ഐറിഷ് ബീഫ് വേണം, ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് അയര്‍ലണ്ട് ഡബ്ലിനില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhfbsjfbsjfsfi

ഡബ്ലിന്‍ : ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹം ഡബ്ലിനിലെത്തിയത്. രോഗബാധയെ തുടര്‍ന്ന് നിര്‍ത്തിയ ചൈനയിലേക്കുള്ള ഐറിഷ് ബീഫ് കയറ്റുമതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ലിയോ വരദ്കറും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.ഇരു നേതാക്കളും ഫാംലീ ഹൗസിലാകും കൂടിക്കാഴ്ച നടത്തുക.

Advertisment

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചതിന് ശേഷമാണ് ലി അയര്‍ലണ്ടിലെത്തുന്നത്. 2017ല്‍ ഷിക്ക് ശേഷം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഉയര്‍ന്ന ചൈനീസ് പ്രതിനിധിയാണ് ഇദ്ദേഹം.

നവംബറില്‍ മാരകമായ ബോവിന്‍ സ്പോങ്കിഫോം എന്‍സെഫലോപ്പതി (ഭ്രാന്തന്‍ പശു രോഗം) കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയര്‍ലണ്ടില്‍ നിന്ന് ചൈനയിലേക്കുള്ള ബീഫ് കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയത്. സര്‍ക്കാരിന്റെ സെന്‍ട്രല്‍ വെറ്ററിനറി റിസര്‍ച്ച് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ബി എസ് ഇ കേസ് സ്ഥിരീകരിച്ചത്. 2020ലും ഇത്തരം രോഗം കണ്ടെത്തിയിരുന്നു. പൊതുജനാരോഗ്യത്തിന് അപകടം വരുത്തുന്നവയൊന്നും ഐറിഷ് ബീഫില്‍ ഇല്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും കയറ്റുമതി എപ്പോള്‍ പുനരാരംഭിക്കാമെന്ന് ചൈനീസ് അധികൃതരാണ് തീരുമാനിക്കേണ്ടത്.

ഐറിഷ് ബീഫ് കയറ്റുമതി പുനരാരംഭിക്കുന്നത് ചര്‍ച്ചയിലെ അജണ്ടയിലുണ്ടാകുമെന്ന് ഏഷ്യാ മാറ്റേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ട്ടിന്‍ മുറെ പറഞ്ഞു. ഈ ചര്‍ച്ച അയര്‍ലണ്ട്-ചൈന ബന്ധത്തിലെ നാഴികക്കല്ലാകുമെന്ന് ഇദ്ദേഹം പറഞ്ഞു.

2012ല്‍ ഷിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തെത്തുടര്‍ന്ന് ചൈനയിലേക്കുള്ള ഐറിഷ് കയറ്റുമതി റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. ചൈനയിലേക്കുള്ള രാജ്യത്തിന്റെ ബീഫ് കയറ്റുമതി 2019ല്‍ 40 മില്യണ്‍ യൂറോയായി ഉയര്‍ന്നു. വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു മൂന്നു ദിവസത്തെ വ്യാപാര സന്ദര്‍ശനം.അയര്‍ലണ്ടിലെ മാട്ടിറച്ചിയുടെ 90 ശതമാനവും രാജ്യത്തുനിന്നും കയറ്റുമതി ചെയ്യുകയാണ്.

അയര്‍ലണ്ടിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. രാജ്യത്തിന്റെ അഞ്ചാമത്തെ ഏറ്റവും വലിയ ചരക്ക് കയറ്റുമതി വിപണിയും ഏഴാമത്തെ സര്‍വ്വീസ് എക്സ്പോര്‍ട്ട് ഡസ്റ്റിനേഷനുമാണ് ചൈന. ഉഭയകക്ഷി വ്യാപാരം 2014ല്‍ 3.7ബില്യണ്‍ യൂറോയായിരുന്നത് ഒരു ദശാബ്ദത്തിനുള്ളില്‍ 25.3 ബില്യണ്‍ യൂറോയായി വര്‍ധിച്ചു. ചൈനയിലേക്കുള്ള കയറ്റുമതി 14 ബില്യണ്‍ യൂറോയായി വര്‍ധിച്ചു. കാര്‍ഷിക-ഭക്ഷ്യ മേഖലയില്‍ നിന്നുള്ള കയറ്റുമതിയില്‍ നിന്നുമാത്രം 722 മില്യണ്‍ യൂറോ കൈവരിക്കാനായി. ദശാബ്ദത്തിനുള്ളില്‍ 76 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്.

Chinese Prime Minister Li Qiang
Advertisment