തും. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മിനിമം കൂലി ലഭിക്കുന്നത്.ഏറ്റവും കൂടുതല്‍ മിനിമം വേജ് നല്‍കുന്നത് ലക്‌സംബര്‍ഗാണ്. ഇവിടെ 15.25യൂറോയാണ് മണിക്കൂറിന് സാലറി നല്‍കുന്നത്.
14 യൂറോ 17 സെന്റ് ?
അതേസമയം തൊഴിലാളി സംഘടനയായ സിപ്റ്റു നല്‍കുന്ന സൂചനകള്‍ അനുസരിച്ച് 14 യൂറോ 17 സെന്റ് എന്ന നിരക്കിലേക്കാവും മിനിമം വേതനം വര്‍ദ്ധിക്കുക. ഐറിഷ് സമ്പദ്വ്യവസ്ഥയിലെ അത്യാവശ്യ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളോട് സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന സൂചനകളാണ് സിപ്റ്റു് പുറത്ത് വിട്ടത്. കുറഞ്ഞ വേതനക്കാരോട് 2026-ല്‍ ജീവിത ചിലവിന് അനുസരിച്ചുള്ള മിനിമം കൂലി ( ലിവിങ് വെജ്) ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാഗ്ദാനം 2029-ലേക്ക് മാറ്റിക്കൊണ്ട്, പതിനായിരക്കണക്കിന് തൊഴിലാളികളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് സിപ്റ്റു് ആരോപിക്കുന്നത്.
മുന്‍കാലത്തെ പോലെ വലിയ ഒറ്റത്തവണ കാഷ് ഇന്‍സെന്റീവ് കുറയും. പകരം, സര്‍ക്കാരിന്റെ സമീപനം കൂടുതല്‍ സുരക്ഷിതവും സ്ഥിരതയുള്ള നിക്ഷേപങ്ങളിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും മാറുമെന്നാണ് സൂചന.