ഡബ്ലിന്‍ : വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരെ കഷ്ടത്തിലാക്കി അയര്‍ലണ്ടില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ തുടര്‍ച്ചയായി മൂന്നാം മാസവും വര്‍ദ്ധിച്ചു.
മാര്‍ച്ച് മാസം മോര്‍ട്ട്ഗേജ് പലിശ നിരക്ക് 2017ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ കണക്കുകള്‍ പറയുന്നു.ഐറിഷ്, യൂറോ സോണ്‍ നിരക്കുകള്‍ തമ്മിലുള്ള അന്തരം 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ വലിയ തലത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
യൂറോ സോണില്‍ ആറാമത്തെ ഉയര്‍ന്ന നിരക്ക്
അയര്‍ലണ്ടില്‍ ശരാശരി 4.31%മായിരുന്നു മോര്‍ട്ട് ഗേജ് പലിശ നിരക്ക്. യൂറോ സോണിലെ ആറാമത്തെ ഉയര്‍ന്ന നിരക്കാണിത്.നേരത്തേ ഏഴാം സ്ഥാനമായിരുന്നു.അതേ സമയം,യൂറോ സോണിലെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് തുടര്‍ച്ചയായ നാലാം മാസവും കുറഞ്ഞു. 3.84%മാണ് ഇപ്പോഴത്തെ നിരക്ക്.
മാള്‍ട്ടയില്‍ കുറവ്
യൂറോ സോണില്‍ മോര്‍ട്ട്ഗേജ് പല രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മാള്‍ട്ടയിലാണ് ഏറ്റവും കുറഞ്ഞ (1.96%)നിരക്ക്.ലാത്വിയയില്‍ ഏറ്റവും കൂടിയ നിരക്ക് (6.16%).
മോര്‍ട്ട്ഗേജ് എഗ്രിമെന്റുകള്‍ കുറഞ്ഞു
മോര്‍ട്ട്ഗേജ് എഗ്രിമെന്റുകളുടെ ആകെ മൂല്യത്തില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് 2% കുറവുണ്ടായി. 630 മില്യണ്‍ യൂറോയായെന്നാണ് സെന്‍ട്രല്‍ ബാങ്ക് കണക്ക്.വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 14%കുറവാണിത്.
പ്രി നെഗോഷ്യേറ്റഡ് മോര്‍ട്ട്ഗേജിലും കുറവുണ്ടായി. മുന്‍ മാസത്തെ 174 മില്യണ്‍ യൂറോയില്‍ നിന്നും മാര്‍ച്ചില്‍ 145 മില്യണ്‍ യൂറോയായാണ് ഇത് കുറഞ്ഞത്.
ഹൗസ് ഹോള്‍ഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറവ്
അതേസമയം,ഹൗസ് ഹോള്‍ഡ് ഓവര്‍നൈറ്റ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് യൂറോ സോണിലേക്കാള്‍ കുറഞ്ഞെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.മാര്‍ച്ചില്‍ 0.13% ആണ് അയര്‍ലണ്ടിലെ നിരക്ക്. യൂറോ സോണില്‍ ഇത് 0.39% ആണ്.
അയര്‍ലണ്ടിലെ മോര്‍ട്ട് ഗേജ് നിരക്കും യൂറോ സോണിലേതും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.അടുത്ത നാളുകളില്‍ എ ഐ ബി, ഇ ബി എസ്, ഹാവെന്‍ എന്നിവയെല്ലാം അവരുടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു. അതേസമയം, പി ടി എസ് ബി അതിന്റെ ഫിക്സഡ് നിരക്ക് ഡിസംബറിന് ശേഷം രണ്ടാം തവണയും വെട്ടിക്കുറച്ചു.
ബാങ്ക് ഓഫ് അയര്‍ലണ്ട്, ലോണ്‍-ടു-വാല്യൂ അനുപാതം പരിഗണിക്കാതെ എല്ലാ ഉപഭോക്താക്കള്‍ക്കും 4.15% എന്ന പുതിയ ഫ്ളാറ്റ് വേരിയബിള്‍ നിരക്കും അവതരിപ്പിച്ചു.മുമ്പ് ചില കേസുകളില്‍ 4.75%മായിരുന്നു നിരക്ക്.