/sathyam/media/media_files/88H5Zv8ZH03scsSYuTqA.jpg)
ഡബ്ലിന്‍ :പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. രണ്ടര വര്‍ഷത്തിനുള്ളില്‍ 10.25% ശമ്പള വര്‍ദ്ധനവ് നല്‍കുന്നതാണ് പുതിയ കരാര്‍. എന്നാല്‍ പുതിയ കരാര്‍ സംബന്ധിച്ച പൊതുമേഖലാ യൂണിയനുകളുടെ തീരുമാനം മാര്‍ച്ച് 25ന് മാത്രമേ അന്തിമമാകൂ. എന്നിരുന്നാലും ശമ്പളവര്‍ധനവിലെ പൊരുത്തക്കേടുകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നുണ്ട്.
തൊഴിലാളി സംഘടനകള്‍ പൊതുവില്‍ കരാറിനെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും ആഗോള വേതന വര്‍ധനവുമായി പൊരുത്തപ്പെടുന്നതല്ല ഈ കരാറെന്ന വിമര്‍ശനം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. പന്തിയില്‍ പക്ഷഭേദം കാട്ടിയെന്ന വിമര്‍ശനവും ശക്തമാണ്. പ്രത്യേകിച്ചും യുവാക്കളെ ശമ്പളക്കരാര്‍ അവഗണിച്ചെന്ന പരാതിയാണ് ഉയരുന്നത്.
ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശമ്പളക്കരാറിനെ പുകഴ്ത്തുമ്പോള്‍ കത്തിക്കയറുന്ന ജീവിതച്ചെലവുകളും മറ്റുമായി ഒത്തുനോക്കുമ്പോള്‍ ഇപ്പോഴത്തെ വേതന വര്‍ധന വലിയ ആഹ്ലാദത്തിന് വകനല്‍കുന്നതല്ലെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. അതേ പോലെ താഴേത്തട്ടിലുള്ള ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്ന അതേ മാതൃകയില്‍ ഭീമമായ തുക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ധനവരുത്തുന്നതിലെ ശരികേടും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തമായി വീടു വാങ്ങാനുള്ള മോര്‍ട്ട്ഗേജെടുക്കാന്‍ പ്രാപ്തമാക്കുന്ന വര്‍ധനവ് ലഭിച്ചാല്‍ മാത്രമേ ശമ്പള വര്‍ധനവ് യഥാര്‍ഥ ജീവിതത്തില്‍ ഗുണം ചെയ്യൂവെന്നും ഇവര്‍ പറയുന്നു.
അതുപോലെ തന്നെ ആംബുലന്‍സ് സര്‍വ്വീസ് പോലെ പ്രത്യേക പ്രശ്നങ്ങള്‍ നേരിടുന്ന വിഭാഗത്തിനും ഗുണകരമായില്ല.ജീവിതച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ മെച്ചമൊന്നും കരാര്‍ നല്‍കുന്നില്ലെന്ന് എച്ച് എസ് ഇ ജീവനക്കാരനായ ഹെന്റി പറയുന്നു. വീടു വാങ്ങാന്‍ കഴിയുന്ന, അതിനായി മോര്‍ട്ട് ഗേജിന് യോഗ്യത നേടാന്‍ കഴിയുന്ന വര്‍ധനവൊന്നും പേ കരാറില്‍ വന്നിട്ടില്ല.’ഇന്ധനം, വൈദ്യുതി, ഗ്യാസ് എന്നിവയുടെ ഉയര്‍ന്ന വില,വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കരാര്‍ പരിഹാരം നിര്‍ദേശിക്കുന്നില്ല.
നഴ്സുമാരും അധ്യാപകരും ശമ്പള വര്‍ധനവില്‍ തൃപ്തിയുള്ളവരല്ല.ഒരു വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്ന ശമ്പള വര്‍ധനവൊന്നുമുണ്ടായിട്ടില്ലെന്നാണ് അധ്യാപകരുടെ വാദം.ഒരു വര്‍ഷം നാല് ശതമാനം വര്‍ധനവെന്നത് ആകര്‍ഷകമായ ഒന്നല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഉയര്‍ന്ന പേമെന്റ് ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വലിയ മെച്ചമുണ്ടാക്കുന്നതാണ് കരാറെന്ന് ഒരു വിഭാഗം പറയുന്നു.ഇവര്‍ക്ക് ഇനിയും ശമ്പളം കൂട്ടേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക വര്‍ധന ശമ്പളത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായമുള്ളവരും ഏറെയാണ്. ഡബ്ലിനിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ മറ്റുള്ളവരേക്കാള്‍ ജീവിതച്ചെലവ് കൂടുതലാണെന്ന് ഇവര്‍ വിശദമാക്കുന്നു. പ്രത്യേകിച്ച് ശിശുപരിപാലനമടക്കമുള്ള ജീവിതച്ചെലവ് കുറയ്ക്കുന്നതിന് വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള കാലതാമസം, ആംബുലന്‍സ് സര്‍വീസുകാര്‍ക്കുള്ള കുറഞ്ഞ വേതനം എന്നിങ്ങനെയുള്ള പ്രത്യേക പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ പാരാമെഡിക്ക് വിഭാഗവും ശമ്പളക്കരാറില്‍ അസംതൃപ്തരാണ്.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ അടക്കമുള്ള വിദേശ തൊഴിലാളികളും ,പ്രൈവറ്റ് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളും , അവരുടെ മേഖലകളിലും ശമ്പള വര്‍ദ്ധനവ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, സംഘടിത ട്രേഡ് യൂണിയനുകളുടെ അഭാവത്താല്‍ അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ എത്തിക്കാനുളള അവസരം പോലുമുണ്ടാവുന്നുമില്ല എന്നതും അസമത്വം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us